നിമിഷ പ്രിയയ്ക്ക് മാപ്പ് നല്‍കാനുള്ള ശ്രമങ്ങള്‍ അവരുടെ കുടുംബം മാത്രമേ നടത്താവൂ എന്നും ബാഹ്യ സംഘടനകളുടെ ഇടപെടല്‍ ഗുണം ചെയ്യില്ലെന്നും കേന്ദ്ര സര്‍ക്കാര്‍

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ നഴ്‌സ് നിമിഷ പ്രിയയ്ക്ക് മാപ്പ് നല്‍കാനുള്ള ശ്രമങ്ങള്‍ അവരുടെ കുടുംബം മാത്രമേ നടത്താവൂ എന്നും ബാഹ്യ സംഘടനകളുടെ ഇടപെടല്‍ ഗുണം ചെയ്യില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. നിമിഷ പ്രിയയുടെ കുടുംബം മാത്രമേ ഇരയുടെ ബന്ധുക്കളുമായി ചര്‍ച്ചകള്‍ നടത്താവൂവെന്നും നല്ല ഉദ്ദേശ്യത്തോടെയാണെങ്കില്‍ പോലും പുറത്തുനിന്നുള്ള ആരും ഇതില്‍ ഉള്‍പ്പെടരുതെന്നും അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി നിര്‍ദേശിച്ചു. കുടുംബത്തിന് ഇതിനകം തന്നെ പവര്‍ ഓഫ് അറ്റോര്‍ണിയെ നിയമിച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
കുടുംബം മാത്രമാണ് ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തേണ്ടത്, സദുദേശ്യത്തോടെയാണെങ്കില്‍ പോലും പുറത്തുനിന്നുള്ള ആരും അതില്‍ ഇടപെടുന്നത് നന്നാകില്ലെന്ന് അറ്റോര്‍ണി ജനറല്‍ വെങ്കിട്ടരമണി സുപ്രീം കോടതിയില്‍ പറഞ്ഞതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
38 കാരിയായ നിമിഷ പ്രിയയുടെ മോചനം പരിഗണിക്കണമെന്ന് യെമനിലെ പണ്ഡിതരോട് മതനേതാവ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതേസമയം, കാന്തപുരത്തിന്റെ ഇടപെടലിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ ഒഴിഞ്ഞുമാറിയിരുന്നു. ജൂലൈ 16 ന് നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്ന വധശിക്ഷ മാറ്റിവച്ചിരുന്നു. ഇറാന്‍ പിന്തുണയുള്ള ഹൂത്തി സേനയുടെ നിയന്ത്രണത്തിലുള്ള യെമന്‍ തലസ്ഥാനമായ സനയിലെ ജയിലിലാണ് നിമിഷപ്രിയ ഇപ്പോള്‍ തടവില്‍ കഴിയുന്നത്.
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സ്വദേശിയായ നഴ്‌സ്, 2017 ജൂലൈയില്‍ ഒരു യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2020ല്‍ യെമന്‍ കോടതി വധശിക്ഷ വിധിച്ചു. 2023 നവംബറില്‍ രാജ്യത്തെ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ അവരുടെ അപ്പീല്‍ നിരസിച്ചു.
https://www.facebook.com/Malayalivartha