കുവൈത്ത് വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ അവയവങ്ങള്‍ ദാനം ചെയ്തു

കുവൈത്ത് വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ അവയവങ്ങള്‍ ദാനം ചെയ്തു. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച 12 പേരില്‍ 10 പേരുടെ കുടുംബങ്ങള്‍ അവയവദാനത്തിന് സമ്മതിച്ചു. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച ഇരകളുടെ കുടുംബങ്ങളുടെ അംഗീകാരത്തോടെയാണ് കുവൈത്തില്‍ അവയവദാനം നടന്നത്.
അവരുടെ അവയവങ്ങള്‍ മറ്റ് രോഗികള്‍ക്ക് മാറ്റിവെച്ചിട്ടുണ്ടെന്ന് കുവൈത്ത് അവയവ മാറ്റിവെക്കല്‍ കേന്ദ്രം ചെയര്‍മാനും പ്രശസ്ത സര്‍ജനും ആയ ഡോ. മുസ്തഫ അല്‍ മൗസവി കെടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 20 വൃക്കകള്‍ ,3 ഹൃദയങ്ങള്‍, 4 കരള്‍, 2 ശ്വാസകോശങ്ങള്‍ (ഒന്നിന് മാത്രമേ പ്രവര്‍ത്തനക്ഷമത ഉണ്ടായിരുന്നുള്ളു) എന്നിവയാണ് സ്വീകരിച്ചത്.
ഹൃദയവും വൃക്കയും കുവൈത്തില്‍ തന്നെയും, കരള്‍ മാറ്റിവെക്കല്‍ ചികിത്സ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതിനാല്‍ അബുദാബിയിലേക്ക് അയച്ചും ചികിത്സ നടന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ മൂന്നു കുവൈത്തി രോഗികള്‍ക്ക് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെന്ന് കാര്‍ഡിയാക് സര്‍ജന്‍ ഡോ. ബദര്‍ അല്‍ അയ്യദ് അറിയിച്ചു. ഒരു ദാരുണ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ എടുത്ത ധീരമായ തീരുമാനമാണ് ഇന്ന് മറ്റൊരുപാട് രോഗികള്‍ക്ക് പുതു ജീവന്‍ നല്‍കിയത്. കുവൈത്തിലെ ആരോഗ്യ രംഗത്ത് ഇത് വലിയ മാനുഷിക സന്ദേശമായി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha