നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ തീയതി നിശ്ചയിക്കണമെന്ന് തലാലിന്റെ സഹോദരന്‍

യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അറ്റോര്‍ണി ജനറലിന് കത്തയച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മെഹ്ദി. ഇതുവരെ നടന്ന എല്ലാ മധ്യസ്ഥ ചര്‍ച്ചകളെയും തളളുന്നുവെന്നും വധശിക്ഷ നീട്ടിവച്ചിട്ട് അരമാസം പിന്നിടുവെന്നും കത്തില്‍ പരാമര്‍ശിക്കുന്നു. സമൂഹമാധ്യമത്തിലൂടെ കത്തിന്റെ പകര്‍പ്പും അദ്ദേഹം പങ്കുവച്ചു. പ്രതിബന്ധങ്ങള്‍ എത്ര തീവ്രമായാലും മുന്നോട്ട് പോകുമെന്നും വധശിക്ഷ നടപ്പിലാക്കണമെന്നുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സമൂഹമാധ്യമത്തില്‍ മെഹ്ദി കുറിച്ചു.
'നീതിയിലേക്കുള്ള പാത നന്നായി അറിയാം. പ്രതികാരം ചെയ്താല്‍ മാത്രമേ അടിച്ചമര്‍ത്തപ്പെട്ടവരുടെ അന്തസ് വീണ്ടെടുക്കാന്‍ കഴിയൂ. ആരുടെയും ശുപാര്‍ശയ്‌ക്കോ അനുവാദത്തിനോ കാത്തിരിക്കുന്നില്ല. മുറിവേറ്റ മനസോടെയാണ് ഞങ്ങള്‍ ഈ തീരുമാനമെടുത്തത്. പ്രതിബന്ധങ്ങള്‍ എത്ര തീവ്രമായാലും ഞങ്ങള്‍ മുന്നോട്ട് പോകും. ഞങ്ങളുടെ പാത വ്യക്തമാണ്, ഞങ്ങളുടെ നിലപാട് ഉറച്ചതാണ്. പ്രതികാരം ഞങ്ങളുടെ മാത്രം ആവശ്യമാണ്…' എന്ന് മെഹ്ദി സമൂഹമാധ്യമത്തില്‍ കുറിച്ചു.
എന്നാല്‍ സമൂഹമാധ്യമ പോസ്റ്റിനു താഴെ സമ്മിശ്ര പ്രതികരണമാണ് ജനങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വധശിക്ഷ ശരിയായ നടപടിയല്ലെന്നും റദ്ദാക്കണമെന്നും ഒരു കൂട്ടം ജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ചിലര്‍ മെഹ്ദിയുടെ തീരുമാനങ്ങളെ അനുകൂലിച്ചും അഭിപ്രായം പങ്കുവച്ചിട്ടുണ്ട്. വധശിക്ഷ മരവിപ്പിക്കുവാനുള്ള ഇടപെടലുകള്‍ ശക്തമായി പുരോഗമിക്കുന്നതിന്റെ ഇടയിലാണ് തലാലിന്റെ സഹോദരന്‍ അധികാരികള്‍ക്ക് കത്തയക്കുന്നത്. ഇതിനു മുന്‍പും അധികാരികള്‍ക്ക് മെഹ്ദി കത്തയച്ചതായി വിവിധ വൃത്തങ്ങള്‍ അറിയിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് മെഹ്ദിയുടെ ഈ കത്ത് എത്രമാത്രം തിരിച്ചടിയാകുമെന്നത് ആശങ്കാജനകമാണ്. മെഹ്ദിയ്ക്ക് ഈ കേസില്‍ ഇനിയും നിയമ സാധ്യതയുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
കൊല്ലപ്പെട്ട യമന്‍ പൗരന്റെ അനന്തരാവാകാശികളുടെ പട്ടികയില്‍ ആദ്യ സ്ഥാനത്തുള്ളവര്‍ നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ യമനി പണ്ഡിതന്മാരോട് സമ്മതമറിയിച്ചിരുന്നു. ദിയാധനം ഉള്‍പ്പടെയുള്ള മറ്റു കാര്യങ്ങളില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ഇതില്‍ അന്തിമ തീരുമാനമായ ശേഷം സനായിലെ കോടതിയെ അറിയിക്കുമെന്നാണ് കാന്തപുരത്തെ അറിയിച്ചത്.
ഈയൊരു സാഹചര്യത്തില്‍ അനന്തരാവകാശികളില്‍ ഒരാള്‍ മാത്രമായ സഹോദരന്റെ എതിര്‍പ്പിന് പ്രസക്തിയില്ലന്നാണ് സൂചന. ശരീഅത്ത് നിയമ പ്രകാരം അനന്തരാവകാശികളില്‍ ഒരാളെങ്കിലും പ്രതിക്ക് മാപ്പ് നല്‍കിയാല്‍ വധശിക്ഷയില്‍ ഇളവ് ലഭിക്കും. ഇത് നിമിഷയ്ക്ക് അനുകൂലമാകുമെന്നാണ് മധ്യസ്ഥ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നവര്‍ പ്രതീക്ഷിക്കുന്നത്. മധ്യസ്ഥ ചര്‍ച്ചകളുടെ ഫലമായി നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാനുള്ള ധാരണയിലെത്തി എന്ന വിവരങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഈ വാദത്തെ കേന്ദ്രം തള്ളിയിരുന്നു.
https://www.facebook.com/Malayalivartha