ഓസ്ട്രേലിയയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി സഹോദരിമാര്‍ മരിച്ചു; അഞ്ജുവിന്റേയും ആശയുടേയും വേര്‍പാടില്‍ തീരാദു:ഖത്തോടെ കുടുംബം
കേരളത്തെ നടുക്കി മറുനാട്ടില്‍ ഒരു വാഹനാപകടം. ഓസ്ട്രേലിയയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി സഹോദരിമാര്‍ മരിച്ചു. ഏറ്റുമാനൂരിനടുത്തു കാണക്കാരി പ്ലാപ്പള്ളില്‍ പി.എം. മാത്യു (ബേബി)വിന്റെയും ആലീസിന്റെയും മക്കളായ അഞ്ജു(24), ആശ(18) എന്നിവരാണു മരണമടഞ്ഞത്. ഓസ്ട്രേലിയയിലെ ബ്രിസ്ബനിനു സമീപം ഇന്ത്യന്‍ സമയം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരേവന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നെന്നാണു നാട്ടില്‍ ലഭിച്ച വിവരം. അഞ്ജുവായിരുന്നു കാര്‍ ഓടിച്ചിരുന്നത്.
അഞ്ജുവും സഹോദരിമാരായ അനു, എബി എന്നിവരും ബ്രിസ്ബനില്‍ നഴ്സ്മാരായി ജോലി ചെയ്യുകയാണ്. ഇളയ സഹോദരിയായ ആശ പ്ലസ്ടു കഴിഞ്ഞ് നഴ്സിങ് പഠനത്തിനായി രണ്ടു മാസം മുമ്പാണ് ഓസ്ട്രേലിയയില്‍ അഞ്ജുവിന്റെ അടുത്തെത്തിയത്. തങ്ങളോടൊപ്പം വീട്ടില്‍ ഉണ്ടായിരുന്ന സഹോദരി അനുവിനെ അവരുടെ താമസസ്ഥലത്താക്കിയശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. കാറില്‍ അഞ്ജുവും ആശയും മാത്രമാണുണ്ടായിരുന്നത്.
ആലീസിന്റെ മാതൃസഹോദരന്‍ ഓസ്ട്രേലിയയില്‍ ഉണ്ടായിരുന്ന ഫാ. ജോര്‍ജ് കൊണ്ടൂക്കാലയാണ് അപകടവിവരം നാട്ടില്‍ അറിയിച്ചത്.
അഞ്ചു വര്‍ഷമായി അഞ്ജു ഓസ്ട്രേലിയയിലാണ്. അവിടെയായിരുന്നു അഞ്ജുവിന്റെ നഴ്സിങ് പഠനവും. മൂത്ത സഹോദരി എബിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ഒന്നര വര്‍ഷം മുമ്പാണ് അഞ്ജു നാട്ടിലെത്തി മടങ്ങിയത്.
ദീര്‍ഘകാലം മസ്കറ്റില്‍ ജോലിയിലായിരുന്ന മാത്യു നാട്ടിലെത്തിയിട്ട് അഞ്ചു വര്‍ഷം ആകുന്നതേയുള്ളു. എബിയുടെ ഭര്‍ത്താവ് അനീഷും ഓസ്ട്രേലിയയില്‍ നഴ്സ് ആണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha