പാലുകുടിക്കാന്‍ വിസമ്മതിച്ചത് പ്രകോപനമായത്രെ... പാല് കുടിക്കാത്തതിന് അച്ഛനമ്മമാര്‍ മക്കളെ കൊല്ലുമോ? കണ്ണിരോടെ മൂന്നുവയസുകാരിയെ ദത്ത് നല്‍കിയവര്‍

ബീഹാറിലെ നാളന്ദയില്‍ നിന്നു ദത്തെടുത്ത മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ടതായി തെളിഞ്ഞതോടെ ദത്തുനല്‍കിയ അനാഥാലയത്തിലെ പഴയ അന്തേവാസികള്‍ കണ്ണീരോടെയാണ് ഓര്‍ക്കുന്നത്. കുഞ്ഞ് ഷെറിനെ അമേരിക്കക്കാര്‍ ദത്തെടുത്തപ്പോള്‍ അവളുടെ ഭാവി രക്ഷപ്പെട്ടു എന്നാണ് കരുതിയത്. ആരോ ഉപേക്ഷിച്ചപ്പോഴും ദൈവം കൈവെടിഞ്ഞില്ലെന്നായിരുന്നു അവരുടെ ആശ്വാസം. എന്നാല്‍ ഷെറിന്റെ മരണ വാര്‍ത്ത അവരെ ഞെട്ടിച്ചു. പാല് കുടിക്കാത്തതിനാല്‍ കൊന്നത്രെ. പാല് കുടിക്കാത്തതിനാല്‍ അച്ഛനമ്മമാര്‍ കുട്ടികളെ കൊല്ലുമോ. മാത്രമല്ല പാല് ഷെറിന് വലിയ ഇഷ്ടമാണെന്നാണ് അവര്‍ സാക്ഷ്യപ്പെടുത്തുന്നത്.
നാളന്ദയിലെ മദര്‍ തെരേസ അനാഥ് സേവ ആശ്രമത്തില്‍നിന്നു രണ്ടുവര്‍ഷം മുന്‍പാണ് എറണാകുളം സ്വദേശികളായ വെസ്ലി മാത്യൂസും ഭാര്യ സിനിയും കുട്ടിയെ ദത്തെടുത്തത്. കുട്ടിയെ യുഎസിലേക്കു കൊണ്ടുപോവുകയും പേര് ഷെറിന്‍ മാത്യൂസ് എന്നു മാറ്റുകയും ചെയ്യുകയായിരുന്നു.
അതേസമയം ബിഹാറിലെ ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ പൊലീസ് നിരീക്ഷണത്തില്‍ ആയി. കുട്ടിയെ ദത്തെടുത്തതു നടപടിക്രമങ്ങള്‍ പാലിച്ചാണോ എന്നതു സംബന്ധിച്ച് നാളന്ദ ജില്ലാ മജിസ്‌ട്രേട്ട് എസ്.എം. ത്യാഗരാജന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. മരണം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും യുഎസില്‍നിന്നോ കേന്ദ്ര സര്‍ക്കാരില്‍നിന്നോ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍നിന്നു കുട്ടികളെ ദത്തുനല്‍കുന്നതു പലപ്പോഴും പൊലീസിന്റെ അറിവോടെയല്ലെന്നു നാളന്ദ ജില്ലാ പൊലീസ് സൂപ്രണ്ട് സുധീര്‍ കുമാര്‍ പോരിഖ പറഞ്ഞു. കൊലപാതകം നടന്നതു വിദേശത്തായതിനാല്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ടാണ് സംഭവത്തില്‍ ഇടപെടുക.
അതേസമയം ഷെറിന്റെ വെസ്‌ലി മാത്യൂസിന്റെ പുതിയ മൊഴി പുറത്തായി. പാല്‍ കുടിപ്പിക്കാനുള്ള ശ്രമത്തിനിടെ പ്രകോപിതനായ താന്‍ കുട്ടിയെ കഴുത്തു ഞെരിച്ചു കൊന്നുവെന്നാണ് മൊഴി. ഈ സമയം ഭാര്യയും നേഴ്‌സുമായ സിനി ഉറക്കത്തിലായിരുന്നു. സിനിയെ അറിയിക്കാതെ മൃതദേഹം പുറത്ത് ഉപേക്ഷിച്ചുവെന്നാണ് കുറ്റ സമ്മത മൊഴി. എന്നാല്‍ ഇത് പൂര്‍ണ്ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. നേഴ്‌സായ ഭാര്യയെ വീട്ടില്‍ നടന്നതൊന്നും അറിയിച്ചില്ലെന്ന വെളിപ്പെടുത്തല്‍ അവിശ്വസനീയമാണ്. എന്നാല്‍ സിനിക്കെതിരെ പൊലീസിന് തെളിവൊന്നും കിട്ടിയിട്ടില്ല. ചോദ്യം ചെയ്യലുമായി അവര്‍ സഹകരിക്കുന്നുമില്ല. അതിനിടെ മരിച്ചത് ഷെറിന്‍ തന്നെയാണെന്ന് പൊലീസിനോട് വ്യക്തമാക്കിയതും സിനിയാണ്.
ശ്വാസംമുട്ടിയാണു കുട്ടി മരിച്ചത്. പാല്‍ കുടിപ്പിക്കുന്നതിനിടെയുള്ള പ്രശ്‌നമായിരുന്നു ഇതിന് കാരണം. കഴുത്തു ഞെരിച്ചപ്പോള്‍ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്ലി മൊഴി നല്‍കി. പുതിയ മൊഴിയെത്തുടര്‍ന്നാണ് വെസ്ലിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പാലു കുടിക്കാത്തതിനു പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നാണു ആദ്യമൊഴി. അന്നു വെസ്‌ലിയെ അറസ്റ്റു ചെയ്‌തെങ്കിലും ജാമ്യത്തില്‍ വിട്ടിരുന്നു. വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടയില്‍നിന്നു കണ്ടെടുത്ത മൃതദേഹം ഷെറിന്റെതാണെന്ന് ഉറപ്പായ സാഹചര്യത്തിലാണു വെസ്‌ലി മാത്യൂസ് മൊഴി മാറ്റിയത്. ഈ സാഹചര്യത്തില്‍ വെസ്‌ലി മാത്യൂസിനെതിരെ കൊലക്കുറ്റം ചുമത്തും.
റിച്ചാര്‍ഡ്‌സണ്‍ സിറ്റി ജയിലിലാണ് ഷെറിന്‍ മാത്യുസാ ഇപ്പോഴുള്ളത്. കേസില്‍ സിനി മാത്യൂസിന് പങ്കുണ്ടോയെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. എങ്ങനെയാണ് കുട്ടി മരിച്ചതെന്ന് ഇതുവരെ പൊലീസിന് സ്ഥിരീകരിക്കാനായിട്ടില്ല. അതിന് ശേഷമാകും കുട്ടിയുടെ മരണത്തില്‍ അന്തിമ നിലപാടില്‍ പൊലീസ് എത്തുക. അതിനിടെ കുട്ടിയുടെ മരണത്തില്‍ അയല്‍വാസികളും പള്ളി അധികാരികളുമെല്ലാം ഞെട്ടലിലാണ്. സണ്‍ഡേ സ്‌കൂളില്‍ മുടങ്ങാതെ എത്തുന്ന ഊഷ്മളമായ പുഞ്ചിരിയെയാണ് നഷ്ടമായതെന്നാണ് പള്ളി അധികാരികള്‍ കുട്ടിയുടെ മരണത്തോട് പ്രതികരിച്ചത്.
ഷെറിന്‍ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ നയിച്ചതു വെസ്ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റില്‍നിന്നു ലഭിച്ച ഡിഎന്‍എ സാംപിളുകളാണ്. കണ്ടെത്തിയ മൃതദേഹം ഷെറിന്റേതു തന്നെയാണെന്നാണു പൊലീസിന്റെ നിഗമനമെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഈ മാസം ഏഴിനു വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണിലെ വീട്ടില്‍നിന്നാണു ഷെറിനെ കാണാതായത്. ഞായറാഴ്ചയാണു പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ വച്ചുതന്നെ കൊലപാതകം നടന്നുവെന്ന നിഗമനത്തിലാണു പൊലീസ്. വീട്ടില്‍നിന്ന് അഞ്ചു മൊബൈല്‍ ഫോണുകള്‍, മൂന്നു ലാപ്‌ടോപ്, ഒരു ടാബ്, ഒരു ക്യാമറ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha