ബഹ്റെനില്‍ മലയാളി ജീവനൊടുക്കിയ നിലയിൽ
ബഹ്റെനില്‍ മലയാളിയായ ജ്വല്ലറി ജീവനക്കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാലക്കാട് വാടാനംകുറിശ്ശി കണയം അനില്‍കുമാര്‍(34) നെയാണ് മുറിയിലെ സീലിംഗില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മനാമ ഹിദ്ദിലെ ഹൈപ്പര്‍മാര്‍ക്കറ്റിന് സമീപത്തെ താമസ സ്ഥലത്തായിരുന്നു ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം അത്യാവശ്യകാര്യത്തിനെന്ന് പറഞ്ഞ് അവധിഎടുത്ത പോയ ഇയാളെ വൈകിട്ട് സഹപ്രവര്‍ത്തകര്‍ താമസ സ്ഥലത്ത് ചെന്നപ്പോഴും കാണാത്തതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ല. പിന്നീടാണ് മുകളിലെ നിലയില്‍ സാധാരണ ഫോണ്‍ ചെയ്യാന്‍ വേണ്ടി ചെന്നിരിക്കുന്ന മുറിയിലെ സീലിംഗില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവം ഉടൻ തന്നെ പോലീസിൽ അറിയിക്കുകയും സല്‍മാനിയ ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് എത്തിയ ശേഷം മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു.
അഞ്ച് വര്‍ഷത്തോളമായി ബഹ്റൈനില്‍ ജോലി ചെയ്യുകയായിരുന്ന അനില്‍ മൂന്ന് മാസം മുൻപാണ് വിവാഹാലോചനയ്ക്ക് വേണ്ടി നാട്ടില്‍ പോയി വന്നത് . വിവാഹം നടക്കാത്തതിനാല്‍ പൊതുവെ നിരാശനായിരുന്നുവെന്ന് കരുതുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha