ത്വക്കിലെ ഈര്‍പ്പനില കണക്കാക്കുന്നതിന് വിദൂര സെന്‍സിംഗ് വിദ്യ ഉപയോഗപ്പെടുത്തുന്നു യു.എ.ഇ സര്‍വകലാശാല

മനുഷ്യ ചര്‍മത്തിലെ ഈര്‍പ്പനില കണക്കാക്കുന്നതിന് സംവിധാനം വികസിപ്പിച്ചതായി യു.എ.ഇ സര്‍വ്വകലാശാല അറിയിച്ചു. ശസ്ത്രക്രിയ നടത്താതെ തന്നെ ചര്‍മത്തിലെ ഈര്‍പ്പം പരിശോധിച്ച് മനുഷ്യന്റെ ആരോഗ്യനില നിരീക്ഷിക്കാന്‍ തങ്ങളുടെ ഗവേഷണ സംഘം വികസിപ്പിച്ച സംവിധാനത്തിലൂടെ സാധിക്കുമെന്നും സര്‍വകലാശാല അവകാശപ്പെട്ടു.
വിദൂര സെന്‍സിംഗ് വിദ്യകളിലൂടെയാണ് ചര്‍മത്തിന്റെ അവസ്ഥ മനസ്സിലാക്കുന്നത്. വ്യത്യസ്ത തരംഗദൈര്‍ഘ്യമുള്ള പ്രകാശം ലെഡ് വിളക്കുകള്‍, ഓപ്റ്റിക്കല്‍ സെന്‍സറുകള്‍ എന്നിവ ഉപയോഗിച്ച് മനുഷ്യ ശരീരത്തിലേക്ക് കടത്തിവിട്ട്, പ്രതിഫലിക്കുന്ന വികിരണത്തെ അവലോകനം ചെയ്ത് ചര്‍മപാളികളിലെ ജലാംശം അളന്നാണ് മനുഷ്യന്റെ ആരോഗ്യനില അറിയുന്നതെന്ന് സര്‍വകലാശാലയിലെ വിവരസാങ്കേതിക വിദ്യ കോളജ് നെറ്റ് വര്‍ക് എന്ജിനീയറിങ് വിഭാഗം അംഗം ഡോ. നജാഹ് അബു അലി പറഞ്ഞു.
തുടര്‍ച്ചയായ ഛര്‍ദിയും വയറിളക്കവുമുള്ള കുട്ടികളുടെ ശരീരത്തിലെ ജലാംശനില കണക്കാക്കി രക്ഷിതാക്കളുടെ മൊബൈല്‍ ഫോണിലേക്ക് സന്ദേശം കൈമാറാനും ഈ സംവിധാനത്തിന് സാധിക്കും. തൊലിയുടെ വരള്‍ച്ച കണക്കാക്കാനും സ്മാര്‍ട്ട് വാച്ച് പോലെ ഹൃദയമിടിപ്പ് നിരക്ക് അറിയാനും ഇത് ഉപകരിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. 2020-ഓടെ ഈ പ്രോജക്ട് പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.
യു. എ.ഇ സര്‍വകലാശാലക്ക് പുറമെ ലണ്ടന്‍ ക്വീന്‍ മേരി സര്‍വ്വകലാശാല, സ്‌കോട്ട്‌ലാന്‍ഡ് ഗ്ലാസ്‌ഗോ സര്‍വ്വകലാശാല എന്നിവയിലെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, മെഡിസിന്‍, ബയോമെഡിക്കല്‍ എന്ജിനീയറിങ്, ബയോസയന്‍സ്, ഓപ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‌സ് തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധരുടെ പങ്കാളിത്തത്തോടെയാണ് ഗവേഷണം.
https://www.facebook.com/Malayalivartha