ലോക ആരോഗ്യ സംഘടനയുടെ സഹായത്തോടെ കാര്യക്ഷമമായ പരിശോധനകള്‍ നടത്തി നിപ അകറ്റാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം ; ഗള്‍ഫ് രാജ്യങ്ങള്‍ തീരുമാനങ്ങള്‍ കടുപ്പിക്കുന്നതിന് മുന്‍പ് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിക്ക് പ്രവാസി മലയാളി സാമൂഹ്യപ്രവർത്തകയുടെ കത്ത്

കേരളത്തിലെ നിപ വൈറസ് ബാധയിൽ ദുരിതത്തിലായി പ്രവാസി മലയാളികൾ. റമദാനും പെരുന്നാളും വേനലവധിയും അടുത്തുവന്നതിനാല്‍ നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്ന പലർക്കും ഇത് തിരിച്ചടിയായി. നിപ വൈറസ് ബാധയെ തുടര്‍ന്ന് കേരളത്തില്‍ വരാന്‍ കഴിയാതെ പലരും യാത്ര റദ്ദാക്കാന്‍ നിര്‍ബന്ധിതരാകുകയാണ് ഭൂരിഭാഗം പേരും. ഈ അവസരത്തിലാണ് തങ്ങളുടെ ദുരിതം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പ്രവാസി സാമൂഹിക പ്രവര്‍ത്തക റെമീല സുഖ് ദേവ് കത്തയച്ചിരിക്കുന്നത്.
നിപയെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങള്‍ തീരുമാനങ്ങള്‍ കടുപ്പിക്കുന്നതിന് മുന്‍പ് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമായും കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നു. നിപ വൈറസിന് കാരണം എന്താണെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ലാത്തത് പ്രവാസികളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇതുസംബന്ധിച്ചുള്ള കാര്യങ്ങള്‍ വിശദമാക്കണമെന്നും ലോക ആരോഗ്യ സംഘടനയുടെ സഹായത്തോടെ കാര്യക്ഷമമായ പരിശോധനകള്‍ നടത്തി രോഗമകറ്റാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നു.
യുഎഇ, ബഹ്‌റൈന്‍ രാജ്യങ്ങള്‍ ഇതിനകം തന്നെ പ്രശ്‌നത്തില്‍ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. കേരളത്തില്‍ നിന്നുള്ള പച്ചക്കറികളുടെ വരവ് യുഎഇ അടുത്തിടെ നിരോധിച്ചു. അനിവാര്യമല്ലാത്ത യാത്രകള്‍ കേരളത്തിലേയ്ക്ക് നടത്തരുതെന്ന് യുഎഇ ആരോഗ്യമന്ത്രാലയം തങ്ങളുടെ പൗരന്മാര്‍ക്ക് നിര്‍ദേശവും നല്‍കിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ തീരുമാനങ്ങള്‍ കടുപ്പിക്കുന്നതിന് മുന്‍പ് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് തിരുവനന്തപുരത്തെ അഡ്വ.സി.ടി.ശശി ചെങ്ങന്നൂര്‍ വഴി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ റെമീല ആവശ്യപ്പെട്ടിരിക്കുന്നത്. ദുബൈയില്‍ താമസിക്കുന്ന റെമീല കോഴിക്കോട് സ്വദേശിയാണ്.
https://www.facebook.com/Malayalivartha