സൗദിയില്‍ താമസിക്കുന്ന വിദേശി പൗരന്മാര്‍ക്ക് സ്വന്തം ഉത്തരവാദിത്തത്തില്‍ ഉംറയ്ക്ക് ബന്ധുക്കളെ കൊണ്ടുവരാന്‍ സംവിധാനമൊരുങ്ങുന്നു

ഉംറയ്ക്കായി സൗദിയില്‍ താമസിക്കുന്ന വിദേശി പൗരന്മാര്‍ക്ക് സ്വന്തം ഉത്തരവാദിത്തത്തില്‍ അടുത്ത ബന്ധുക്കളെ കൊണ്ടുവരാന്‍ സംവിധാനമൊരുങ്ങുന്നു. പുതിയ പദ്ധതി 'ഗസ്റ്റ് ഉംറ' എന്നപേരിലായിരിക്കും തുടങ്ങുക. ഇതനുസരിച്ച് സൗദിസ്വദേശികള്‍ക്കും സൗദിയിലെ വിദേശികള്‍ക്കും ഉംറ തീര്‍ഥാടകരെ കൊണ്ടുവരാനും സ്വീകരിക്കാനുമാവും. സൗദി ഹജജ് ഉംറ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് വസ്സാന്‍ ആണ് 'ഗസ്റ്റ് ഉംറ' പദ്ധതിയെക്കുറിച്ച് അറിയിച്ചത്. പദ്ധതിപ്രകാരം മൂന്നുമുതല്‍ അഞ്ച് വരെ ഉംറ തീര്‍ഥാടകരെ വരെ ഒരു വര്‍ഷം അതിഥികളായി കൊണ്ടുവരാം.
ഒരുവര്‍ഷത്തിനിടെ മൂന്ന് തവണ മാത്രമേ ഇത് സാധ്യമാവൂ. ഒരുവര്‍ഷം അതിഥികളെ കൊണ്ടുവന്നാല്‍ അടുത്തവര്‍ഷം വീണ്ടും കൊണ്ടുവരാം. സൗദി സ്വദേശികള്‍ക്ക് അവരുടെ 'സിജില്‍ മദനി' എന്ന പത്തക്കനമ്പറുള്ള തിരിച്ചറിയല്‍ കാര്‍ഡും സൗദിയില്‍ജോലിയിലുള്ള വിദേശികള്‍ക്ക് അവരുടെ തിരിച്ചറിയല്‍ രേഖയായ 'ഇഖാമ'യും ഉപയോഗിച്ച് തീര്‍ഥാടകരെ കൊണ്ടുവരാം. വന്ന് തിരികെ പോകുന്നതുവരേയുള്ള എല്ലാ ഉത്തരവാദിത്വവും ഇവരെ കൊണ്ടുവരുന്നവര്‍ക്കായിരിക്കും. ഇവരുടെ യാത്ര, താമസം, ഭക്ഷണം, സ്വദേശത്തേക്ക് മടങ്ങിയെന്ന് ഉറപ്പുവരുത്തല്‍ എന്നിവയെല്ലാം ആതിഥേയന്റെ ഉത്തരവാദിത്വമായിരിക്കും. പദ്ധതിപ്രകാരം സ്വദേശികള്‍ക്ക് ആരേയും കൊണ്ടുവരാമെങ്കിലും വിദേശികള്‍ക്ക് ഏറ്റവും അടുത്ത ബന്ധുക്കളെ മാത്രമേ കൊണ്ടുവരാനാവൂ എന്ന നിബന്ധനയുണ്ട്.
നിലവില്‍ ഉംറ സേവന കമ്പനികളിലൂടെയാണ് മറ്റ് തീര്‍ഥാടകരെപ്പോലെ ഏറ്റവും അടുത്ത കുടുംബത്തേയും മറ്റു വേണ്ടപ്പെട്ടവരേയും ഉംറ കര്‍മത്തിനായി മലയാളികളടക്കമുള്ളവര്‍ കൊണ്ടുവരാറുള്ളത്.
"
https://www.facebook.com/Malayalivartha