മകനെ തട്ടിക്കൊണ്ടുപോയെന്ന് ഭാര്യ വ്യാജ വാര്‍ത്ത സൃഷ്ടിച്ചത് ഭര്‍ത്താവിന്റെ സ്നേഹം അറിയാന്‍...!
തന്നെയും മകനെയും ഭര്‍ത്താവ് എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് അറിയാന്‍ ഭാര്യ, മകനെ ആരോ തട്ടിക്കൊണ്ടുപോയെന്ന വ്യാജവാര്‍ത്ത സൃഷ്ടിച്ചു. ചൈനയിലെ യൂക്വിംഗ് സിറ്റി സ്വദേശിനിയായ 33 വയസുകാരിയാണ് ഇത്തരമൊരു വ്യാജ വാര്‍ത്ത സൃഷ്ടിച്ചത്.
സ്നേഹം പരിശോധിക്കുവാന്‍ തീരുമാനിച്ച ഇവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ എത്തി പരാതിയും നല്കി. പതിനൊന്നു വയസുകാരനായ കുട്ടി സ്കൂളില്‍ പോയി ഇതുവരെയും തിരികെ എത്തിയില്ലെന്നായിരുന്നു ഇവര്‍ പോലീസിനോട് പറഞ്ഞത്.
വളരെ പ്രാധാന്യത്തോടെ ഈ കേസ് സ്വീകരിച്ച പോലീസുദ്യോഗസ്ഥര്‍ നഗരത്തിന്റെ പല ഭാഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. മാത്രമല്ല ദേശിയ തലത്തില്‍ ചര്‍ച്ചക്കിടയാക്കിയ ഈ സംഭവത്തില്‍, കുട്ടിയെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് പോലീസുദ്യോഗസ്ഥര്‍ 72,000 ഡോളര്‍ പാരിതോഷികം നല്‍കുമെന്നും പ്രഖ്യാപിച്ചു.
എന്നാല്‍ ഈ സമയമത്രെയും ഒരു ബന്ധുവിന്റെ വീട്ടില്‍ കഴിയുകയായിരുന്നു ഈ കുട്ടി. ഏകദേശം അഞ്ചു ദിവസത്തെ തെരച്ചിലിനൊടുവില്‍, കുട്ടിയെ അവസാനം കണ്ട സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പോലീസുദ്യോഗസ്ഥരുടെ മനസില്‍ ചില സംശയങ്ങള്‍ മുളപൊട്ടിയത്. കാരണം പോലീസ് സ്റ്റേഷനില്‍ വരുന്നതിനു മുമ്പ് കുട്ടിയുമായി അമ്മ കൂടിക്കാഴ്ച നടത്തുന്നതും മറ്റൊരു കാറിനുള്ളില്‍ കാത്തിരിക്കുവാനും അമ്മ കുട്ടിയോട് പറയുന്നതുമായിരുന്നു ഈ ദൃശ്യങ്ങളിലുള്ളത്.
തുടര്‍ന്ന് ഈ കാറിനെ കുറിച്ചുള്ള അന്വേഷണത്തില്‍ അടുത്തുള്ള ഒരു ഗ്രാമത്തില്‍ എത്തുകയും കൂടുതല്‍ അന്വേഷണത്തില്‍ ഇവിടെയുള്ള ഒരു വീട്ടില്‍ നിന്നും കുട്ടിയെ കണ്ടെത്തുകയുമായിരുന്നു.എന്നാല്‍ പോലീസുകാര്‍ക്ക് ഈ സ്ത്രീ നല്കിയ മറുപടിയാണ് ഏവരെയും കുഴക്കിയത്. കാരണം അടുത്തിടെ ഭര്‍ത്താവുമായി താന്‍ വഴക്കുണ്ടാക്കിയിരുന്നുവെന്നും അദ്ദേഹത്തിന് തങ്ങളോടുള്ള സ്നേഹം അറിയാനാണ് ഇത്തരമൊരു വ്യാജ തട്ടിക്കൊണ്ടു പോകല്‍ വാര്‍ത്ത സൃഷ്ടിച്ചതെന്നും ഇവര്‍ പറഞ്ഞു.
ചൈനയില്‍ ദേശിയ തലത്തില്‍ പ്രാധാന്യം ലഭിച്ച ഈ സംഭവത്തിന് വളരെ വൈകാരികമായാണ് ആളുകള്‍ പ്രതികരിക്കുന്നത്. രാജ്യത്തെ മുഴുവന്‍ ആളുകളെയും വിഡ്ഢികളാക്കിയ ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് ഏവരുടെയും ആവശ്യം. എന്തായാലും വ്യാജ വാര്‍ത്ത സൃഷ്ടിച്ചതിനും മറ്റും ഇവര്‍ക്കെതിരെ പോലീസ് നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.
https://www.facebook.com/Malayalivartha