ഇടഞ്ഞ ആനയുടെ പുറത്ത് കൗമാരക്കാരന്‍ ഇരുന്നത് രണ്ടുമണിക്കൂര്‍ !

എലപ്പുള്ളി പാറ ശിവക്ഷേത്രത്തിലെ അയ്യപ്പന്‍വിളക്ക് ഉത്സവത്തിനെത്തിയ മൂന്ന് ആനകളില്‍ തടത്താവളം ശിവന്‍കുട്ടി എന്ന ആന ഇടഞ്ഞു. 14 വയസ്സുകാരനെ പുറത്തിരുത്തി രണ്ടു മണിക്കൂര്‍ പരിഭ്രാന്തി പരത്തി. വഴിയോരത്തു വില്‍പനയ്ക്കു വച്ചിരുന്ന സാധനങ്ങള്‍ നശിപ്പിച്ചും വാഹനം തള്ളിയിട്ടും പരാക്രമം കാട്ടിയ ആനയെ ഏറെ നേരത്തെ ശ്രമഫലമായാണു തളച്ചത്.
പാലക്കാട് – പൊള്ളാച്ചി പ്രധാന പാതയില്‍ വൈകിട്ട് അഞ്ചരയോടെയാണ് ഇടഞ്ഞത്. ആനപ്പുറത്തുണ്ടായിരുന്ന അരുണ്‍, ആകാശ് എന്നിവര്‍ ചാടി രക്ഷപ്പെട്ടെങ്കിലും എലപ്പുള്ളി ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ഉണ്ണിക്കൃഷ്ണന് ഇറങ്ങാന്‍ കഴിഞ്ഞില്ല.
പിക്കപ്പ് വാന്‍ തള്ളിമറിച്ചിട്ട ആന കടകളിലേക്കു പാഞ്ഞുകയറി. വഴിയോരക്കച്ചവടക്കാരുടെ പൊരിച്ചാക്ക് ഉള്‍പ്പെടെ വലിച്ചെറിഞ്ഞു. പട്ടണത്തില്‍ പല തവണ കറങ്ങിയ ആന ഊടുവഴിയിലൂടെ ചെന്നു ചൊരക്കുളത്തിനു സമീപം നിലയുറപ്പിച്ചു. ആന വൈദ്യുതക്കമ്പികള്‍ പൊട്ടിച്ചിടുമെന്ന ഭയത്താല്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഇതോടെ നാടാകെ ഇരുട്ടിലായി.
പൊലീസും നാട്ടുകാരും പാപ്പാന്‍മാരുമെല്ലാം ശ്രമിച്ചെങ്കിലും തളയ്ക്കാന്‍ കഴിഞ്ഞില്ല. പിന്നീടു സ്ഥലത്തെത്തിയ പാപ്പാന്മാരുടെ പ്രത്യേക സംഘമാണ് എഴരയോടെ ആനയെ തളച്ചത്.
ഇന്നലെ രാവിലെ മുതല്‍ പാപ്പാന്‍ മര്‍ദിച്ചതാണു പ്രകോപനമെന്നു നാട്ടുകാര്‍ പരാതിപ്പെട്ടു. ആനയെ അശ്രദ്ധമായി കൈകാര്യം ചെയ്തതിനും പ്രായപൂര്‍ത്തിയാകാത്തയാളെ ആനപ്പുറത്തു കയറ്റിയതിനും കേസെടുക്കുമെന്നു കസബ പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























