ഒന്നിനൊന്ന് വ്യത്യസ്തമായ യേശുവിന്റെ 25,000 ചിത്രങ്ങളുടെ ശേഖരവുമായി പ്രവാസി മലയാളി

യേശുവിന്റെ ഒന്നിനൊന്ന് വ്യത്യസ്തമായ 25,000 ചിത്രങ്ങളാണ് ലോറന്‍സ് മാമ്മന്‍ നേര്യംപറമ്പില്‍ ശേഖരിച്ചുവച്ചിട്ടുള്ളത്. കാലിത്തൊഴുത്തിലെ ഉണ്ണിയേശു മുതല്‍ കാല്‍വരിയിലെ ക്രൂശിതനായ യേശു വരെ ഈ പ്രവാസി മലയാളിയുടെ ശേഖരത്തിലുണ്ട്. ചിത്രങ്ങളെല്ലാം ചേര്‍ത്തുവച്ച് 32 അടി നീളത്തിലും 8 അടി വീതിയിലും കൂറ്റന്‍ ബാനറും തയാറാക്കിയിട്ടുണ്ട്.
25 വര്‍ഷമായി ലോറന്‍സ് ചിത്രങ്ങള്‍ ശേഖരിക്കുന്നു. ഇറ്റലി മുതല്‍ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ വരെ ഈ നാല്‍പ്പത്തഞ്ചുകാരന്റെ ശേഖരത്തിലുണ്ട്. സ്വയം ഫോട്ടോയെടുത്തു സൂക്ഷിച്ചവയും സുഹൃത്തുക്കളും ബന്ധുക്കളും സമ്മാനിച്ചവയും എല്ലാം ചേര്‍ന്നാണ് ഇത്ര വിപുലമായത്. യേശുവിനുപുറമേ കന്യക മറിയത്തിന്റെയും ചിത്രങ്ങളുടെ ശേഖരം ലോറന്‍സിനുണ്ട്. എണ്ണം കൂടിയപ്പോള്‍ സമാനമായ ചിത്രങ്ങള്‍ കണ്ടെത്തി കളയേണ്ടി വന്നു. അത് തന്നെ വന്‍യത്‌നമായിരുന്നു.
അടുത്തുള്ള ഹൈപ്പര്‍മാര്‍ക്കറ്റിലെ 75 ഇഞ്ച് ടിവിയില്‍ ചിത്രങ്ങള്‍ ഇട്ടു പരിശോധിച്ചാണ് ഇതു സാധിച്ചത്. ഇതിനായി മൂന്നുമാസം വേണ്ടി വന്നു. ചിത്രങ്ങള്‍ ചേര്‍ത്തുവച്ചുള്ള ബാനര്‍ തയാറാക്കാന്‍ ഗ്രാഫിക് ഡിസൈനര്‍ വിവേകും അദ്ദേഹത്തിന്റെ സഹായികളായ രാജു, റഹിം, വിജു എന്നിവരും സഹായിച്ചു. ചിത്രങ്ങള്‍ ശേഖരിക്കുന്നതില്‍ ഗിന്നസ് റെക്കോര്‍ഡാണ് ലോറന്‍സിന്റെ ലക്ഷ്യം.
15 വര്‍ഷമായി ഖിസൈസില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് ചങ്ങനാശേരി തുരുത്തി സ്വദേശിയായ ലോറന്‍സ്. മാതൃസഹോദരീ പുത്രനായ ഫാ. ജോര്‍ജ് ആലുങ്കലാണ് ചിത്രശേഖരണത്തിലേക്ക് നയിച്ചത്.

വിവിധയിനം പേനകള്‍, പത്തുവര്‍ഷം മുന്‍പുള്ള ടെലിഫോണ്‍ കാര്‍ഡുകള്‍, വന്‍സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത പത്രങ്ങള്‍, പ്രശസ്തരുമൊത്തുള്ള ചിത്രങ്ങള്‍ ഇതെല്ലാം ശേഖരിക്കുന്നതിലും ലോറന്‍സ് ആനന്ദം കണ്ടെത്തുന്നു. ജലശയനം നടത്തുന്നതിലും വിദഗ്ധനാണ്. ചിത്രം ശേഖരിക്കുന്നത് തുടരുന്നതിനൊപ്പം മജീഷ്യന്‍ മുതുകാടുമായി ചേര്‍ന്ന് ജീവകാരുണ്യ പ്രവര്‍്തനങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്ന ലോറന്‍സ് അതിനുള്ള തയാറെടുപ്പിലാണ്. ഭാര്യ ഷീല. മൂന്നുമക്കള്‍. വില്യം, ടോം, ഇസബെല്ല.
https://www.facebook.com/Malayalivartha


























