സിംഗപ്പൂരിലെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ മൊട്ടിട്ട പ്രണയത്തിന് ശുഭാന്ത്യം, ഫ്രാന്‍സുകാരന്‍ താലികെട്ടിയത് കാസര്‍കോട് വച്ച്!

കാസര്‍കോട് കുഡ്‌ലു ഗോപാലകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ അപൂര്‍വ ഷാന്‍ബോഗാണ് ഫ്രഞ്ച് യുവാവായ അലക്‌സാണ്ടര്‍ പെര്‍സന്റെ വധുവായപ്പോള്‍, സിംഗപ്പൂരിലെ പഠനത്തിനിടയില്‍ മൊട്ടിട്ട പ്രണയത്തിന് സാഫല്യമായി.
കുഡലു ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ ഞായറാഴ്ച രാവിലെ ഒന്‍പതിന് ഇരുവരും ബന്ധുക്കള്‍ക്കൊപ്പമെത്തി പ്രാര്‍ഥിച്ചതിനുശേഷം, വിദ്യാനഗര്‍ ചിന്മയ തേജസ് ഓഡിറ്റോറിയത്തില്‍ ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടന്നത്.
കുഡ്‌ലു ഗ്രീന്‍ഫീല്‍ഡില്‍, ഡോ. കെ.കെ.ഷാന്‍ബോഗിന്റെയും വിജയലക്ഷ്മിയുടെയും മകളാണ് അപൂര്‍വ. ഫ്രാന്‍സില്‍നിന്ന് അലക്‌സാണ്ടറുടെ പിതാവ് ബിസിനസുകാരനായ ഫിലിപ്പ് പെര്‍സനും മാതാവ് അഗ്‌നീസ് പെര്‍സനും രണ്ട് സഹോദരന്മാരും 25 സുഹൃത്തുക്കളും വിവാഹത്തിനെത്തിയിരുന്നു. വിവാഹച്ചടങ്ങുകള്‍ കൗതുകത്തോടെയാണ് ഫ്രാന്‍സില്‍നിന്നെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും വീക്ഷിച്ചത്. വിവാഹത്തിനായി രണ്ടുദിവസം മുമ്പുതന്നെ ഇവര്‍ കാസര്‍കോട്ട് എത്തിച്ചേര്‍ന്നിരുന്നു.
അപൂര്‍വയും അലക്‌സാണ്ടറും കഴിഞ്ഞ ആറ് മാസമായി കൊച്ചിയിലുള്ള ഫ്രഞ്ച് കമ്പനിയായ ടി.എന്‍.പി.യില്‍ എന്‍ജിനീയര്‍മാരാണ്. അപൂര്‍വ എന്‍ജിനീയറിങ്ങിനുശേഷം എം.ബി.എ. പഠനത്തിനായാണ് സിംഗപ്പൂരിലെത്തിയത്. സമീപത്തെ മറ്റൊരു കോളേജിലെ എം.ബി.എ. വിദ്യാര്‍ഥിയായിരുന്നു അലക്‌സാണ്ടര്‍. എന്‍ജിനീയറിങ് ബിരുദം നേടിയ ശേഷമാണ് അലക്‌സാണ്ടറും എം.ബി.എ. പഠനത്തിനെത്തിയത്.
കോളേജില്‍ ബാഡ്മിന്റണ്‍ മത്സരത്തിനായി അലക്‌സാണ്ടര്‍ എത്തിയിരുന്നു. അപൂര്‍വയും കോളേജിന്റെ കുപ്പായമണിഞ്ഞ് കളത്തിലിറങ്ങിയിരുന്നു. അലക്‌സാണ്ടറും അപൂര്‍വയും തമ്മില്‍ നടന്ന മത്സരത്തില്‍ വിജയം അപൂര്‍വക്കായിരുന്നു. കളിക്കളത്തിലെ ആരാധനയാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തിച്ചത്. ഒരു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് താലികെട്ട് നടന്നത്.
https://www.facebook.com/Malayalivartha


























