പതിവായി വെയിലുകായാന്‍ എത്തിയിരുന്ന മൂര്‍ഖന്‍ പിടിയിലായി

കറുകച്ചാല്‍, നെത്തല്ലൂര്‍ കുരിശുകവല പുലരിയില്‍ റിട്ട.വില്ലേജ് ഓഫിസര്‍ നടേശന്റെ വീടിനു മുന്നില്‍ ഒരാഴ്ചയായി കൃത്യസമയം പാലിച്ച് സൂര്യസ്‌നാനം നടത്തിയിരുന്ന മുര്‍ഖനെ ഒടുവില്‍ വാവ സുരേഷ് എത്തി പിടികൂടി.
പത്തു വയസ്സുള്ള ആണ്‍ മൂര്‍ഖനായിരുന്നു എല്ലാ ദിവസവും രാവിലെ പത്തുമണി കഴിയുമ്പോള്‍ വെയിലുകൊള്ളാന്‍ എത്തിയിരുന്നത്.
സമീപത്തുള്ള തൊണ്ടിലെ കയ്യാലപ്പൊത്തില്‍നിന്ന് ഇരുപതു മീറ്ററോളം ഇഴഞ്ഞെത്തുന്ന പാമ്പ് പുല്‍ത്തകിടിയില്‍ കിടന്ന് വെയില്‍കാഞ്ഞശേഷം പതിനൊന്നരയോടെ മാളത്തിലേക്ക് മടങ്ങിയിരുന്നതായി വീട്ടുകാര്‍ പറയുന്നു.
പതിവുകാരനെത്തേടി കഴിഞ്ഞ ദിവസം രാവിലെ വാവ സുരേഷ് എത്തി. ഇതറിഞ്ഞ് പരിസരവാസികളും തടിച്ചുകൂടി. ആളനക്കം തിരിച്ചറിഞ്ഞ മൂര്‍ഖന്‍ മാളത്തില്‍തന്നെ കഴിച്ചുകൂട്ടി.
കാത്തുനില്‍പ്പ് വെറുതെയാകുമെന്ന് വ്യക്തമായതോടെ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മാളം തുരന്ന് സുരേഷ് മുര്‍ഖനെ കണ്ടെത്തുകയായിരുന്നു. മണ്ണ് മാന്തി യന്ത്രം കൊണ്ടു മുറിവേറ്റ പാമ്പിന് പ്രഥമശുശ്രൂഷ നല്‍കി.
മുറിഞ്ഞ ഭാഗത്ത് കാപ്പിപ്പൊടി പുരട്ടി തുണി കെട്ടിയശേഷം നല്‍കിയ ഒരു ഗ്ലാസ് വെള്ളം അപ്പാടെ അകത്താക്കിയ മൂര്‍ഖനെ സുരേഷ് കൊണ്ടുപോയി.
https://www.facebook.com/Malayalivartha


























