അറപ്പക്കല്‍ തീരത്തിന്റെ ഓമന പരുന്ത്
തീരം വറുതിയുടെ പിടിയിലായത് അറപ്പക്കല്‍ പ്രദേശത്തെ മത്സ്യത്തൊഴിലാളികളെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കയാണ്.
അറപ്പക്കല്‍ പ്രദേശത്തിന്റെ ഓമനയായ മീനു എന്ന പരുന്തിനും അത് വല്ലാത്ത കാലക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. പഴയതുപോലെ അവള്‍ക്കു രുചിയേറിയ മത്സ്യം കിട്ടുന്നില്ല.
പുന്നപ്ര വാടക്കല്‍ അറപ്പ പൊഴിക്കു സമീപം കരിയാണിപ്പറമ്പില് ബിനുമോന്റെ പരുന്താണ് ഒരു ഗ്രാമത്തിന്റെ ലാളനയേറ്റു വളരുന്നത്.
ഒരു വര്‍ഷം മുമ്പ് കടപ്പുറത്തു വലയില്‍ നിന്നു മത്സ്യം കഴിച്ചു കൊണ്ടിരുന്നതിനു ശേഷമാണ് അടുപ്പക്കാരനെ പോലെ പരുന്ത് ബിനുവിനടുത്തെത്തിയത്. കൗതുകത്തോടു നീട്ടിയ ചെറുമീന്‍ അകത്താക്കിയതിനു ശേഷം അധികാര ഭാവത്തില്‍ തോളില്‍ സ്ഥാനം പിടിക്കുകയായിരുന്നു. പിന്നീട് ഉറ്റ ചങ്ങാതിമാരായി.
സ്വതന്ത്രമായി വിട്ടിരിക്കുന്ന പരുന്ത് പ്രദേശത്തെ എല്ലാ വീടുകളിലും അതിഥിയായി എത്തും. മത്സ്യം അരിഞ്ഞിട്ടു കൊടുത്താലേ കഴിക്കൂ. തിരികെ ബിനുവിന്റെ വീട്ടിലെത്തും.
കാക്കകള്‍ അടുത്തു വരുമ്പോള്‍ പ്രത്യക ശബ്ദത്തോടെ ചീറും. കുട്ടികള്‍ക്കും ഏറെ പ്രിയമാണ്. കൂടുതല്‍ കളിക്കു ചെന്നാല്‍ അല്‍പ്പം കുറുമ്പോടെ മാറിയിരിക്കും.
https://www.facebook.com/Malayalivartha