കാള്‍ ലാഗെര്‍ഫെല്‍ഡിന്റെ മരണത്തോടെ വളര്‍ത്തുപൂച്ച കോടീശ്വരിയായി!

വിഖ്യാത ഫാഷന്‍ ഡിസൈനര്‍ കാള്‍ ലാഗെര്‍ഫെല്‍ഡിന്റെ മരണവാര്‍ത്ത ഏറെ ദുഖത്തോടെയാണ് ഫാഷന്‍ ലോകം കേട്ടത്. ഫാഷന്‍ വിസ്മയങ്ങളിലൂടെ ഏറെ തവണ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളയാളാണ് ലാഗെര്‍ഫെല്‍ഡ്.
എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ മരണശേഷം വാര്‍ത്താ താരമായിരിക്കുന്നത് അദ്ദേഹത്തിന്റെ പൊന്നോമനയായിരുന്ന വളര്‍ത്തു പൂച്ച ചൗപെറ്റേയാണ്. ലാഗെര്‍ഫെല്‍ഡിന്റെ കോടിക്കണക്കിന് മൂല്യമുള്ള സ്വത്തുക്കളുടെ അവകാശികളില്‍ ഒരാളാണ് ഈ എട്ടുവയസുകാരി വെള്ളപ്പൂച്ച.
2011-ലെ ക്രിസ്മസ് ദിനത്തിലാണ് കാള്‍ ചൗപെറ്റെയെ വാങ്ങുന്നത്. അന്നുമുതല്‍ പിരിയാനാകാത്ത വിധം അടുപ്പത്തിലായിരുന്നു ഇരുവരും. ചൗപെറ്റെയെ വിവാഹം കഴിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ താന്‍ വിവാഹം കഴിച്ചേനെയെന്ന് ലാഗെര്‍ഫെല്‍ഡ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ചൗപെറ്റെ ആള് നിസാരക്കാരിയല്ല. ഇന്‍സ്റ്റഗ്രാമില്‍ ഈ പൂച്ച സുന്ദരിക്ക് 1,31,000 ഫോളോവേഴ്‌സുണ്ട്. മനുഷ്യര്‍ക്ക് പോലും സ്വപ്നം കാണാവുന്നതിലപ്പുറമുള്ള ആഢംബര ജീവിതമാണ് ഈ പൂച്ചയുടേത്. എപ്പോഴും കൂടെ രണ്ടു പരിചാരികമാര്‍, ഒരു അംഗരക്ഷന്‍ പിന്നെ ഒരു സ്വകാര്യ ഡോക്ടറും ഇങ്ങനെ പോകുന്നു ചൗപെറ്റെയുടെ സ്വകാര്യ ജീവനക്കാരുടെ ലിസ്റ്റ്.

മൂന്നു വെള്ളിപ്പാത്രങ്ങളുണ്ട് ചൗപെറ്റേയ്ക്ക്. ഭക്ഷണ സമയമാകുമ്പോള്‍ ഇവ മൂന്നിലും മൂന്നുതരത്തിലുള്ള ഭക്ഷണങ്ങള്‍ പരിചാരികമാര്‍ മുന്നിലെത്തിക്കും. അതില്‍നിന്ന് ഇഷ്ടമുള്ളത് തെരഞ്ഞെടുത്ത് കഴിക്കാം. ലാഗെര്‍ഫെല്‍ഡിനൊപ്പം അദ്ദേഹത്തിന്റെ സ്വകാര്യ ജെറ്റില്‍ ലോകത്തിന്റെ പല ഭാഗങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട് ചൗപെറ്റെ.

2015-ല്‍ രണ്ടു പരസ്യങ്ങളില്‍ അഭിനയിച്ചതിന് ചൗപെറ്റെയ്ക്ക് ലഭിച്ച പ്രതിഫലം 30 ലക്ഷം അമേരിക്കന്‍ ഡോളറായിരുന്നു. വിവാഹം കഴിച്ചിട്ടില്ലാത്ത ലാഗെര്‍ഫെല്‍ഡിന്റെ സ്വത്തിന്റെ എത്രഭാഗം ചൗപെറ്റെയ്ക്ക് നല്‍കിയിട്ടുണ്ട് എന്നതിനെക്കുറിച്ച് ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടില്ല.
https://www.facebook.com/Malayalivartha


























