മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ തോൽപ്പിച്ച് 61 കാരി

മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ ധീരമായി നേരിട്ട് 61കാരി. തിരുവനന്തപുരം പാറശാലയിലാണ് സിനിമയെ വെല്ലുന്ന സംഭവം. മേലേക്കോണം കുഴിപ്പഴിഞ്ഞി സ്വദേശിനി പ്രസന്നകുമാരിയാണ് സ്വന്തം മാല കവർന്ന മോഷ്ടാവിനെ അതിസാഹസികമായി തടഞ്ഞത്. പരശുവയ്ക്കൽ ആടുമൻകാട് ആടുവളർത്തൽ കേന്ദ്രത്തിന് സമീപത്തെ ഇടറോഡിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പ്രസന്നകുമാരിയുടെ അടുത്ത് സ്കൂട്ടറിലെത്തിയ വിജയദാസ് എന്ന 40കാരൻ വാഹനം റോഡരികിൽ നിർത്തിയ ശേഷം അടുത്തേക്ക് വരികയും കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു. മോഷ്ടിച്ച മാലയുമായി സ്കൂട്ടറിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രസന്നകുമാരി ധൈര്യപൂർവം ഇയാളെ നേരിട്ടത്.
രക്ഷപ്പെടാനുള്ള മോഷ്ടാവിന്റെ ശ്രമം തടയാൻ പ്രസന്നകുമാരി ചെയ്തത് സ്കൂട്ടർ തന്നെ തോട്ടിലേക്ക് തള്ളിയിടുകയായിരുന്നു. വാഹനം തോട്ടിലേക്ക് മറിഞ്ഞതോടെ പ്രതിയുടെ രക്ഷപ്പെടാനുള്ള നീക്കം പാളി. തുടർന്ന് സ്കൂട്ടർ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ച വിജയദാസിനെ പ്രസന്നകുമാരിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ചേർന്ന് പിടികൂടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാറശാല പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു. ആറയൂർ ചാവല്ലൂർ പൊറ്റ കരിമൺവിള സ്വദേശിയാണ് പിടിയിലായ വിജയദാസ്. 61-ാം വയസ്സിലും പതറാതെ മോഷ്ടാവിനെ നേരിട്ട പ്രസന്നകുമാരിയുടെ ധീരതയാണ് ഇപ്പോൾ നാട്ടിൽ ചർച്ചയാകുന്നത്.
https://www.facebook.com/Malayalivartha

























