ചേര്‍ത്തല താലൂക്ക് ഓഫീസ് സീലിങ് തകര്‍ന്നുവീണ് അപകടം

ചേര്‍ത്തല താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സീലിങ് അടര്‍ന്നുവീണുണ്ടായ അപകടത്തില്‍ നിന്ന് ജീവനക്കാര്‍ രക്ഷപ്പെട്ടത് തലനാരിഷയ്ക്ക്. ലാന്‍ഡ് റവന്യൂ തഹസില്‍ദാരുടെ കീഴിലുള്ള ഹൗസിങ് സെക്ഷനില്‍ ബുധനാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. കമ്പ്യൂട്ടറുകള്‍ക്കും ഫയലുകള്‍ക്കും മുകളിലേക്ക് വലിയ കോണ്‍ക്രീറ്റ് പാളികള്‍ തകര്‍ന്നുവീണെങ്കിലും ജീവനക്കാര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കെട്ടിടത്തിന് മുകളിലെ വലിയ വാട്ടര്‍ ടാങ്കില്‍ നിന്നുള്ള വെള്ളച്ചോര്‍ച്ച മൂലം കോണ്‍ക്രീറ്റ് ദ്രവിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് പിന്നാലെ ജീവനക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
മുന്‍പും ഈ കെട്ടിടത്തില്‍ സമാനരീതിയില്‍ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണിട്ടുണ്ട്. തുടര്‍ച്ചയായി അപകടങ്ങളുണ്ടായിട്ടും കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധമുണ്ട്. ദിവസേന നൂറുകണക്കിന് പൊതുജനങ്ങള്‍ എത്തുന്ന ഓഫീസ് കെട്ടിടത്തില്‍ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്നും അപകടാവസ്ഥയിലുള്ള വാട്ടര്‍ ടാങ്ക് മാറ്റിസ്ഥാപിക്കണമെന്നുമാണ് ജീവനക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
താലൂക്ക് ഓഫീസിനായി പുതിയ കെട്ടിടം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പി. പ്രസാദ് എം.എല്‍.എ അറിയിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് അനുമതി ലഭിച്ച പദ്ധതിയുടെ ഡിസൈനില്‍ വരുത്തിയ ചില തിരുത്തലുകള്‍ മൂലമാണ് നിര്‍മാണം വൈകിയതെന്നും ഇത് പൂര്‍ത്തിയാകുന്നതോടെ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 100 വര്‍ഷത്തിലധികം പഴക്കമുള്ള നിര്‍മിതിയായതിനാല്‍ നിലവിലെ പഴയ കെട്ടിടം നിലനിര്‍ത്തണോ പൊളിച്ചുനീക്കണോ എന്ന കാര്യത്തില്‍ പി.ഡബ്ല്യു.ഡി ആര്‍ക്കിടെക്റ്റിന്റെ പരിശോധനയ്ക്ക് ശേഷമേ അന്തിമ തീരുമാനമെടുക്കൂ.
https://www.facebook.com/Malayalivartha


























