പ്രകടന പത്രിക ഇറക്കണം എന്ന് വല്ല്യ ആശയായിരുന്നു, അതു നിറവേറി, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ കേട്ടോളൂ... തൃശൂരില്‍ വിമാനത്താവളം, മിനിമം വേതനം നാനൂറ്, രാജ്യാതിര്‍ത്തിയില്‍ മതില്!
സ്വതന്ത്ര സ്ഥാനാര്‍ഥിക്കും പ്രകടന പത്രികയും വാഗ്ദാനങ്ങളും നല്‍കിക്കൂടേ, പ്രമുഖ പാര്‍ട്ടികള്‍ക്കു മാത്രമോ ആകാവൂ എന്നൊന്നുമില്ലല്ലോ? എല്ലാ പാര്‍ട്ടികളും വലിയ വലിയ വാഗ്ദാനങ്ങള്‍ നല്കുന്നു, പലതും നടപ്പാക്കുന്നുമില്ല.
ഇത് മുന്നില്‍കണ്ടാണോ വാഗ്ദാനങ്ങള്‍ നല്‍കുന്നതെന്ന് ചോദിച്ചാല്‍ തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സോനുവിന് വ്യക്തമായ മറുപടിയുണ്ട്.
താന്‍ വിജയിച്ചാല്‍ പറഞ്ഞ വാഗ്ദാനങ്ങളൊക്കെ നടപ്പാക്കും. പക്ഷേ വാഗ്ദാനങ്ങള്‍ കേട്ടാല്‍ വോട്ടര്‍മാരും ഞെട്ടും. തൃശൂരില്‍ വിമാനത്താവളം, കര്‍ഷകര്‍ക്ക് ഒരേക്കര്‍ കൃഷി ഭൂമി, മിനിമം വേതനം 400 രൂപ, വര്‍ഷം 12,000 രൂപ, വിവാഹത്തിന് സ്വര്‍ണം വാടകയ്ക്ക് നല്കുന്ന സമ്പ്രദായം തുടങ്ങി നിരവധി വാഗ്ദാനങ്ങളാണുള്ളത്.
ലോക്സഭയായതിനാല് വാഗ്ദാനം കേരളത്തില്‍ മാത്രം ഒതുങ്ങുന്നില്ല. ജയിച്ചാല്‍ രാജ്യാതിര്‍ത്തിയില്‍ ഇന്ത്യാ മതില് വരെ നിര്‍മിക്കുമെന്നാണ് പറയുന്നത്. ചിഹ്നം ഫുട്ബോളാണെന്നു കരുതി തട്ടിക്കളയാമെന്ന് കരുതണ്ടാ, ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ പിന്തുണയോടെയാണ് മത്സരത്തിനിറങ്ങിയിരിക്കുന്നത്.
പ്രകടന പത്രിക പുറത്തിറക്കിയത് തൃശൂര്‍ പ്രസ്ക്ലബില്‍ പത്രസമ്മേളനം നടത്തിയാണ്. ഗാന്ധിയന്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പി.ടി. സനൂപ്, സെക്രട്ടറി റിബിന് ബാബു, കണ്‍വീനര്‍ വി.എസ്. ദീപക്ക് എന്നിവരും ഒപ്പമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha