നായയ്ക്കാണ് പൂച്ചയേക്കാള്‍ ബുദ്ധി എന്നു പറഞ്ഞാല്‍ ഹാര്യാന്തോ സമ്മതിച്ചു തരില്ല, അതിന് കാരണവുമുണ്ട്!

പട്ടികള്‍ പൂച്ചകളെക്കാള്‍ എത്രയോ അധികം സാമര്‍ഥ്യമുള്ളവരാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍, ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത സ്വദേശിയായ ഹാരിആന്തോ അത് സമ്മതിച്ചു തരില്ല. ബുദ്ധിയുടെ കാര്യത്തില്‍ നായ്ക്കളും പൂച്ചകളും ഒരുപോലെയാണെന്നാണ് ഹാരിയുടെ അഭിപ്രായം.
പൂച്ചയുടെ പെരുമാറ്റത്തെ കുറിച്ചൊക്കെ നന്നായി നോക്കി പഠിച്ചിട്ടാണ് ഹാരി ഇതു പറയുന്നതെന്ന് കൂട്ടിക്കോളൂ. നമ്മള്‍ പറയുന്നത് കേട്ട് ഒരു പൂച്ച ഒന്നും മിണ്ടാതിരുന്നാല്‍ അതിനര്‍ത്ഥം അതിന് മനസ്സിലായില്ല എന്നല്ല. തല്‍ക്കാലം പ്രതികരിക്കാന്‍ മനസ്സില്ല എന്നാണത്രെ. നായ്ക്കളുടെ പത്തിരട്ടി കൗതുകമുള്ള, ഇര തേടുന്ന കാര്യത്തില്‍ അവരെക്കാളൊക്കെ ബുദ്ധിയുള്ള ഇനമാണത്രെ പൂച്ചകള്‍. സ്വന്തം അനുഭവത്തിന്റെ പുറത്താണ് ഹാരി ഇത് പറയുന്നത് എന്നതിനാല്‍ ഒട്ടും സംശയമേ വേണ്ട.
ഹാരിക്ക് ഒരു പൂച്ചയുണ്ട്. ഒരു തനി നാടന്‍ പൂച്ച. കിറ്റി. ആ കുറുമ്പി പൂച്ച ഒരു ദിവസം ഒരു ചെറിയ വികൃതിയൊപ്പിച്ചു. അവള്‍ ഹാരിയുടെ ഒരേയൊരു ഇയര്‍ഫോണിന്റെ കേബിള്‍ കടിച്ചുമുറിച്ചുകളഞ്ഞു. ഹാരിക്ക് വന്ന കലിക്ക് കണക്കില്ല. പാട്ടുകേള്‍ക്കാന്‍ നിവൃത്തിയില്ല, ഗെയിം ഓഫ് ത്രോണ്‍സ് കാണാന്‍ നിവൃത്തിയില്ല. കോപം കൊണ്ട് ഹാരിക്ക് കണ്ണുകാണാന്‍ പാടില്ലാതായി.
അരിശം കൊണ്ട് തുള്ളി അവന്‍ കിറ്റിയെ അടുത്തുവിളിച്ചു. ഒന്നും അറിയാത്ത ഭാവേന അവള്‍ കുണുങ്ങി അടുത്തുവന്നു. കാലില്‍ ഉരുമ്മി. അവന്‍ അവളോട് യാതൊരു അടുപ്പവും കാണിച്ചില്ല. നല്ല ചീത്ത വിളിച്ചു. മാറ്റിനിര്‍ത്തി. കാലില്‍ ഉരുമ്മാന്‍ അനുവദിച്ചില്ല. അവളെ എടുത്ത് മേശപ്പുറത്തിരുത്തി, മുറിഞ്ഞുപോയ ഇയര്‍്‌ഫോണും കയ്യിലെടുത്ത് ഹാരി അവളെ ഒരു അരമണിക്കൂര്‍ നേരം വഴക്കുപറഞ്ഞു. എല്ലാം കഴിഞ്ഞ്, അവളുടെ മുന്നില്‍ വെച്ചുതന്നെ ആ ഇയര്‍ഫോണ്‍ തറയില്‍ വലിച്ചെറിഞ്ഞ് മുഖം തിരിഞ്ഞ് ഹാരി കട്ടിലിലേക്ക് ചാഞ്ഞു.
പിണക്കം നിറഞ്ഞ ഒരു കരച്ചിലോടുകൂടി കിറ്റി മുറിക്കു വെളിയിലേക്കോടി. പിന്നെ മുറിക്ക് പുറത്തേക്കും. കുറച്ചു നേരത്തേക്ക് അവളുടെ അനക്കമൊന്നും കേട്ടില്ല. ഹാരി ഫാനിന്റെ കാറ്റില്‍ കിടന്ന് തെല്ലൊന്നു മയങ്ങി. പിന്നെ ഉണരുന്നത് കിറ്റിയുടെ നിര്‍ത്താത്ത മോങ്ങല്‍ കേട്ടിട്ടാണ്. അവള്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അവനെ സ്ഥിരമായി വിളിക്കുന്ന അതേ മ്യാവൂ ശബ്ദം. അവന്‍ കണ്ണും തിരുമ്മി തറയിലേക്ക് തിരിഞ്ഞു നോക്കി. അവിടെ കണ്ട കാഴ്ച അവനെ ഞെട്ടിക്കുന്ന ഒന്നായിരുന്നു.
ഏതാണ്ട് ആ ഹെഡ് ഫോണ്‍ കേബിളിന്റെ അത്രയും വലിപ്പത്തിലുള്ള ഒരു പാമ്പിനെയും പിടിച്ചുകൊണ്ടാണ് കിറ്റി തിരിച്ചുവന്നിരിക്കുന്നത്. 'മുറിഞ്ഞു പോയതിനു പകരം ഇതുപോരെ..? ' എന്ന ഭാവമായിരുന്നു. അവളുടെ മുഖത്ത്.
ആ നോട്ടം കണ്ടപ്പോള്‍ അത്രയും നേരം മുഖത്ത് പിടിച്ചു വച്ചിരുന്ന ഗൗരവമത്രയും ഒരു പൊട്ടിച്ചിരിയ്ക്ക് വഴിമാറി. എന്തായാലും താനായിട്ടുണ്ടാക്കിയ പ്രശ്‌നം എങ്ങനെയും പരിഹരിക്കാനുള്ള ആ പൂച്ചക്കുറിഞ്ഞിയുടെ ആത്മാര്‍ത്ഥമായ പരിശ്രമങ്ങളെയും, വേട്ടയാടാനുള്ള അവളുടെ വൈദഗ്ദ്ധ്യത്തെയും അതിരറ്റു പ്രശംസിച്ചുകൊണ്ടിരിക്കുകയാണ് ഇതിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ കണ്ട സഹൃദയ ലോകം.
https://www.facebook.com/Malayalivartha