സ്‌കൂളിന്റെ പടി കണ്ടിട്ടില്ല, 15-ാം വയസില്‍ ഇപ്പോള്‍ പിഎച്ച്ഡി വിദ്യാര്‍ഥിനി!

ഹൈദരാബാദ് സ്വദേശികളായ നൈന ജയ്‌സ്വാളും അനുജന്‍ അഗസ്ത്യ ജയ്‌സ്വാളും 15 വയസ്സു കഴിഞ്ഞവരാണ്. പക്ഷേ ഇന്നുവരെ ഒരു സ്‌കൂളില്‍ ചേര്‍ന്ന് പഠിച്ചിട്ടില്ല. അയ്യോ ഭാഗ്യഹീനരായ കൂട്ടികള്‍ എന്നു പരിതപിക്കാന്‍ തുടങ്ങുകയാണോ? എന്നാല്‍ അതുവേണ്ട കേട്ടോ. കാരണമെന്തെന്നോ? അവരെകുറിച്ച് മറ്റുചിലതു കൂടി നിങ്ങളൊക്കെ അറിയേണ്ടതുണ്ട്. അത് അറിഞ്ഞുകഴിയുമ്പോള്‍ അവരെ കുറിച്ച് നിങ്ങള്‍ക്കു തോന്നിയ ഈ 'അയ്യോ' ഭാവം ഒക്കെ മാറിക്കോളും!
നന്നായി പഠിക്കുകയും നന്നായി കളിക്കുകയും ചെയ്യുന്ന കൊച്ചുമിടുക്കിയാണു നൈന ജയ്‌സ്വാള്‍. സമപ്രായക്കാര്‍ പത്താം ക്ലാസ് പരീക്ഷയ്ക്കു കുത്തിയിരുന്നു പഠിക്കുമ്പോള്‍, ബിരുദാനന്തര ബിരുദം മികച്ച മാര്‍ക്ക് നേടി ജയിച്ച് അടുത്ത കോഴ്‌സിനു തയാറെടുക്കുകയായിരുന്നു നൈന.
ഇത്ര കുറഞ്ഞ പ്രായത്തില്‍ ബിരുദാനന്തര ബിരുദം നേടുന്ന ഏഷ്യയിലെത്തന്നെ ആദ്യ വിദ്യാര്‍ഥിയുമായി ഇതോടെ അവള്‍.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നൈന പത്താം ക്ലാസ് പരീക്ഷ പാസായത്. 13-ാം വയസില്‍ ജേണലിസത്തില്‍ ബിരുദം. 15-ാം വയസില്‍ ആരെയും വിസ്മയിപ്പിച്ച് ഉസ്മാനിയ സര്‍വകലാശാലയില്‍ നിന്നു പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും നേടി. അവിടം കൊണ്ടും നിര്‍ത്തിയില്ല. ഈ കുട്ടിപ്രതിഭ കുറഞ്ഞ പ്രായത്തില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയാകുകയും ചെയ്തു.
അതു മാത്രമല്ല ഒട്ടേറെ ദേശീയ, രാജ്യാന്തര ടേബിള്‍ ടെന്നിസ് മത്സരങ്ങളില്‍ തിളക്കമുള്ള വിജയവും നൈന സ്വന്തമാക്കിയിട്ടുണ്ട്. അനുജന്‍ അഗസ്ത്യയും പത്താം ക്ലാസ് പാസായത് എട്ടാം ക്ലാസ്സില്‍ വച്ച് തന്നെ. പത്താം ക്ലാസ്സില്‍ വച്ച് പ്ലസ്ടുവും.
പ്രാഥമിക വിദ്യാഭ്യാസത്തിനായി നൈനയും അഗസ്ത്യയും സ്‌കൂളില്‍ പോയിട്ടില്ല. അമ്മ ഭാഗ്യലക്ഷ്മി തന്നെയായിരുന്നു അവരുടെ അധ്യാപിക. അഞ്ചാം വയസ്സു മുതല്‍ ഭാഷയും കണക്കും ശാസ്ത്രവും എല്ലാം അമ്മ തന്നെ അവരെ പഠിപ്പിച്ചു. കൂട്ടത്തില്‍ പത്രവായനയും. നൈനയ്ക്ക് 8 വയസ്സായപ്പോള്‍ അവളെ നേരിട്ടു പത്താം ക്ലാസ് പരീക്ഷ എഴുതിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് ആന്ധ്രയിലെ പരീക്ഷാ ബോര്‍ഡിനെ സമീപിച്ചു. എന്നാല്‍ അവര്‍ അതിനുള്ള അവസരം നിഷേധിക്കുകയാണ് ചെയ്തത്.
ഇതോടെ അദ്ദേഹം ഈ ആവശ്യവുമായി ഇംഗ്ലണ്ടിലെ കേംബ്രിജ് സര്‍വകലാശാലയുടെ ഭാഗമായ ഇന്റര്‍നാഷനല്‍ ജനറല്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനെ സമീപിച്ചു. ഒടുവില്‍ അവരുടെ ചെന്നൈ യൂണിറ്റ് ഇടപെട്ടതിനെ തുടര്‍ന്നാണ് നൈന പത്താംക്ലാസ് പരീക്ഷയ്ക്കു തുല്യമായ പരീക്ഷ എഴുതിയത്. ലോകത്ത് ഒട്ടേറെ ഇന്‍സ്ടിസ്റ്റ്യൂഷനുകള്‍ ഈ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ചിട്ടുണ്ടെങ്കിലും നൈന ഉപരിപഠനത്തിനു തിരഞ്ഞെടുത്തത് ഇന്ത്യ തന്നെയായിരുന്നു.
എന്നാല്‍ അഗസ്ത്യയുടെ ഊഴമെത്തിയപ്പോള്‍ ഈ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. ആന്ധ്രയിലെ ബോര്‍ഡ് പരീക്ഷയിലൂടെ തന്നെ അവന്‍ പത്താം ക്ലാസ് ജയിച്ചുകയറി.
ഒളിംപിക്‌സില്‍ ടേബിള്‍ ടെന്നിസ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കണമെന്നാണ് നൈനയുടെ സ്വപ്നം. കൊച്ചുകൂട്ടുകാര്‍ക്കു പ്രചോദനമായി നൈനയും അഗസ്ത്യയും ഇപ്പോള്‍ ഇന്ത്യയില്‍ പലയിടത്തും സഞ്ചരിച്ച് തങ്ങളുടെ വിജയകഥകള്‍ പങ്കുവയ്ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha