സോഷ്യല്‍ മീഡിയ തിരഞ്ഞ ആ ' കുഞ്ഞ് ലീഡര്‍' തലയോലപ്പറമ്പിലുണ്ട്!
ലീഡര്‍സ്ഥാനം രാജിവയ്ക്കുന്നതായി ക്ലാസ് ടീച്ചര്‍ക്കു കത്തെഴുതി സോഷ്യല്‍ മീഡിയയില്‍ താരമായ ആറാം ക്ലാസുകാരിയെ തിരിച്ചറിഞ്ഞു.
ലീഡറായ താന്‍ പറഞ്ഞാല്‍ ക്ലാസിലെ സഹപാഠികള്‍ അനുസരിക്കാത്തതില്‍ മനംനൊന്ത് ക്ലാസ് ലീഡറായ ആറാം ക്ലാസുകാരി അധ്യാപികയ്ക്ക് രാജിക്കത്ത് എഴുതി നല്‍കുകയായിരുന്നു. ആ രാജിക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഹൃദയസ്പര്‍ശിയായ കുറിപ്പിനൊപ്പം ഈ രാജിക്കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്, അവളുടെ അനുവാദത്തോടെ ടീച്ചര്‍ തന്നെയാണ്. കുഞ്ഞു ലീഡറുടെ നിഷ്കളങ്കമായ രാജിക്കത്ത് മണിക്കൂറുകള്‍ക്കകം വൈറലായി മാറി. അതോടെ ഈ ആറാം ക്ലാസുകാരിയെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു പലരും.
തലയോലപ്പറമ്പ് എ.ജെ. ജോണ്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആറാം ക്ലാസുകാരി എസ്. ശ്രേയയാണു ക്ലാസ് ടീച്ചര്‍ നിഷയ്ക്കു കഴിഞ്ഞ 25-ന് രാജിക്കത്ത് നല്‍കിയത്. മുതിര്‍ന്ന ആളുകള്‍ ഉത്തരവാദിത്വമേറ്റെടുത്തു രാജി സമര്‍പ്പിക്കുന്നതു പോലുള്ള ജനാധിപത്യബോധം ഈ കുട്ടി പകര്‍ത്തിയതിലെ ആശ്ചര്യവും കുട്ടിയുടെ നിശ്ചയദാര്‍ഢ്യവും ആ പന്ത്രണ്ടുകാരിയെ ഇതിനകം സ്കൂളിലും നാട്ടിലും ശ്രദ്ധേയയാക്കി.
ശ്രേയയുടെ കത്തിലെ നിഷ്കളങ്കത തിരിച്ചറിഞ്ഞ് അതു പോസ്റ്റ് ചെയ്ത അധ്യാപിക നിഷയ്ക്കും സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്.
https://www.facebook.com/Malayalivartha