തേന്‍ കരടി കുഞ്ഞുങ്ങള്‍ക്ക് പേര് മാഹി, മിതാലി!
തുമകുരുവില്‍ നിന്ന് ഈയിടെ കണ്ടെത്തിയ കരടിക്കുഞ്ഞുങ്ങള്‍ക്ക് കര്‍ണാടക വനം വകുപ്പ് മഹേന്ദ്ര സിംഗ് ധോണിയുടെയും മിതാലി രാജിന്റെയും പേരിട്ടു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള ആദരസൂചകമായാണ് തേന്‍ കരടി കുഞ്ഞുങ്ങള്‍ക്ക് ഇവരുടെ പേരിട്ടതെന്നാണ് വകുപ്പ് നല്കുന്ന വിശദീകരണം.
മഹേന്ദ്ര സിംഗ് ധോണിയുടെ ചെല്ലപ്പേരായ മാഹി എന്നതാണ് ഒരു കരടിക്കുഞ്ഞിന്റെ പേര്. മറ്റൊന്നിന് മിതാലി എന്നും പേരിട്ടു. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഐസിസി റാങ്കിംഗില്‍ മൂന്നാം സ്ഥാനം വരെ എത്തിക്കുന്നതില്‍ മിതാലി വഹിച്ച പങ്കിനുള്ള സമ്മാനമായാണ് പെണ് കരടിക്കുഞ്ഞിന് ഇവരുടെ പേര് നല്‍കിയത്.
ഝാര്‍ഖണ്ഡിലെ ചെറുപട്ടണത്തില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെടുംതൂണായി മാറിയ മഹേന്ദ്ര സിംഗ് ധോണിയോടുള്ള ആദരവായാണ് അദ്ദേഹത്തിന്റെ ചെല്ലപ്പേര് നല്‍കിയത്. എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാന്‍ കരുത്തുള്ളവരാണ് ഈ രണ്ട് ക്രിക്കറ്റ് താരങ്ങളെന്നും, ഈ കരടിക്കുഞ്ഞുങ്ങളും ഇവരെ പോലെയാണെന്നുമാണ് വനം വകുപ്പ് പറയുന്നത്.
ഇവയെ ഇപ്പോള്‍ ബെംഗലുരുവിനടുത്ത് ബന്നര്‍ഗട്ട കരടി രക്ഷാ കേന്ദ്രത്തിലാണ് താമസിപ്പിച്ചിരിക്കുന്നത്. തുമകുരുവില്‍ 20 അടി താഴ്ചയുള്ള പൊട്ടക്കിണറ്റില്‍ നിന്നാണ് അടുത്തിടെ ഈ കരടിക്കുഞ്ഞുങ്ങളെ രക്ഷിച്ചത്. രണ്ട് ദിവസത്തോളം ഇവ കിണറ്റില്‍ കിടന്നിരുന്നു. കിണറ്റിലേക്ക് വീണ് സാരമായി പരിക്കേറ്റ അമ്മക്കരടി വെള്ളവും ഭക്ഷണവും കിട്ടാതായതോടെ ചത്തുപോയി.
കര്‍ഷകരാണ് കരടിക്കുഞ്ഞുങ്ങളെ കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. ഇവയെ, പിന്നീട് വനം വകുപ്പ് ഏറ്റെടുക്കുകയായിരുന്നു. ഏതാണ്ട് 20 ആഴ്ചയോളം പ്രായമുള്ള കരടിക്കുഞ്ഞുങ്ങളാണ് ഇവയെന്നും, ഇതിലൊന്ന് പെണ്ണും ഒന്ന് ആണാണെന്നും വൈദ്യപരിശോധനയില്‍ തിരിച്ചറിഞ്ഞു.
https://www.facebook.com/Malayalivartha