ഫോണുകളിലേക്ക് വരുന്നു, പൊട്ടിയാലും തനിയെ 'റിപ്പയര്‍' ചെയ്യുന്ന അദ്ഭുത ടച്ച് സ്‌ക്രീന്‍!

മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ പ്രധാന പേടികളിലൊന്ന് ഡിവൈസ് നിലത്തു വീണാല്‍ ചിന്നിച്ചിതറി ഉപയോഗശൂന്യമാകുമോയെന്നതാണ്. ചിന്നിച്ചിതറിയ ആ ഗ്ലാസൊന്നു മാറ്റിയിടണമെങ്കില്‍ ഏകദേശം ഫോണിനു ചെലവഴിച്ച അതേ തുക തന്നെ നല്‍കേണ്ടിയും വരും. അത്തരം സാഹചര്യങ്ങളില്‍ ഫോണ്‍ മാറ്റി പുതിയതു വാങ്ങുകയല്ലാതെ വേറെ വഴിയുമില്ല. പക്ഷേ ഗവേഷകര്‍ അതിനൊരു മറുപടിയുമായെത്തിയിരിക്കുകയാണിപ്പോള്‍. പൊട്ടിയാലും തനിയെ 'റിപ്പയര്‍' ചെയ്യുന്ന ഗ്ലാസ് സ്‌ക്രീനാണ് കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ തയാറാക്കിയിരിക്കുന്നത്.
പൊട്ടിച്ചും നിലത്തിട്ട് ഉരച്ചുമെല്ലാം അവര്‍ ഈ സ്‌ക്രീനിന്റെ ശേഷി പരിശോധിച്ചു. അധികമൊന്നും പറയേണ്ട; ഗ്ലാസ് രണ്ടുകഷ്ണമാക്കി ഒടിക്കുക കൂടി ചെയ്തു. പക്ഷേ 24 മണിക്കൂറിനകം ആ പൊട്ടിയ ഭാഗം സ്വയം ഒട്ടിച്ചേരുകയായിരുന്നു. അവശേഷിച്ചതാകട്ടെ നേരിയ ഒരു അടയാളവും! യഥാര്‍ഥ വലുപ്പത്തേക്കാളും 50 മടങ്ങു വരെ വലിച്ചുനീട്ടാവുന്ന തരം പോളിമര്‍ കൊണ്ടാണ് ഈ സെല്‍ഫ് ഹീലിങ് സ്‌ക്രീനിന്റെ നിര്‍മാണം. ഇതോടൊപ്പം ഉയര്‍ന്ന അയോണിക് ശേഷിയുള്ള കണികകളുമുണ്ട്. ഇവ രണ്ടും തമ്മില്‍ അയോണ്‍ ഡൈപോള്‍ ഇന്ററാക്ഷന്‍ (ചാര്‍ജ്ഡ് അയോണുകളും പോളാര്‍ തന്മാത്രകളും തമ്മിലുള്ളത്) നടക്കും. അതുവഴി ഒരു 'ബോണ്ട്' സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഗ്ലാസ് പൊട്ടുകയോ സ്‌ക്രാച്ച് വീഴുകയോ ചെയ്താലും ഇവ രണ്ടും തമ്മിലുള്ള ആകര്‍ഷണം കാരണം ഏറെ വൈകാതെ തന്നെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നര്‍ഥം.
നിലവില്‍ എല്‍ജിയുടെ ജി ഫ്‌ലെക്‌സ് പോലുള്ള ചില ഫോണുകളില്‍ ഇത്തരത്തിലുള്ള വസ്തു ഉപയോഗപ്പെടുത്തുന്നുണ്ട്. അതുപക്ഷേ ബാക്ക് കവറിലാണ്; പോറലുണ്ടായാല്‍ സ്വയം ആ പ്രശ്‌നം പരിഹരിക്കുന്നതാണ് ഇതിന്റെ ഗുണവും. ജി ഫ്‌ലെക്‌സിലുപയോഗിച്ച പദാര്‍ഥത്തിലൂടെ പക്ഷേ വൈദ്യുതി കടന്നുപോകില്ല. കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ തയാറാക്കിയ വസ്തുവിലൂടെ വൈദ്യുതി കടന്നുപോകുന്നു എന്നതാണു പ്രത്യേകത. അതിനാല്‍ത്തന്നെ മൊബൈല്‍ സ്‌ക്രീനുകള്‍ക്കും ബാറ്ററികള്‍ക്കും ഏറെ അനുയോജ്യവുമാണ്.
ഭൂരിപക്ഷം ഫോണ്‍ സ്‌ക്രീനുകള്‍ക്കും താഴെ ഇലക്ട്രോഡുകളുടെ ഒരു ശൃംഖല (ഗ്രിഡ്)യുണ്ടാകും. അതില്‍ തൊടുമ്പോള്‍ നിങ്ങളുടെ വിരലുകള്‍ കൂടി ഉള്‍പ്പെട്ട സര്‍ക്യൂട്ട് പൂര്‍ത്തിയാവുകയും ടച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ സ്മാര്‍ട് ഫോണ്‍ മേഖലയില്‍ വിപ്ലവകരമായ മാറ്റമായിരിക്കും ഈ സെല്‍ഫ് ഹീലിങ് മെറ്റീരിയല്‍ കൊണ്ടുവരിക. പൊട്ടലോ കോറലോ വീഴാത്ത മെഡിക്കല്‍ ഉപകരണങ്ങളും റോബട്ടുകളെയുമെല്ലാം നിര്‍മിക്കാനും ഇതുപയോഗിക്കാം. മൂന്നു വര്‍ഷത്തിനകം ഈ 'അദ്ഭുതവസ്തു' വിപണിയിലെത്തിക്കാനാകുമെന്ന ഉറപ്പും ഗവേഷകര്‍ നല്‍കുന്നു. അതിനോടകം തികച്ചും 'പെര്‍ഫെക്ട്' ആയി സ്വയം 'മുറിവുണക്കാന്‍' സാധിക്കുന്ന വിധത്തില്‍ ഇതിനെ പരിഷ്‌കരിച്ചെടുക്കുമെന്നും അവരുടെ ഉറപ്പ്.
https://www.facebook.com/Malayalivartha