തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്ന് ആരംഭിക്കും... 941 പഞ്ചായത്തുകളിലേക്ക് 13 മുതൽ 16 വരെയാണ് നറുക്കെടുപ്പ്

തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്ന് ആരംഭിക്കും. ഗ്രാമപഞ്ചായത്തുകളിലെ സംവരണ നറുക്കെടുപ്പാണ് ഇന്നാരംഭിക്കുന്നത്.
941 പഞ്ചായത്തുകളിലേക്ക് 13 മുതൽ 16 വരെയാണ് നറുക്കെടുപ്പ്. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗ സ്ത്രീ, പട്ടികജാതി, പട്ടികവർഗം എന്നീ സംവരണങ്ങളാണ് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുക.152 ബ്‌ളോക്ക് പഞ്ചായത്തുകളിലെ നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 18 ന് രാവിലെ 10നാണ്. അതത് ജില്ലകളിലെ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് നറുക്കെടുപ്പ് നടക്കുക.
14 ജില്ലാപഞ്ചായത്തുകളിലേയ്ക്കുള്ള സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 21 ന് രാവിലെ 10ന് നടക്കുന്നതാണ്. ഒക്ടോബർ 17ന് തിരുവനന്തപുരം സ്വരാജ് ഭവൻ കോൺഫറൻസ് ഹാളിൽ രാവിലെ 10ന് തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെയും, ഉച്ചയ്ക്ക് 2ന് കൊല്ലം മുനിസിപ്പൽ കോർപ്പറേഷനിലെയും വാർഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് നടത്തും.
ഒക്ടോബർ 18ന് കൊച്ചി കോർപ്പറേഷൻ ടൗൺഹാളിൽ രാവിലെ 10ന് കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിലെയും, 11.30ന് തൃശൂർ മുനിസിപ്പൽ കോർപ്പറേഷനിലെയും നറുക്കെടുപ്പ് നടത്തുന്നതാണ്.
"
https://www.facebook.com/Malayalivartha























