വിക്കറ്റെടുത്തപ്പോള്‍ നോട്ട്ബുക്കില്‍ പേര് കുറിച്ചുവച്ചതിന് ബാറ്റിലെഴുതി മറുപടി; ക്രിക്കറ്റിലെ അപൂര്‍വ്വ പ്രതികാരം

വെടിക്കെട്ട് ബാറ്റിങ് കൊണ്ടും വ്യത്യസ്തമായ ആഘോഷരീതി കൊണ്ടും പ്രശസ്തമാണ് കരീബിയന്‍ പ്രീമിയര്‍ ലീഗ്. സി.പി.എല്ലില്‍ ജമൈക്ക ടലവാഹ്‌സിന്റെ ബൗളര്‍ കെസ്‌റിക്ക് വില്ല്യംസിന്റെ വിക്കറ്റാഘോഷം ഇത്തരത്തില്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു. ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കിയ ശേഷം തന്റെ പോക്കറ്റില്‍ നിന്നും ഒരു നോട്ടുപുസ്തകം പുറത്തേയ്ക്ക് വലിച്ചെടുക്കുന്നതുപോലെ കാണിച്ചിട്ട് താന്‍ ഔട്ടാക്കിയ ബാറ്റ്സ്മാന്റെ പേര് പുസ്തകത്തില്‍ എഴുതുന്നതായി ഭാവിച്ച് കൈവെള്ളയില്‍ കുറിച്ചുവെക്കുന്ന രീതിയിലൂടെയാണ് കെസ്‌റിക്ക് പ്രശ്‌സ്തനായത്.
ഗയാന ആമസോണ്‍ വാരിയേഴ്‌സിനെതിരായ മത്സരത്തില്‍ ബാറ്റ്‌സ്മാന്‍ ചാഡ്വിക്ക് വാള്‍ട്ടനെ ഇത്തരത്തില്‍ കെസ്‌റിക്ക് പരിഹസിച്ചിരുന്നു. എന്നാല്‍ അതിന് അതേ നാണയത്തില്‍ തന്നെ കെസ്‌റിക്കിന് മറുപടി ലഭിച്ചു. ചാഡ്വിക്ക് വാള്‍ട്ടന്റെ മനോഹരമായ മധുര പ്രതികാരം.
ടലവാഹ്‌സും ആമസോണ്‍ വാരിയേഴ്‌സും വീണ്ടും നേര്‍ക്കുനേര്‍ വന്നപ്പോഴായിരുന്നു ചാഡ്വിക്ക് തന്റെ പ്രതികാരം തീര്‍ത്തത്. ആ മത്സരത്തില്‍ കെസ്‌റിക്കിനെ തലങ്ങും വിലങ്ങും ബൗണ്ടറിയിലേക്ക് പായിച്ച ചാഡ്വിക്ക് ഓരോ ഷോട്ടിന് ശേഷവും തന്റെ ബാറ്റിനെ സാങ്കല്‍പ്പിക നോട്ട്ബുക്കാക്കി ഓരോ റണ്‍സും എഴുതിച്ചേര്‍ത്തു.
കെസ്‌റിക്കിനെ നേരിട്ട ആദ്യ ഓവറില്‍ തന്നെ ചാഡ്വിക്ക് നേടിയത് 23 റണ്‍സാണ്. തുടര്‍ന്നും കെസ്‌റിക്കിനെ അടിച്ചുപരത്തിയ ചാഡ്വിക്ക് 40 പന്തില്‍ നിന്ന് 84 റണ്‍സ് കണ്ടെത്തി ആമസോണ്‍ വാരിയേഴ്‌സിനെ വിജയത്തിലേക്ക് നയിച്ചു.
https://www.facebook.com/Malayalivartha