മോദി ജീ നമിച്ചു!വിജയൻജിയെ ഇങ്ങനെയും പണിയാമോ?പണി കിട്ടിയിട്ടും സഖാവിന് കേരളീയം

സംസ്ഥാന സർക്കാരിനെ സംബന്ധിച്ചടുത്തോളം ഇത് നൽകുന്നത് വലിയ ശുഭപ്രതീക്ഷയാണ്. കേന്ദ്രത്തിൽ നിന്നും പച്ചക്കൊടി ലഭിക്കാനായി കാത്തിരുന്ന പിണറായി സർക്കാരിനും ഇനി കെ റെയിലിനുള്ള നീക്കം ഇരട്ടിവേഗത്തിലാക്കാം. വലിയ പ്രതീക്ഷയോടെ അവതരിപ്പിക്കപ്പെട്ടിട്ടും കെ റെയിലിനുള്ള മുന്നോട്ട് പോക്ക് അനങ്ങാതായതോടെ, ഇനി കേന്ദ്രം പറയട്ടെ എന്ന നിലപാടിൽ സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിച്ച് നിര്‍ത്തിയ പദ്ധതിക്കാണ് ഇപ്പോൾ നേരിയ പച്ചവെളിച്ചം തെളിഞ്ഞിരിക്കുന്നത്.
സില്‍വര്‍ലൈന്‍ പദ്ധതിയ്ക്കു വേണ്ടി ഏറ്റെടുക്കേണ്ടി വരുന്ന റെയില്‍വേ ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ റെയില്‍വേ ബോര്‍ഡ് കെ - റെയില്‍ കോര്‍പറേഷനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. റെയില്‍വേ ഭൂമിയുടേയും ലെവല്‍ ക്രോസുകളുടേയും വിശദാംശങ്ങള്‍ക്കായി കെ - റെയിലും സതേണ്‍ റെയില്‍വേയും സംയുക്ത പരിശോധന നടത്തി രൂപരേഖയുണ്ടാക്കുകയും ചെയ്തിരുന്നു. ഇതിൽ വിശദപരിശോധന ആവശ്യപ്പെട്ട് ഗതിശക്തി വിഭാഗം ദക്ഷിണ റെയിൽവേക്ക് നൽകിയ കത്തിൽ ഭൂമിയുടെ വിശദാംശങ്ങൾ അടക്കം ഉൾപ്പെടുത്തി മറുപടിയും നൽകി. ഇതിന്‍റെ തുടര്‍ ചര്‍ച്ചകൾ കെ റെയിൽ കോര്‍പറേഷനുമായി നടത്തണമെന്നും അടിയന്തര പ്രാധാന്യമുള്ള പദ്ധതിയെന്നും ഓര്‍മ്മിപ്പിച്ചാണ് റെയിൽവേ ബോര്‍ഡിന്‍റെ ഇടപെടൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
9 ജില്ലകളിലായി 108 ഹെക്ടര്‍ റെയില്‍വേ ഭൂമിയാണ് കെ റെയിൽ സിൽവര്‍ ലൈനിന് വേണ്ടിവരിക. ഏഴ് ജില്ലകളിലായി കെട്ടിടങ്ങൾ നിൽക്കുന്ന 3.6 ഹെക്ടറും കെ റെയിൽ പദ്ധതി പരിധിയിലാണ്. നിലവിലെ സ്റ്റേഷനുകൾക്ക് സമീപത്തുകൂടെ കടന്ന് പോകുന്ന അതിവേഗ റെയിൽ രൂപരേഖയും പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. ഗതിശക്തിവിഭാഗത്തിന്‍റെ കത്തിലെ അടിയന്തര പ്രാധാന്യം എന്ന നിർദ്ദേശത്തിലാണ് സർക്കാർ വലിയ പ്രതീക്ഷ അർപ്പിക്കുന്നത്.
2024 ൽ നടക്കുന്ന ലോകസഭാ തെരഞ്ഞടുപ്പിൽ കേരളത്തിൽ ബിജെപി പരീക്ഷിക്കാൻ പോകുന്ന പുതിയ തന്ത്രമാണ് . കെ റയിൽ! ബംഗാളിൽ ഇടതു ഭരണത്തിന് അന്ത്യംകുറിച്ച ടാറ്റാ മോട്ടേഴ്സ് ഭൂമി വിവാദം പോലെ കേരളത്തിൽ കെ.റയിൽ പദ്ധതി ഇടതു യുഗത്തിന് അന്ത്യം കുറിക്കുമെന്ന് ബിജെപിയും കേന്ദ്ര സർക്കാരും കരുതുന്നു. കെ റയിൽ പദ്ധതിക്ക് അംഗീകാരം നൽകാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.
ബംഗാളിലെ മൂന്നരപ്പതിറ്റാണ്ടു കാലത്തെ ഇടതുഭരണത്തിന് അന്ത്യംകുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്സിനെ അധികാരത്തിലെത്തിച്ചത് സിംഗൂരിലെയും നന്ദിഗ്രാമിലെയും കർഷക രോഷമായിരുന്നു. ഇടതുപക്ഷ ഭരണകാലത്ത് സിംഗൂരില്‍ ടാറ്റയുടെ ചെറുകാര്‍ നിര്‍മാണശാല തുടങ്ങാന്‍ കൃഷിഭൂമി ഏറ്റെടുത്തതിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. അന്ന് പ്രതിപക്ഷത്തായിരുന്ന മമതയ്ക്കായിരുന്നു ഇതിന്റെ നേതൃത്വം. പ്രതിഷേധത്തെത്തുടര്‍ന്ന് സ്ഥലം ഉപേക്ഷിച്ചുപോയ ടാറ്റ ഗുജറാത്തിലെ സാനന്ദില്‍ കാര്‍ ഫാക്ടറി ആരംഭിച്ചു..
അധികാരത്തിലെത്തിയപ്പോള്‍ സിംഗൂരിലെ കര്‍ഷകരെ മമത മറന്നു. തിരികെ ലഭിച്ച ഭൂമിയില്‍ കര്‍ഷകര്‍ക്ക് വര്‍ഷങ്ങളായി കൃഷി ചെയ്യാനാവുന്നില്ല. ഭൂമിയിൽ ഫാക്ടറിയുടെ അവശിഷ്ടങ്ങള്‍ കിടക്കുകയാണ്. ഭൂമി കൃഷി യോഗ്യമാക്കാന്‍ മമത സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ കര്‍ഷകര്‍ കടുത്ത നിരാശയിലും രോഷത്തിലുമാണ്.
കാര്‍ ഫാക്ടറി വന്നാല്‍ മതിയായിരുന്നു എന്നാണ് ഇപ്പോള്‍ പല കര്‍ഷകരും പറയുന്നത്. അങ്ങനെയെങ്കില്‍ തങ്ങളുടെ മക്കള്‍ക്കെങ്കിലും അതില്‍ ജോലി കിട്ടുമായിരുന്നുവെന്നും, സുഖമായി ജീവിക്കാനാവുമായിരുന്നുവെന്നും കര്‍ഷകര്‍ കരുതുന്നു. ഫാക്ടറിക്കായി ഏറ്റെടുത്ത സ്വന്തം സ്ഥലത്ത് കൃഷി ചെയ്യാനാവാതെ പല കര്‍ഷകരും മറ്റുള്ളവരുടെ ഭൂമി പാട്ടത്തിനെടുത്ത് കൃഷിയിറക്കുകയാണ്. വളരെ കുറച്ച് വരുമാനമാണ് ഇതില്‍നിന്ന് ലഭിക്കുന്നത്. ഇതുകൊണ്ട് ജീവിക്കാനാവില്ലെന്ന് അവര്‍ പരാതിപ്പെടുന്നു.
ഇതുതന്നെയാണ് സിംഗൂരില്‍നിന്ന് 144 കി.മീ. അകലെയുള്ള നന്ദിഗ്രാമിലെയും സ്ഥിതി. ഇന്തോനേഷ്യയിലെ സാലിം ഗ്രൂപ്പ് രാസനിര്‍മാണശാല ആരംഭിക്കുന്നതിന് കൃഷിഭൂമി ഏറ്റെടുത്തതിനെതിരെ നടന്ന പ്രക്ഷോഭം വെടിവെപ്പില്‍ കലാശിക്കുകയും, 14 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പോലീസിനൊപ്പം ചേര്‍ന്ന് സിപിഎമ്മുകാരും കര്‍ഷകര്‍ക്കുനേരെ നിറയൊഴിച്ചു. ഇതേ തുടര്‍ന്ന് സാലിം ഗ്രൂപ്പ് പദ്ധതി ഉപേക്ഷിച്ചുപോവുകയായിരുന്നു.ഇത് കേരളത്തിലും ആവർത്തിക്കാൻ ബി ജെ പി ആഗ്രഹിക്കുന്നു.
ഒരിക്കല്‍ ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന നന്ദിഗ്രാമം കര്‍ഷക പ്രക്ഷോഭത്തെത്തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ സ്വാധീനമേഖലയായി മാറി. എന്നാല്‍ മമത മുഖ്യമന്ത്രിയായശേഷം തൃണമൂലിന്റെ ഒരു നേതാവും നന്ദിഗ്രാമിലേക്ക് തിരിഞ്ഞുനോക്കിയില്ല. ഇതില്‍ കടുത്ത അമര്‍ഷമാണ് കര്‍ഷകര്‍ പ്രകടിപ്പിക്കുന്നത്. തങ്ങളുയര്‍ത്തിയ പ്രതിഷേധത്തിന്റെ ചെലവിലാണ് മമത അധികാരത്തില്‍ വന്നതെന്ന് അവര്‍ ഓര്‍മിപ്പിക്കുന്നു.
സമാന സ്ഥിതിയാണ് കേരളത്തിലും സംഭവിക്കാൻ പോകുന്നത്. കെ റയിലിന് വേണ്ടി ഏക്കർ കണക്കിന് സ്ഥലം ഏറ്റെടുക്കേണ്ടി വരും. ഇതിനകം തന്നെ സ്ഥലം ഏറ്റെടുക്കൽ വലിയ വിവാദത്തിലെത്തിക്കഴിഞ്ഞിട്ടുണ്ട് . ജനകീയ പ്രക്ഷോഭം ഭയന്ന് ഒരു ഘട്ടത്തിൽ പദ്ധതിയിൽ നിന്നും സർക്കാർ പിൻമാറിയതാണ്. എന്നാൽ പിണറായി വിജയൻെറ അഹങ്കാരത്തിൻ്റെ ഫലമായി പദ്ധതി വീണ്ടും പ്രാവർത്തികമാവുകയാണ്. പദ്ധതിയുടെ അംഗീകാരത്തിന് വേണ്ടി കേന്ദ്ര സർക്കാരിൽ നിരന്തര സമ്മർദ്ദം ചെലുത്തുകയാണ് കേരള സർക്കാർ.
സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. റോജി എം ജോണിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം 'കേരളത്തിന്‍റെ പശ്ചാത്തലസൗകര്യ വികസനത്തില്‍ വന്‍കുതിപ്പുണ്ടാക്കുന്ന ഒന്നായാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇത് സമ്പദ്ഘടനയ്ക്കും വ്യവസായാന്തരീക്ഷത്തിനും സാമൂഹിക വളര്‍ച്ചയ്ക്കും നല്‍കുന്ന സംഭാവന ഒട്ടുംതന്നെ ചെറുതല്ല.പദ്ധതി മരവിപ്പിച്ചുവെന്നത് വസ്തുതാവിരുദ്ധമാണ്. പദ്ധതിയുടെ ഡി.പി.ആര്‍ അനുമതിക്കായി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയും റെയില്‍വേ മന്ത്രാലയം ആരാഞ്ഞ വിവരങ്ങള്‍ക്ക് സ്പഷ്ടീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്. ഡി.പി.ആര്‍ റെയില്‍വേമന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
പദ്ധതിക്ക് തത്വത്തിലുള്ള അംഗീകാരം ലഭിച്ചതാണ്. റെയില്‍വേ, ധനമന്ത്രാലയങ്ങളുടെ അറിയിപ്പുകളും സര്‍ക്കുലറുകളും പ്രകാരം നിക്ഷേപപൂര്‍വ്വ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇതുമായി ബന്ധപ്പെട്ട ജിയോ ടെക്‌നിക്കല്‍ പഠനം, ഹൈഡ്രോളിജിക്കല്‍ പഠനം, സമഗ്ര പരിസ്ഥിതി ആഘാത പഠനം, തുടങ്ങിയവ നടന്നു. മേല്‍പ്പറഞ്ഞ നിക്ഷേപപൂര്‍വ്വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായാണ് ഭൂഅതിര്‍ത്തി നിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇത് ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനമല്ല. ഭൂമി ഏറ്റെടുക്കുന്നതിനു മുമ്പുതന്നെ ഭൂവുടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം കാലവിളംബം കൂടാതെ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. അതിനാല്‍തന്നെ ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍ പല ആവര്‍ത്തി വ്യക്തമാക്കിയതാണ്.
നിലവില്‍ സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി അതിര്‍ത്തി തിരിച്ചിട്ടുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നതിന് നിയമപരമായി ഒരു തടസ്സവുമില്ല. ഭൂമി ഏറ്റെടുക്കലിന് ആധാരമായ 2013 ലെ LARR നിയമത്തിന്റെ വകുപ്പ് 11 (1) പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ മാത്രമേ ഭൂമിയുടെ ക്രയവിക്രയങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരികയുള്ളൂ. ഈ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലാത്തതിനാല്‍ നിലവില്‍ ക്രയവിക്രയം സാധ്യമാണ്. ഭൂമി പണയം വച്ച് വായ്പയെടുക്കുന്നതിനും തടസ്സമുണ്ടാകേണ്ടതില്ല. ഭയാശങ്കകളുടെ അന്തരീക്ഷം സൃഷ്ടിച്ച് പദ്ധതിയെതന്നെ ആരംഭത്തിനു മുമ്പേ തുരങ്കം വയ്ക്കാനാണ് ചില വാര്‍ത്താനിര്‍മ്മിതികളിലൂടെ നടന്നുവരുന്നത്. ഇതാണ് പിണറായിയുടെ നിലപാട്.
സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി ലഭ്യമായിട്ടില്ലാത്തതിനാല്‍ മറ്റ് പദ്ധതികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കാൻ റവന്യൂ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും തത്ക്കാലം പുനര്‍വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് പദ്ധതി നിര്‍ത്തിവച്ചിട്ടുണ്ട് എന്ന പ്രചരണത്തിനായി ഉപയോഗിക്കുന്നത് തെറ്റിദ്ധാരണാജനകമാണ്.
പദ്ധതിപ്രദേശങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും, സാമൂഹികാഘാത പഠനങ്ങളുമായി ബന്ധപ്പെട്ട് ഏര്‍പ്പെട്ട ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണത്തെ തടസ്സപ്പെടുത്തുകയും ചെയ്തതു സംബന്ധിച്ചാണ് കേസുകള്‍ എടുത്തത്'. ഇത് പിന്‍വലിക്കുന്ന കാര്യം ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏതായാലും ലോക്സഭാ തെരഞ്ഞടുപ്പിന് മുമ്പ് തന്നെ കെ റയിൽ നടപ്പാകാൻ നടപടി തുടങ്ങും എന്ന കാര്യത്തിൽ സംശയമില്ല. അങ്ങനെ വരുമ്പോൾ ഇലക്ഷന് മുമ്പ് ചോരപ്പുഴ ഒഴുകും. പിന്നെ സി പി എമ്മിന്റെ കാര്യത്തിൽ തീരുമാനമാകുമെന്ന് ബി ജെ പി കരുതുന്നു.ജനങളെ വെറുപ്പിക്കുന്ന കാര്യത്തിൽ ഡോക്ടറേറ്റ് എടുത്തവരാണ് കേരളം ഭരിക്കുന്നത്.
https://www.facebook.com/Malayalivartha