ക്ഷമയോടെയും ജാഗ്രതയോടെയും സമീപിക്കേണ്ട ഒരാഴ്ചയാണിത്...

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): കാര്യങ്ങളെ ക്ഷമയോടെയും ജാഗ്രതയോടെയും സമീപിക്കേണ്ട ഒരാഴ്ചയാണിത്. ദാമ്പത്യ ഐക്യവും പ്രതീക്ഷിക്കാം. എങ്കിലും, ജോലിസ്ഥലത്തും കുടുംബത്തിലും ചില അപവാദങ്ങളെ ശാന്തമായി നേരിടേണ്ടിവരാം. പിതാവിനോ പിതൃതുല്യരായവർക്കോ രോഗാവസ്ഥ വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ പ്രത്യേക കരുതൽ നൽകണം. വാഹനം ഉപയോഗിക്കുന്നവർ വളരെയധികം ശ്രദ്ധയോടെ ഓടിക്കുക.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): വാരത്തിന്റെ അവസാനം ബന്ധുജനങ്ങളിൽ നിന്ന് നല്ല പിന്തുണയും സഹായവും ലഭിക്കുകയും കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായ നിമിഷങ്ങൾ ചെലവഴിക്കുകയും ചെയ്യും. എങ്കിലും, കുടുംബത്തിൽ ചില അസ്വാരസ്യങ്ങൾ വരാനിടയുണ്ട്. സഹോദരങ്ങൾ തമ്മിലുള്ള വാക്തർക്കങ്ങൾ കേസ് വഴക്കിലേക്ക് നയിക്കാതിരിക്കാൻ ക്ഷമയോടെ പെരുമാറണം. ആരോഗ്യ കാര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കണം. നിയമപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): വാരത്തിന്റെ തുടക്കത്തിൽ ജീവിതത്തിൽ സന്തോഷിക്കുവാനുള്ള അവസരങ്ങളും ധനലാഭവും ബന്ധുജനങ്ങളുമായി ഒത്തുചേരലുകളും ഉണ്ടാകും. പ്രണയിതാക്കൾക്ക് ഇഷ്ടപ്പെട്ടവരുമായി വിവാഹത്തിന് വീട്ടുകാരുടെ സമ്മതം ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ, സാമ്പത്തിക സംബന്ധിയായ രേഖകളിൽ ഒപ്പിടുമ്പോൾ ജാഗ്രത പാലിക്കണം. അനാവശ്യ കൂട്ടുകെട്ടുകൾ ധനനഷ്ടത്തിനും മാനഹാനിക്കും കാരണമാകാനിടയുള്ളതിനാൽ ശ്രദ്ധിക്കുക.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കഴിഞ്ഞ ആഴ്ചകളെ അപേക്ഷിച്ച് ഈ ആഴ്ച കൂടുതൽ ഗുണകരമായ ഫലങ്ങൾ അനുഭവത്തിൽ വരും. കുടുംബത്തിൽ സമാധാനപരമായ അന്തരീക്ഷം നിലനിൽക്കുകയും മാതാപിതാക്കളുമായി അടുപ്പം കൂടുകയും ചെയ്യും. പുതിയ പദ്ധതികൾ ആരംഭിക്കാനും വിദ്യാർത്ഥികൾക്ക് പഠനത്തിൽ പുരോഗതി നേടാനും സാധിക്കും. പോലീസ്, പട്ടാളം പോലുള്ള സാഹസിക ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കീർത്തിയും ഉന്നത സ്ഥാനവും ലഭിക്കാൻ സാധ്യതയുണ്ട്.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): വാരത്തിന്റെ അവസാനം കാര്യങ്ങൾ മെച്ചപ്പെടുകയും തൊഴിലിടങ്ങളിലെ അനുകൂല അന്തരീക്ഷം ആശ്വാസം നൽകുകയും ചെയ്യും. കഠിനാധ്വാനത്തിലൂടെ കീർത്തിയും ധനനേട്ടവും കൈവരിക്കാൻ സാധിക്കും. എന്നാൽ, വാരത്തിന്റെ തുടക്കത്തിൽ ജാഗ്രതയോടെ സമീപിക്കേണ്ട ചില പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാവാം. ശത്രുക്കളിൽ നിന്ന് അപകട സാധ്യതയും കേസ് വഴക്കുകളിൽ പരാജയവും വരാനിടയുണ്ട്. ആമാശയ സംബന്ധമായ രോഗങ്ങൾ വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകണം.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): തൊഴിൽ മേഖലയിൽ നിർണ്ണായകമായ വഴിത്തിരിവുകൾക്കും പുതിയ അവസരങ്ങൾക്കും നിലവിലെ ജോലിയിൽ മാറ്റങ്ങൾക്കും സാധ്യതയുള്ള ഒരാഴ്ചയാണിത്. എങ്കിലും, ശത്രുക്കളുടെ ഉപദ്രവം വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുകയും സ്വയം സംരക്ഷിക്കുകയും ചെയ്യണം. ലോൺ, കടബാധ്യതകൾ എന്നിവയിൽ ഏർപ്പെടുമ്പോൾ ചതിയും വഞ്ചനയും സംഭവിക്കാനുള്ള സാധ്യതകളുണ്ട്. ഭക്ഷ്യവിഷബാധ ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഭക്ഷണ കാര്യത്തിൽ ശ്രദ്ധ ചെലുത്തുക.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്ക് സ്ഥാനക്കയറ്റത്തിനും വ്യാപാര മേഖലകളിൽ സാമ്പത്തിക നേട്ടത്തിനും സാധ്യതയുള്ള ഒരാഴ്ചയാണിത്. പല പുതിയ വരുമാന സ്രോതസ്സുകളും അനുഭവത്തിൽ വരും. സന്തോഷവും സൗകര്യവും ലഭിക്കുന്ന തരത്തിൽ ജന്മനാട്ടിലേക്ക് ഉദ്യോഗമാറ്റം ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ, വാരമധ്യത്തിൽ ഉദര-ജ്വര രോഗങ്ങൾക്ക് സാധ്യതയുള്ളതിനാൽ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണം. അന്യ സ്ത്രീകളുമായി ഇടപഴകുമ്പോൾ ധന നഷ്ടവും അപവാദവും വരാനിടയുണ്ട്.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): ക്ഷമയോടെയും വിവേകത്തോടെയുമുള്ള തീരുമാനങ്ങളിലൂടെ ഈ ആഴ്ച ഗുണകരമാക്കി മാറ്റാൻ സാധിക്കും. സഹോദരങ്ങളിൽ നിന്നും സഹായവും പിന്തുണയും ലഭിക്കും. സാഹസികതയിൽ ഏർപ്പെടാൻ താൽപ്പര്യം തോന്നിയേക്കാം. എങ്കിലും അപകടസാധ്യതകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. യാത്ര ചെയ്യുന്നതിനും പുതിയ കാര്യങ്ങൾ പഠിക്കുന്നതിനും സർഗ്ഗാത്മക പ്രവർത്തനങ്ങളിലും ഏർപ്പെടാനും ഈ വാരം അനുയോജ്യമാണ്. ദേഷ്യം നിയന്ത്രിച്ച് മറ്റുള്ളവരെ ബഹുമാനിക്കുന്നത് നല്ല ബന്ധങ്ങൾക്ക് പ്രധാനമാണ്.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): ഈ വാരം നിങ്ങൾക്ക് ഐശ്വര്യവും സന്തോഷവും നിറഞ്ഞതായിരിക്കും; നല്ല തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. ആരോഗ്യനില മെച്ചപ്പെടുകയും അസുഖങ്ങൾ ഭേദമാവുകയും ചെയ്യും. മാനസികമായി അനുഭവിച്ചിരുന്ന പ്രയാസങ്ങൾ ഇല്ലാതാവാനും അപ്രതീക്ഷിത സമ്മാനങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. കൃഷി, കന്നുകാലി വളർത്തൽ തുടങ്ങിയ മേഖലകളിൽ നിന്ന് ധനലാഭം ലഭിക്കും. എങ്കിലും, അമിതമായ ആഡംബര പ്രിയം കാരണം ചെലവ് വർദ്ധിക്കാൻ സാധ്യതയുണ്ടെങ്കിലും സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ ഇടയുണ്ട്.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): കുടുംബ ബന്ധുജനങ്ങളിൽ നിന്ന് നല്ല സഹായ സഹകരണങ്ങൾ ലഭിക്കുന്ന ഈ സമയത്ത് മനസ്സിന് സന്തോഷവും സമാധാനവും ഉണ്ടാകും. ഭാര്യാഭർതൃ ഐക്യം, തൊഴിൽ വിജയം, ധനനേട്ടം എന്നിവ വന്നുചേരും. ജോലിയിൽ സ്ഥാനക്കയറ്റമോ ശമ്പള വർദ്ധനവോ ലഭിക്കുവാൻ ഇടയുണ്ട്. എന്നാൽ, വാരമധ്യത്തോടെ അനാവശ്യ ചിന്തകൾ അലട്ടാനും രോഗാദി ദുരിതങ്ങൾ, മനോദുഃഖം, പ്രവർത്തന തടസ്സം, ഭാഗ്യഹാനി എന്നിവ വന്നുചേരാനും സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): ഈ ആഴ്ച പൊതുവെ ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ നൽകും. പൊതുജനശ്രദ്ധ നേടാനും അംഗീകാരം നേടാനുമുള്ള നല്ല അവസരങ്ങൾ ലഭിക്കുകയും ബിസിനസ്സിൽ പുതിയ സാധ്യതകൾ തുറക്കപ്പെടുകയും ചെയ്യും. പുതിയ വാഹനം സ്വന്തമാക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. എങ്കിലും, കുടുംബാംഗങ്ങൾ, ബന്ധുക്കൾ, അയൽക്കാർ എന്നിവരുമായി അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും ഉടലെടുക്കാനുള്ള സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. ചില സന്ദർഭങ്ങളിൽ മാനസിക സമ്മർദ്ദവും ആരോഗ്യപരമായ വെല്ലുവിളികളും ഉണ്ടാകാം.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): വളരെ കാലമായി ജോലിയില്ലാതിരുന്ന ആളുകൾക്ക് അർഹമായ ജോലി ലഭിക്കാനും അതിൽ വിജയം കൈവരിക്കാനും ഈ വാരം സാധ്യതയുണ്ട്. ഭാര്യാഭർത്താക്കന്മാർ തമ്മിൽ പരസ്പര വിശ്വാസവും ഐക്യവും വർദ്ധിക്കും. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് കരിയറിലെ മികച്ച അംഗീകാരം ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുകയോ അതിന് പ്രധാന പങ്ക് വഹിക്കുകയോ ചെയ്യും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ പെട്ടെന്ന് നടപ്പിലാകുന്ന അവസ്ഥ സംജാതമാകും.
"
https://www.facebook.com/Malayalivartha



























