കെ.എല്‍ രാഹുലിനും എം.എസ് ധോണിയ്ക്കും സെഞ്ചുറി; ലോകകപ്പ് സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍
ലോകകപ്പ് ക്രിക്കറ്റ് അവസാന സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. കെ.എല്‍ രാഹുലിന്റയും (108) എം.എസ് ധോണിയുടേയും (113) സെഞ്ചുറി മികവില്‍ 360 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യകുറിച്ചു. ആദ്യ സന്നാഹത്തിന്റെ തനിയാവര്‍ത്തനമായി മുന്‍നിര തകര്‍ന്നപ്പോള്‍ രാഹുലും ധോണിയും മികച്ച ഇന്നിംഗ്സിലൂടെ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു.
ഓപ്പണര്‍മാരായ രോഹിത് ശര്‍മയും (19) ശിഖര്‍ ധവാനും (1) ഇത്തവണയും ക്ലച്ച് പിടിച്ചില്ല. 42 പന്തുകള്‍ നേരിട്ട രോഹിതിന്റെ ബാറ്റില്‍നിന്ന് ഒരു തവണ മാത്രമാണ് പന്ത് ബൗണ്ടറിയിലേക്ക് പാഞ്ഞത്. ധവാന് ഒമ്ബത് പന്ത് നേരിട്ട ശേഷം വിക്കറ്റിനു മുന്നില്‍ കുടുങ്ങിമടങ്ങി. പിന്നീട് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും (47) രാഹുലും ചേര്‍ന്ന് നിലയുറപ്പിച്ചു. കോഹ്ലി അര്‍ധ സെഞ്ചുറിക്കു തൊട്ടടുത്ത് വീണു. പിന്നാലെ എത്തിയ വിജയ് ശങ്കറും (2) പരാജയ ശങ്കറായതോടെ ഇന്ത്യ വീണ്ടും പതറി. 102 റണ്‍സ് മാത്രമായിരുന്നു സ്കോര്‍കാര്‍ഡില്‍.
ഇതോടെ കളത്തിലെത്തിയ ക്യാപ്റ്റന്റെ ക്യാപ്റ്റന്‍ രാഹുലിനൊപ്പം കളി ഏറ്റെടുത്തു. മെല്ലെനിന്ന് കത്തിപ്പിടിച്ച സഖ്യം 164 റണ്‍സിന്റെ വമ്ബന്‍ കൂട്ടുകെട്ട് സൃഷ്ടിച്ചാണ് പിരിഞ്ഞത്. ധോണിയുടെ ഇന്നിംഗ്സില്‍ ഏഴ് കൂറ്റന്‍ സിക്സറുകളും എട്ട് ബൗണ്ടറികളും. രാഹുലിന്റെ ഇന്നിംഗ്സില്‍ നാല് സിക്സറുകളും 12 ബൗണ്ടറികളും. ഏഷ്യകപ്പ് ഫൈനലിലെ പോരാട്ടത്തിനുശേഷം ഇന്ത്യയും ബംഗ്ലാദേശും ആദ്യമായാണ് നേര്‍ക്കുനേര്‍ വരുന്നത്.
https://www.facebook.com/Malayalivartha