ശ്രീലങ്ക സ്‌കോട്‌ലന്‍ഡിനെ തകര്‍ത്തു

സ്‌കോട്‌ലന്‍ഡിനെ 148 റണ്‍സിന് തകര്‍ത്ത് ശ്രീലങ്ക ലോകകപ്പിന്റെ പ്രാഥമിക റൗണ്ട് പൂര്‍ത്തിയാക്കി. കളിച്ച ആറില്‍ നാല് മത്സരവും ജയിച്ച് എട്ട് പോയിന്റുമായി അവര്‍ ക്വാര്‍ട്ടറില്‍ കടന്നു. 364 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സ്‌കോട്ടിഷ് പോരാട്ടം 43.1 ഓവറില്‍ 215 റണ്‍സില്‍ അവസാനിച്ചു.
ഫ്രഡി കോള്‍മാന്‍ (70), പ്രിസ്റ്റണ്‍ മോംസെന്‍ (60) എന്നിവരുടെ അര്‍ധ സെഞ്ചുറികള്‍ മാത്രമാണ് സ്‌കോട്ടിഷ് ഇന്നിംഗ്‌സിലെ സവിശേഷത. ഇരുവരും നാലാം വിക്കറ്റില്‍ 118 റണ്‍സ് ചേര്‍ത്തെങ്കിലും മുന്‍ ചാമ്പ്യന്മാര്‍ക്കെതിരേ ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ ഉണ്ടായിരുന്നില്ല. ലങ്കയ്ക്ക് വേണ്ടി നുവാന്‍ കുലശേഖര, ദുഷ്മന്ത ചമീര എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടി. ലസിത് മലിംഗയ്ക്ക് രണ്ടു വിക്കറ്റ് ലഭിച്ചു.
നേരത്തേ കുമാര്‍ സംഗക്കാര, തിലക്‌രത്‌നെ ദില്‍ഷന്‍ എന്നിവരുടെ സെഞ്ചുറികളുടെ മികവിലാണ് ലങ്ക 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സ് അടിച്ചുകൂട്ടിയത്. തുടര്‍ച്ചയായ നാലാം ലോകകപ്പ് സെഞ്ചുറി നേടിയ സംഗക്കാര 95 പന്തില്‍ 124 റണ്‍സ് നേടി. 13 ഫോറും നാലു സിക്‌സും സംഗ പറത്തി. നാലാം ലോകകപ്പ് സെഞ്ചുറി നേടിയ ദില്‍ഷന്‍ 10 ഫോറും ഒരു സിക്‌സും അടക്കം 104 റണ്‍സ് നേടി. ഇരുവരും ചേര്‍ന്നു രണ്ടാം വിക്കറ്റില്‍ 195 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ മുന്നിലായ സംഗക്കാര ഇതുവരെ 496 റണ്‍സ് നേടിക്കഴിഞ്ഞു. ശരാശരി 124.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha