ഇന്ത്യയോട് ശത്രു എന്ന പോലെ പെരുമാറി; സച്ചിന്റെ തോളി തട്ടിയ പന്തിന് എല്‍.ബി വിധിച്ചു; തുടര്‍ച്ചയായി തെറ്റായ തീരുമാനം എടുത്തപ്പോള്‍ ക്യാപ്റ്റന്‍ കൂള്‍ പോലും ചൂടായി; എന്നിട്ടും ഹാര്‍പര്‍ ഇപ്പോളും പറയുന്നു അയാളാണ് ശരിയെന്ന്; ഇവനെ എന്തു ചെയ്യണം

1999 ലെ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ബൗണ്‍സറില്‍നിന്ന് രക്ഷപ്പെടാന്‍ കുനിഞ്ഞ സച്ചിന്റെ തോളില്‍ പന്തിടിച്ചപ്പോള്‍ ഓസീസ് താരങ്ങളുടെ അപ്പീല്‍ ശരിവച്ച് എല്‍ബി വിധിച്ചു. അന്നുവരെയുള്ള ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിവാദ തീരുമാനം. ഇതുതന്നെയാണ് ഡാരില്‍ ഹാര്‍പര്‍ എന്ന ഓസ്‌ട്രേലിയക്കാരാനായ അംപയറെ കുപ്രസിദ്ധനാക്കിയത്. എന്നാല്‍ ഇന്ത്യയോടുള്ള ഇയാളുടെ പക പിന്നെയും പലതവണ ക്രിക്കറ്റ് ലോകം കണ്ടതാണ്. വെസ്റ്റിന്‍ഡീസുകാരന്‍ സ്റ്റീവ് ബക്‌നര്‍ കഴിഞ്ഞാല്‍, ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് അത്ര പ്രിയമില്ലാത്ത അംപയറായിരുന്നു ഹാര്‍പര്‍. സച്ചിന്റെ ഔട്ട് മാറ്റിനിര്‍ത്തിയാല്‍പ്പോലും ഇന്ത്യയ്‌ക്കെതിരായ ഒരുകൂട്ടം തീരുമാനങ്ങളുമായി പലപ്പോഴും വില്ലനായി മാറിയ അംപയറാണ് ഹാര്‍പര്‍. സച്ചിനെതിരായ അന്നത്തെ തന്റെ തീരുമാനത്തില്‍ 'അഭിമാനത്തോടെ ഉറച്ചുനില്‍ക്കുന്നു'വെന്ന് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഹാര്‍പര്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു.
ഐസിസി അംപയറെന്ന നിലയില്‍ ഹാര്‍പറിന്റെ അവസാന ടെസ്റ്റ് പരമ്പര 2011ലായിരുന്നു. ഇന്ത്യയുടെ വിന്‍ഡീസ് പര്യടനമായിരുന്നു ഇത്. അന്ന് മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയോടെയാണ് ഹാര്‍പര്‍ വിരമിക്കാനിരുന്നത്. എന്നാല്‍, പരമ്പരയുടെ തുടക്കം മുതല്‍ ഇന്ത്യയ്‌ക്കെതിരായ തീരുമാനങ്ങളിലൂടെ ഹാര്‍പര്‍ വിവാദപുരുഷനായി. അന്നത്തെ ക്യാപ്റ്റനായിരുന്ന മഹേന്ദ്രസിങ് ധോണി കടുത്ത വിമര്‍ശമുയര്‍ത്തിയതിനെ തുടര്‍ന്ന് 'വിരമിക്കല്‍ ടെസ്റ്റി'ല്‍നിന്ന് ഹാര്‍പറിന് പിന്‍മാറേണ്ടി വന്നത് ചരിത്രമാണ്.
ജമൈക്കയിലെ കിങ്സ്റ്റണില്‍ നടന്ന ഒന്നാം ടെസ്റ്റിലാണ് ഹാര്‍പര്‍ വിവാദ തീരുമാനങ്ങളിലൂടെ ഇന്ത്യക്കാരുടെ ശത്രുത കൂട്ടിയത്. ബോളിങ്ങിനുശേഷം പിച്ചിലെ നിരോധിത മേഖലയിലേക്ക് പ്രവേശിച്ചതിന് അരങ്ങേറ്റ ടെസ്റ്റ് കളിച്ച ഇന്ത്യന്‍ താരം പ്രവീണ്‍ കുമാറിനെ വിലക്കിയതായിരുന്നു ഹാര്‍പറിന്റെ ഏറ്റവും വിവാദപരമായ തീരുമാനം. ആ ഇന്നിങ്‌സില്‍ തുടര്‍ന്ന് ബോള്‍ ചെയ്യുന്നതില്‍നിന്നാണ് ഹാര്‍പര്‍ പ്രവീണ്‍കുമാറിനെ വിലക്കിയത്.
ആ പരമ്പരയില്‍ ധോണിയുമായി ഉടക്കിയതിന്റെ വിശദാംശം ഹാര്‍പര്‍ പങ്കുവയ്ക്കുന്നത് ഇങ്ങനെയാണ്. 'അദ്ദേഹം ആദ്യ ടെസ്റ്റ് കളിക്കുന്നതിന്റെ ആവേശത്തിലായിരിക്കും അപ്രകാരം ചെയ്തത്. പക്ഷേ എനിക്കത് അത്ര നല്ല കാര്യമായി തോന്നിയില്ല. പലതവണ പ്രവീണ്‍കുമാര്‍ നിരോധിത മേഖലയിലേക്ക് കടന്നു. പ്രവീണ്‍കുമാര്‍ തുടക്കക്കാരനാണെന്നും കുറച്ചുകൂടി പരിഗണന നല്‍കണമെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി എന്റെ അടുത്തുവന്ന് ആവശ്യപ്പെട്ടത് ഓര്‍മയുണ്ട്. പക്ഷേ, അരങ്ങേറ്റ ടെസ്റ്റിനു മുന്‍പ് രാജ്യാന്തര തലത്തില്‍ 52 ഏകദിനങ്ങള്‍ കളിച്ചിരുന്ന പ്രവീണ്‍കുമാറിന് ഇതൊന്നും അറിയാത്തതല്ലല്ലോ. അന്ന് പ്രവീണിനെ തുടര്‍ന്ന് ബോള്‍ ചെയ്യുന്നതില്‍നിന്ന് ഞാന്‍ വിലക്കിയതും അതിനോടുള്ള ധോണിയുടെ പ്രതികരണവും എനിക്ക് നല്ല ഓര്‍മയുണ്ട്' ഹാര്‍പര്‍ വിശദീകരിച്ചു.
അതേസമയം, നിരോധിത മേഖലയില്‍ കടന്നതിന് ഹാര്‍പര്‍ ബോള്‍ ചെയ്യുന്നതില്‍നിന്ന് വിലക്കുന്ന ആദ്യ ഇന്ത്യന്‍ താരമല്ല പ്രവീണ്‍ കുമാര്‍. 2000ല്‍ ഇന്ത്യ സിംബാബ്‌വെയില്‍ പര്യടനത്തിനു പോയപ്പോള്‍ ആശിഷ് നെഹ്‌റയായിരുന്നു ഹാര്‍പറിന്റെ 'ഇര' അന്ന് ധോണി ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നില്ല. അതേസമയം, ആ സംഭവത്തെക്കുറിച്ച് ധോണിക്ക് അറിയാമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പ്രതികരണം തെളിയിക്കുന്നു.
'ഹാര്‍പര്‍, നിങ്ങളുമായി ഞങ്ങള്‍ക്ക് മുന്‍പും പ്രശ്‌നങ്ങളുണ്ടായിരുന്നു' എന്നായിരുന്നു ധോണിയുടെ വാക്കുകള്‍. ഞാന്‍ സ്‌ക്വയര്‍ ലെഗ്ഗിലേക്ക് നടക്കുമ്പോള്‍ ഉറക്കെ ചിരിച്ചുകൊണ്ടാണ് പോയത്. അത് ഒരുപക്ഷേ, അത്ര മാന്യമായ പ്രതികരണമായി ധോണിക്ക് തോന്നിയിരിക്കില്ല' ഹാര്‍പര്‍ വിവരിച്ചു. 'ടെസ്റ്റ് മത്സരത്തില്‍ നിരോധിത മേഖലയില്‍ പ്രവേശിച്ചതിന് ബോളിങ്ങില്‍നിന്ന് വിലക്കപ്പെടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ബോളറാണ് പ്രവീണ്‍ കുമാറെന്ന് ഒരുപക്ഷേ ധോണി അറിഞ്ഞിരിക്കാം. 2000ല്‍ ബുലവായോയില്‍വച്ച് ബോളിങ് വിലക്കപ്പെട്ട ആശിഷ് നെഹ്‌റയാണ് ആദ്യത്തെ ബോളറെന്നും ധോണി അറിഞ്ഞിരിക്കാം. അപൂര്‍വമായ ആ നടപടി കൈക്കൊണ്ട അംപയര്‍ ആരാണെന്നും ധോണി മനസ്സിലാക്കിയിരിക്കാം' ഹാര്‍പര്‍ പറഞ്ഞു.
കിങ്സ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യ 63 റണ്‍സിന് ജയിച്ചെങ്കിലും ഹാര്‍പറിന്റെ തീരുമാനങ്ങളോടുള്ള എതിര്‍പ്പ് മത്സരശേഷം ധോണി പരസ്യമാക്കിയിരുന്നു. 'മത്സരത്തില്‍ അംപയര്‍മാരുടെ ഭാഗത്തുനിന്ന് കൃത്യമായ തീരുമാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ മത്സരം വളരെ മുന്‍പ് തന്നെ തീര്‍ന്ന് ഞാന്‍ ഇപ്പോള്‍ ഹോട്ടല്‍ മുറിയിലിരുന്നേനെ' മത്സരശേഷം മാധ്യമങ്ങളെ കാണവെ ധോണി തുറന്നടിച്ചു. അതേസമയം, അംപയറിന്റെ തീരുമാനങ്ങളെ പരസ്യമായി വിമര്‍ശിച്ച ധോണി ശിക്ഷിക്കപ്പെടേണ്ടതായിരുന്നുവെന്നാണ് ഹാര്‍പറിന്റെ പക്ഷം. തന്നെ ഭയപ്പെടുത്താന്‍ പോലും ധോണി ശ്രമിച്ചതായി ഹാര്‍പര്‍ ആരോപിക്കുകയും ചെയ്തു.
'അംപയര്‍മാര്‍ കൃത്യമായി തീരുമാനമെടുത്തിരുന്നെങ്കില്‍ താരങ്ങളെല്ലാം വളരെ മുന്‍പുതന്നെ ഹോട്ടല്‍ മുറിയില്‍ വിശ്രമിച്ചേനെയെന്ന് മത്സരം ജയിച്ചശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതായി അറിഞ്ഞു. ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ ക്യാച്ചുകള്‍ കൃത്യമായി എടുത്തിരുന്നെങ്കില്‍ കുറച്ചുകൂടി നേരത്തെ എല്ലാവര്‍ക്കും ഹോട്ടലിലേക്കു പോകാമായിരുന്നുവെന്നാണ് എന്റെ അഭിപ്രായമെന്നാണ് ഹാര്‍പര്‍ പറയുന്നത്. പരമ്പരയിലെ ശേഷിച്ച രണ്ടു മത്സരങ്ങളിലും ഹാര്‍പറായിരുന്നു ഒരു അംപയറെങ്കിലും വിവാദത്തെ തുടര്‍ന്ന് അദ്ദേഹം പിന്‍മാറി. ഇതോടെ 96 ടെസ്റ്റുകളുമായി കരിയര്‍ അവസാനിപ്പിക്കുകയും ചെയ്തു. ആ പരമ്പരയില്‍ ധോണിയുടെ വഴിവിട്ട പെരുമാറ്റത്തിന് ഐസിസി നടപടി സ്വീകരിക്കാത്തതിലുള്ള രോഷവും ഹാര്‍പര്‍ പങ്കുവച്ചു. ഡൊമിനിക്കയിലെ മൂന്നാം ടെസ്‌റ്റോടെയാണ് ഹാര്‍പര്‍ വിരമിക്കേണ്ടിയിരുന്നത്. മത്സരത്തില്‍ ചില തെറ്റായ തീരുമാനങ്ങളെടുത്തു എന്നത് ഹര്‍പര്‍ തന്നെ സമ്മതിക്കുന്നുണ്ട്. അന്ന് ഇത്രമാത്രം സാങ്കേതിക വിദ്യകളൊന്നും ഇല്ലായിരുന്നുവെന്നും അദ്ദേഹം ന്യായികരിച്ചു. പക്ഷേ അംപയറെന്ന നിലയില്‍ തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍ തനിക് മികച്ച റെക്കോര്‍ഡുണ്ടായിരുന്ന രണ്ടാമത്തെ ടീമാണ് ഇന്ത്യയെന്നും ഹാര്‍പര്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha