ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ഇടക്കാല പരിശീലകനാകണം; രാഹുല്‍ ദ്രാവിഡിനെ നേരിട്ട് കാണാൻ ഒരുങ്ങി ബിസിസിഐ

ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് ടീമിന്റെ ഇടക്കാല പരിശീലകനായി ഇന്ത്യയുടെ ഇതിഹാസ താരവും ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചെയര്‍മാനായ രാഹുല്‍ ദ്രാവിഡിനെ നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായ രവി ശാസ്ത്രി ടി20 ലോകകപ്പോടെ സ്ഥാനം ഒഴിയുന്നതിനാല്‍ തല്‍സ്ഥാനത്തേക്ക് പുതിയ ഒരാളെ നിയമിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് ബിസിസിഐ.
ടി20 ലോകകപ്പിന് ശേഷം ഇന്ത്യക്ക് ന്യുസിലന്‍ഡുമായി പരമ്ബരയുള്ളതിനാല്‍ ഈ പരമ്ബരയില്‍ ടീമിന്റെ ഇടക്കാല പരിശീലകനായി രാഹുല്‍ ദ്രാവിഡിനെയാണ് ബോര്‍ഡ് കാണുന്നത്. താത്ക്കാലികമായി പരിശീലക സ്ഥാനം ഏറ്റെടുക്കാനാവശ്യപ്പെട്ട് താരത്തെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ബിസിസിഐ. പുതിയ പരിശീലകനെ നിയമിക്കാനുള്ള പ്രക്രിയയില്‍ കാലതാമസം നേരിട്ടേക്കാം എന്ന നിഗമനത്തിലാണ് ബിസിസിഐ ദ്രാവിഡിനോട് താത്ക്കാലികമായി പരിശീലക ചുമതല ഏറ്റെടുക്കാന്‍ ബിസിസിഐ ആവശ്യപ്പെടാനൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷ ബിസിസിഐ ഇതുവരെ ക്ഷണിച്ചിട്ടില്ല. വിജ്ഞാപനം ഇറക്കുന്നതിന് മുന്‍പ് അനുയോജ്യരായ ആളുകളെ കണ്ടെത്താനാണ് ബോര്‍ഡിന്റെ ശ്രമം. ചില വിദേശ പരിശീലകര്‍ ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ത്യക്കാരനെ തന്നെ പരിശീലകനാക്കാനാണ് ബിസിസിഐക്ക് താത്പര്യം. ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ദ്രാവിഡിനെ ബിസിസിഐ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം ബിസിസിഐയുടെ ഓഫര്‍ നിരസിക്കുകയായിരുന്നു.
ജൂനിയര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തനിക്ക് താത്പര്യമെന്നാണ് ദ്രാവിഡ് അറിയിച്ചത്. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ അധ്യക്ഷനാണ് താരം. ഇതിനുപുറമെ ഇന്ത്യ - അണ്ടര്‍ 19, ഇന്ത്യ എ എന്നീ ടീമുകളുടെ ചുമതല കൂടി ദ്രാവിഡ് വഹിക്കുന്നുണ്ട്.
നേരത്തെ 2016, 17 വര്‍ഷങ്ങളിലും ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ ദ്രാവിഡിനെ സമീപിച്ചിരുന്നെങ്കിലും അന്നും അദ്ദേഹം ഇതേ കാരണം പറഞ്ഞാണ് ബിസിസിഐയുടെ ആവശ്യം നിരസിച്ചത്. ദ്രാവിഡിന് പുറമെ മറ്റ് ചില ഇന്ത്യന്‍ മുന്‍ താരങ്ങളേയും ബിസിസിഐ സമീപിച്ചിട്ടുണ്ടെങ്കിലും അനുകൂല പ്രതികരണം ലഭിച്ചിട്ടില്ല.
അതേസമയം, ഇന്ത്യയുടെ മുഖ്യ പരിശീലകനായ രവി ശാസ്ത്രി സ്ഥാനം ഒഴിയുന്നതിനൊപ്പം അദ്ദേഹത്തിന്റെ സംഘത്തിലുള്ള ബൗളിങ് പരിശീലകനായ ഭരത് അരുണ്‍, ഫീല്‍ഡിങ് പരിശീലകനായ ആര്‍ ശ്രീധര്‍, ബാറ്റിങ് പരിശീലകനായ വിക്രം റാത്തോഡ് എന്നിവരും സ്ഥാനമൊഴിയും എന്നതിനാല്‍ ഇന്ത്യയുടെ പരിശീലക സംഘത്തില്‍ ഒരു വലിയ അഴിച്ചുപണി തന്നെയാണ് നടക്കാന്‍ പോകുന്നത്. ഇതില്‍ ബൗളിംഗ് പരിശീലകനായി മുന്‍ ഇന്ത്യന്‍ പേസറായ പരസ് മാംബ്രേ നിയമിക്കപ്പെട്ടേക്കുമെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha























