എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ല!; ദ്രാവിഡ് കോച്ചാകുന്ന വാര്‍ത്തയില്‍ വിചിത്ര പ്രതികരണവുമായി കൊഹ്‌ലി

കാലാവധി പൂര്‍ത്തിയാക്കുന്ന രവി ശാസ്‌ത്രിയ്‌ക്ക് പകരമായി മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് കോച്ചായി വരുമെന്ന വാര്‍ത്തയെ കുറിച്ച് പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്‌ലി. ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ടീം നായകന്മാരുടെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച വിരാട് കോച്ചിനെ കുറിച്ചുളള ചോദ്യങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും ഇതുവരെ ഇക്കാര്യത്തില്‍ ബിസിസിഐയിലെ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും പ്രതികരിച്ചു.
ബിസിസിഐ രാഹുല്‍ ദ്രാവിഡുമായി രണ്ട് വര്‍ഷത്തെ കരാര്‍ ഉറപ്പിച്ചെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് ഇന്ത്യന്‍ നായകന്റെ വിചിത്ര പ്രതികരണം. പുതിയ പരിശീലകന്‍ ആരാകണമെന്നതില്‍ ആദ്യം കേട്ട പേര് ദ്രാവിഡിന്റേതായിരുന്നു. എന്നാല്‍ തനിക്ക് സാധിക്കില്ലെന്ന് അദ്ദേഹം ബിസിസിഐയെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ന് ബിസിസിഐ പ്രസിഡന്റ് ഗാംഗുലിയെയും സെക്രട്ടറി ജെയ് ഷായെയും ദ്രാവിഡ് കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് 2023 ലോകകപ്പ് വരെ ദ്രാവിഡുമായി കരാറിലെത്തിയെന്ന വാര്‍ത്ത പുറത്തുവന്നത്.
ഇന്ത്യ 'എ', അണ്ടര്‍19 ടീമുകളുടെ പരിശീലകനായിരുന്ന ദ്രാവിഡ് ഋഷഭ് പന്ത്, ആവേശ് ഖാന്‍, പ്രിഥ്വി ഷാ, ശുഭ്മാന്‍ ഗില്‍ തുടങ്ങി ഒരുപിടി മികച്ച കളിക്കാര്‍ ഉയര്‍ന്നുവരാന്‍ കാരണക്കാരനായിട്ടുണ്ട്. നിലവില്‍ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമി മേധാവിയാണ് ദ്രാവിഡ്. ബൗളിംഗ് കോച്ചായി കാലാവധി പൂര്‍ത്തിയാക്കിയ ഭരത് അരുണിന് പകരം പരസ് മാമ്ബ്രെയെ കൊണ്ടുവന്നേക്കും. എന്നാല്‍ ബാറ്റിംഗ് കോച്ചായ വിക്രം രാത്തോര്‍ തുടരും.
https://www.facebook.com/Malayalivartha























