ടി20 ലോകകപ്പ്; ഓസ്‌ട്രേലിയയുമായി നടന്ന സന്നാഹമത്സരത്തിൽ ഇന്ത്യയ്‌ക്ക് വിജയം

ടി20 ലോകകപ്പിന് മുന്നോടിയായുളള ടീമുകളുടെ സന്നാഹമത്സരങ്ങളില്‍ ഇന്ത്യയ്‌ക്ക് ഇന്ന് മികച്ച വിജയം. ഓസ്‌ട്രേലിയയുമായി നടന്ന മത്സരത്തില്‍ ഇന്ത്യ രണ്ടോവര്‍ ബാക്കി നില്‍ക്കെ വെറും ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 153 റണ്‍സ് വിജയലക്ഷ്യം നേടി.
മത്സരത്തില്‍ കേമനായ രോഹിത് ശര്‍മ്മ 41 പന്തുകളില്‍ 60 റണ്‍സ് നേടി പരിക്ക് കാരണം മടങ്ങി. എന്നാല്‍ സൂര്യകുമാര്‍ യാദവും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് ഇന്ത്യയെ വിജയതീരത്തെത്തിച്ചു. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ തുടക്കം പിഴച്ച ഓസ്‌ട്രേലിയയ്‌ക്ക് 11 റണ്‍സ് നേടുന്നതിനിടെ ക്യാപ്‌റ്റന്റേതുള്‍പ്പടെ മൂന്ന് വിക്കറ്റുകള്‍ നഷ്‌ടമായി. ഫോമില്ലായ്‌മ തുടരുന്ന വാര്‍ണര്‍ (1), ഫിഞ്ച്(8), ആദ്യ പന്തില്‍ പുറത്തായ മിച്ചല്‍ മാര്‍ഷ്(0) എന്നിവരാണ് ആദ്യമേ പുറത്തായത്.
എന്നാല്‍ പിന്നീട് സ്‌റ്റീവ് സ്‌മിത് മാക്‌സ്‌വെല്ലിനെ കൂട്ടുപിടിച്ച് ഓസ്‌ട്രേലിയന്‍ സ്‌കോറിംഗ് മെച്ചപ്പെടുത്തി. എന്നാല്‍ സ്‌കോര്‍ 72ലെത്തിയപ്പോള്‍ മാക്‌സ്‌വെല്‍(28 പന്തില്‍ 37) പുറത്തായി. എന്നാല്‍ പിന്നീടെത്തിയ സ്‌റ്റോയിണിസിനൊപ്പം സ്‌മിത്ത് ഓസ്‌ട്രേലിയയ്‌ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചു. സ്‌കോര്‍ 148ല്‍ നില്‍ക്കെ ഇന്നിംഗ്സ് തീരാന്‍ ഒരു പന്ത് ബാക്കിനില്‍ക്കെ സ്‌മിത്ത് (48 പന്തില്‍ 57) പുറത്തായി. തുടര്‍ന്ന് വന്ന മാത്യു വെയ്ഡ് ബൗണ്ടറി നേടി സ്‌കോര്‍ 150 കടത്തി. പുറത്താകാതെ നിന്ന സ്‌റ്റോയിണിസ് 41 റണ്‍സ് നേടി. ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ അശ്വിന്‍ രണ്ടോവറില്‍ 8 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഓപ്പണിംഗ് കൂട്ടുകെട്ട് മികച്ചതായിരുന്നു. കെ.എല്‍ രാഹുലും രോഹിത് ശര്‍മ്മയും നന്നായി കളി തുടങ്ങി. സ്‌കോര്‍ 68ല്‍ നില്‍ക്കെ രാഹുല്‍ (39) പുറത്തായി. തുടര്‍ന്ന് നന്നായി കളിച്ച രോഹിത് സ്‌കോര്‍ 127 നില്‍ക്കെ റിട്ടയേര്‍ഡ് ഹര്‍ട്ടായി. പിന്നീട് സൂര്യകുമാര്‍ യാദവ് ( പുറത്താകാതെ 27 പന്തില്‍ 38) ഹാര്‍ദ്ദിക് പാണ്ഡ്യ (പുറത്താകാതെ എട്ട് പന്തില്‍ 14) സഖ്യം മത്സരം തീരാന്‍ 13 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു.
https://www.facebook.com/Malayalivartha























