ട്വന്റി20 ലോകകപ്പ്; പാകിസ്താന് തുടര്‍ച്ചയായ മൂന്നാം ജയം; അഫ്ഗാനിസ്താനെ പാക് പട തകര്‍ത്തത് അഞ്ച് വിക്കറ്റിന്

ട്വന്റി20 ലോകകപ്പില്‍ പാകിസ്താന് തുടര്‍ച്ചയായ മൂന്നാം ജയം. ഗ്രൂപ് രണ്ടില്‍ അഫ്ഗാനിസ്താനെ അഞ്ച് വിക്കറ്റിനാണ് പാക് പട തകര്‍ത്തത്.ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് 20 ഓവറില്‍ ആറു വിക്കറ്റിന് 147 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് ഒരോവര്‍ ബാക്കിനില്‍ക്കെ വിജയം കൈപിടിയിലൊതുക്കി. ബാബര്‍ അസം (51), ഫഖര്‍ സമാന് (30), ആസിഫ് അലി (25) എന്നിവരുടെ ബാറ്റിങ് മികവാണ് പാകിസ്താന് അനായാസ ജയമൊരുക്കിയത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാന് തുടക്കത്തില്‍ തകര്‍ന്ന് ഒരുഘട്ടത്തില്‍ നാലിന് 39 എന്ന നിലയിലായിരുന്നു. ഹസ്റത്ത് സസായ് (0), മുഹമ്മദ് ഷഹ്സാദ് (8), റഹ്മത്തുല്ല ഗുര്‍ബാസ് (10), അസ്ഗര്‍ അഫ്ഗാന് (10) എന്നിവര്‍ കാര്യമായ സംഭാവന നല്‍കാതെ മടങ്ങിയതാണ് അഫ്ഗാന് വിനയായത്. കുറച്ചുനേരം പിടിച്ചുനിന്ന കരീം ജനത്ത് (15), നജീബുല്ല സദ്റാന് (22) എന്നിവരും വൈകാതെ മടങ്ങിയതോടെ ആറിന് 76 എന്ന നിലയിലായി അഫ്ഗാന്.
എന്നാല്‍, പിന്നീടെത്തിയ നായകന് മുഹമ്മദ് നബിയും ഗുല്‍ബുദ്ദീന്‍ നയ്ബും പുറത്താവാതെ 35 റണ്‍സ് വീതമെടുത്ത് പിടിച്ചുനിന്നത് അഫ്ഗാന് ജീവന് പകര്‍ന്നു. 13ാം ഓവറില്‍ ഒരുമിച്ച ഇരുവരും പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ 43 പന്തില്‍ 71 റണ്‍സാണ് അഫ്ഗാന് സ്കോര്‍ബോര്‍ഡില്‍ എഴുതിച്ചേര്‍ത്തത്. നബി 32 പന്തില്‍ അഞ്ചു ബൗണ്ടറിയടിച്ചപ്പോള്‍ നയ്ബ് 25 പന്തില്‍ ഒരു സിക്സും നാലു ഫോറുമടിച്ചു.
പാക് ബൗളര്‍മാരില്‍ ഇമാദ് വസീം രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷഹിന്‍ഷാ അഫ്രീദി, ഹാരിസ് റഊഫ്, ഹസന് അലി, ശദാബ് ഖാന് എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.
https://www.facebook.com/Malayalivartha























