ടി-20 ലോകകപ്പില്‍ തിരിച്ചുവരവിന്റെ സൂചന നല്‍കി ടീം ഇന്ത്യ; അഫ്ഗാനെതിരെ 66 റണ്‍സിന്റെ വിജയം

അഫ്ഗാനിസ്ഥാനെതിരെ 66 റണ്സിന്റെ മിന്നും ജയവുമായി ടി20 ലോകകപ്പില്‍ തിരിച്ചുവരവിന്റെ സൂചന നല്‍കി ടീം ഇന്ത്യ. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ കോഹ്ലിയും സംഘവും 210 റണ്‍സായിരുന്നു അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്റെ ഇന്നിങ്സ് 144 റണ്‍സിന് അവസാനിച്ചു. സ്കോര് ഇന്ത്യ: 210 (2 wkts, 20 Ov), അഫ്ഗാന്: 144 (7 wkts, 20 Ov)
അഫ്ഗാനിസ്താന് വേണ്ടി നായകന്‍ മുഹമ്മദ് നബിയും (35) കരിം ജനത്തും (35) മാത്രമാണ് അല്‍പ്പമെങ്കിലും പൊരുതിയത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി നാല് ഓവറുകളില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. രവിചന്ദ്ര അശ്വിന്‍ നാല് ഓവറുകളില്‍ 14 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റുകളും വീഴ്ത്തി. ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റുകളും വീഴ്ത്തി.
നേരത്തെ ഓപണര്‍മാരായ രോഹിത് ശര്‍മയും (74) കെ.എല്‍ രാഹുലും (69) കൂറ്റനടികളുമായി മുന്നില്‍ നിന്ന് നയിച്ചതോടെയാണ് ഇന്ത്യയുടെ സ്കോര് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില് ഇരട്ടശതകം കടന്നത്. ടൂര്‍ണമെന്‍റിലെ ഏറ്റവും ഉയര്‍ന്ന് സ്കോര് കൂടിയാണ് ഇന്ത്യ ഇന്ന് നേടിയ 210 റണ്‍സ്. ആദ്യ രണ്ട് മത്സരങ്ങളിലെ പരാജയം കാരണം സെമി പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റ ഇന്ത്യക്ക് ജീവന്‍ നല്‍കിയ ഇന്നിങ്സായിരുന്നു അത്. ഇന്ത്യക്ക് വേണ്ടി അവസാന ഓവറുകളില്‍ റിഷഭ് പന്തും (13 പന്തുകളില്‍ 27 റണ്‍സ്) ഹര്‍ദിക് പാണ്ഡ്യയും (13 പന്തുകളില്‍ 35) വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. ഇരുവരും ചേര്‍ന്നാണ് സ്കോര് 200 കടത്തിയത്.
https://www.facebook.com/Malayalivartha























