രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റിന്റെ നിത്യവസന്തം; ഈ ക്രിക്കറ്റ് ഗുരുവിൽ നിന്ന് ചില അത്ഭുതങ്ങൾ നാം പ്രതീക്ഷിക്കണം

രാഹുൽ ശരത്ത് ദ്രാവിഡ് എന്ന പേര് കേൾക്കുമ്പോൾ ക്രിക്കറ്റ് മൈതാനത്തെ ആർപ്പുവിളികളോ അമിതാഹ്ലാദപ്രകടനങ്ങളോ വൈകാരിക നിമിഷങ്ങളോ ഒരു ക്രിക്കറ്റ് പ്രേമിക്ക് ഓർമ്മ വരണമെന്നില്ല. അചഞ്ചലനായിരുന്ന ഒരാളുടെ ശരീര ഭാഷ കൈമുതലായിരുന്ന ഒരാളായിരുന്നു ഇന്ത്യയുടെ ഈ വന്മതിൽ. ലോകത്തിന്റെ ഏതുഭാഗത്തുമുള്ള ക്രിക്കറ്റ് മൈതാനങ്ങളിൽ ടീം ഇന്ത്യയുടെ ബാറ്റിംങ് നിര ചീട്ടുകൊട്ടാരം പോലെ വീഴുമ്പോൾ മുങ്ങി താഴുന്ന ആ കപ്പലിനെ താങ്ങി നിർത്താൻ ദ്രാവിഡ് ഉണ്ടായിരുന്നു. നാണക്കേടിന്റെ പടുകുഴിയിലേക്ക് വീണുപോകുമായിരുന്ന ടീമിനെ എത്രയോ തവണ തന്റെ പകരംവയ്ക്കാനില്ലാത്ത ബാറ്റിംങ് മികവുകൊണ്ട് താങ്ങി നിർത്തിയിരുന്നു.
എത്ര വേഗതയിലും ബൗളർ എറിയുന്ന പന്തിനെ നിഷ്പ്രയാസം ക്രീസിലേക്ക് തടഞ്ഞിടാൻ രാഹുൽ കാണിച്ച മികവാണ് ഇന്ത്യയുടെ വന്മതിൽ എന്ന വിളിപ്പേരിന് അദ്ദേഹത്തെ അർഹനാക്കിയത്. ബാറ്റിങ് ഓഡറിൽ എവിടെ ഇറങ്ങാനും രാഹുലിന് മടിയില്ലായിരുന്നു. ടീമിൽ ഒരു അധികബാറ്റ്സ്മാനെ നിയമിക്കാൻ ക്യാപ്റ്റനായ സൗരവ് ഗാംഗുലി തീരുമാനിച്ചപ്പോൾ ടീമിനുവേണ്ടി വിക്കറ്റ് കീപ്പറാകാനും രാഹുൽ ദ്രാവിഡ് തയ്യാറായി. ടെസ്റ്റ് ബാറ്റിങ്ങിനെ ഒരു ധ്യാനംപോലെ കണ്ടിരുന്ന ആളായിരുന്നു ദ്രാവിഡ്. സാഹചര്യങ്ങൾ അനുസരിച്ച് തന്റെ ബാറ്റിംഗ് ശൈലിയിൽ മാറ്റംവരുത്താൻ ദ്രാവിഡ് നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. ക്രീസിൽ തന്റെ റെക്കോർഡുകൾ പുതുക്കുന്നതിൽ മാത്രം ശ്രദ്ധിച്ചിരുന്ന ആളായിരുന്നില്ല ദ്രാവിഡ്. തനിക്കൊപ്പമിറങ്ങുന്ന കളിക്കാരന് മികച്ച പിന്തുണ നൽകാനും ദ്രാവിഡ് ശ്രമിച്ചിരുന്നു. 2001 ൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ വി.വി.എസ്.ലക്ഷ്മണിന്റെ അവിസ്മരണീയ ഇന്നിഗ്‌സിലും 2006 ൽ ലാഹോറിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ സേവാഗിനൊപ്പം 410 റൺസിന്റെ പടുകൂറ്റൻ കൂട്ടുകെട്ട് പടുത്തുയർത്തുമ്പോഴും മറുഭാഗത്ത് ദ്രാവിഡുണ്ടായിരുന്നു. സേവാഗ് ടെസ്റ്റിലെ രണ്ട് ട്രിപ്പിൾ സെഞ്ച്വറികൾ സ്വന്തമാക്കുമ്പോഴും മികച്ച പിന്തുണയേകി ഒപ്പമുണ്ടായിരുന്നത് ദ്രാവിഡായിരുന്നു. ടീം ഇന്ത്യയ്ക്കായി പല റെക്കോർഡുകളും സച്ചിൻ വാരിക്കൂട്ടുമ്പോൾ പലപ്പോഴും രണ്ടാമനായി ദ്രാവിഡ് ഒപ്പമുണ്ടായിരുന്നു.
ടീം ഇന്ത്യയിലെ ഏറ്റവും മികച്ച സ്ലിപ്പ് ഫീൽഡറുമാരിൽ ഒരാളായിരുന്നു ദ്രാവിഡ്. 164 ടെസ്റ്റുകളിൽ നിന്ന് 210 ക്യാച്ചുകൾ ദ്രാവിഡ് സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ വിക്കറ്റ് കീപ്പർ അല്ലാതെ ഒരു താരം നേടുന്ന ഏറ്റവും കൂടുതൽ ക്യാച്ചുകൾ എന്ന റെക്കോഡ് ദ്രാവിഡിന്റെ പേരിലാണ്. 16 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിൽ 31258 പന്തുകൾ നേരിട്ട താരമാണ് ദ്രാവിഡ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇത്രയധികം പന്തുകൾ നേരിട്ട മറ്റൊരു തരമില്ല എന്നതാണ് അത്ഭുതം. ഏറ്റവും കൂടുതൽ സമയം ക്രീസിൽ ചിലവഴിച്ച ടെസ്റ്റ് ബാറ്റ്സ്മാൻ എന്ന റെക്കോർഡും ദ്രാവിഡിന്റെ പേരിലാണ്. 732 മണിക്കൂറും 52 മിനിറ്റുമാണ് ദ്രാവിഡ് ടെസ്റ്റ് ക്രിക്കറ്റിൽ ക്രീസിൽ ചിലവഴിച്ച റെക്കോർഡ് സമയം. ടെസ്റ്റിൽ മൂന്നാം നമ്പറിൽ ഇറങ്ങി 10000 റൺസ് തികയ്ക്കുന്ന ആദ്യതാരമെന്ന റെക്കോർഡും ദ്രാവിഡിന് അവകാശപ്പെട്ടതാണ്. തുടർച്ചയായി നാല് ടെസ്റ്റ് മത്സരങ്ങളിൽ സെഞ്ച്വറി നേടിയ ഒരേഒരു ഇന്ത്യൻതാരം ദ്രാവിഡാണ്. ടെസ്റ്റിലെ ബാറ്റിങ് കൂട്ടുകെട്ടിലൂടെ ഏറ്റവും കൂടുതൽ റൺസ് സ്കോർ ചെയ്ത താരവും ദ്രാവിഡാണ്. സച്ചിൻ ദ്രാവിഡ് കൂട്ടുകെട്ടിൽ ഇരുവരും കൂടി സ്വന്തമാക്കിയത് 6920 റൺസാണ്, 20 സെഞ്ച്വറികളും. പൂജ്യത്തിന് പുറത്താകാതെ ഏറ്റവുംകൂടുതൽ ഏകദിനങ്ങൾ പിന്നിട്ടതിന്റെ റെക്കോർഡും ദ്രാവിഡിന്റെ പേരിലാണ്. 120 മത്സരങ്ങളാണ് ഇത്തരത്തിൽ ദ്രാവിഡ് പൂർത്തിയാക്കിയിട്ടുള്ളത്. ടെസ്റ്റ് അംഗത്വമുള്ള പത്തു രാജ്യങ്ങളിലും സെഞ്ച്വറി അടിച്ച ആദ്യ താരമെന്ന റെക്കോർഡും ദ്രാവിഡിന് സ്വന്തമാണ്.
ക്രീസിൽ മാത്രമല്ല വ്യക്തിജീവിതത്തിലും അച്ചടക്കത്തിന്റെ പര്യായമാണ് ദ്രാവിഡ്. ക്രിക്കറ്റിൽ നിന്നും വിരമിച്ച നാൾമുതൽ സാമൂഹ്യ മാധ്യമങ്ങളിലോ മറ്റു വേദികളിലോ പ്രത്യക്ഷപ്പെട്ടിരുന്നില്ല രാഹുൽ ദ്രാവിഡ്. ലോകത്തെ പൂരിഭാഗം കളിക്കാർക്കും കൈവരിക്കാൻ കഴിയാത്ത നേട്ടങ്ങൾ കൈവരിച്ചപ്പോഴും അതിന്റെയൊന്നും അഹങ്കാരം അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ പ്രതിഫലിച്ചതായി നമ്മൾ കണ്ടിട്ടില്ല. ഏകദിനം കളിയ്ക്കാൻ പ്രാപ്തനല്ല എന്ന് പലരും പറഞ്ഞ് തളർത്താൻ ശ്രമിച്ചപ്പോഴും അദ്ദേഹം അതിന് തയ്യാറല്ലായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം 2011 ൽ ഇൻഗ്ലണ്ടിനെതിരായി ഏകദിന പരമ്പരയിൽ അപ്രതീക്ഷിതമായി വിളിവന്നു തന്റെ ജീവിതത്തിലെ അവസാന മത്സരങ്ങളിൽ നിറഞ്ഞാടാൻ തന്നെയായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. 461 റൺസുമായി പ്ലേയർ ഓഫ് ദി സീരീസ് അവാർഡ് വാങ്ങിച്ചു മടങ്ങുമ്പോൾ തന്നെ വിമർശകർക്കുള്ള മറുപടി ദ്രാവിഡ് നൽകിയിരുന്നു.
പിന്നീട് രാഹുൽ ദ്രാവിഡ് വാർത്തകളിൽ നിറയുന്നത് 2016 ൽ അണ്ടർ 19 ഇന്ത്യൻ ടീം കോച്ച് ആയപ്പോഴാണ്. 2018 ൽ അദ്ദേഹം ഇന്ത്യയ്ക്ക് അണ്ടർ 19 ലോക കിരീടം ഇന്ത്യയ്ക്ക് നേടികൊടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു ഇന്ത്യയുടെ ഈ വന്മതിൽ. അതോടൊപ്പം ഒരു പുതുതലമുറയെ ഇന്ത്യൻ ക്രിക്കറ്റിനായി വാർത്തെടുക്കുന്നതിൽ നിർണ്ണായക പങ്കവഹിച്ചു രാഹുൽ ദ്രാവിഡ്.
ഇന്ത്യയുടെ പുരുഷ ടീമിന്റെ കോച്ചായി രാഹുൽ ദ്രാവിഡ് സ്ഥാനമേൽക്കുമ്പോൾ ചില അത്ഭുതങ്ങൾ ക്രിക്കറ്റ് ആരാധകർക്ക് പ്രതീക്ഷിക്കാം. കാരണം ദ്രാവിഡിനെ പോലെ ദ്രാവിഡ് മാത്രമേ ഉള്ളു
https://www.facebook.com/Malayalivartha























