രാഹുലിന് കുംബ്ലെയുടെ ഗതിവരുമോ?; രാഹുൽ ദ്രാവിഡിനെ കാത്തിരിക്കുന്നത് മുള്ളുകൾ നിറഞ്ഞ പാത

കാത്തിരുപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് ഇന്ത്യയുടെ പുതിയ പരിശീലകനായി രാഹുൽ ദ്രാവിഡ് സ്ഥാനമേൽക്കുകയാണ്. ടി ട്വന്റി ലോകകപ്പിന് ശേഷമാകും ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ഇന്ത്യയിൽ നടക്കുന്ന ന്യൂസിലാന്റ് പര്യടനമാകും ദ്രാവിഡിന്റെ പരിശീലനത്തിൽ ഇന്ത്യൻ ടീം ആദ്യമായി കളിക്കാൻ പോകുന്നത്. ഒരു കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും കഴിവ് തെളിയിച്ച ദ്രാവിഡിനെ കാത്തിരിക്കുന്നത് വെല്ലുവിളികൾ നിറഞ്ഞ ഒരു ക്രിക്കറ്റ് കാലമാണ്.
ഇന്ത്യയുടെ അണ്ടർ 19 ടീമിനെയും, ഇന്ത്യ എ ടീമിനെയും പരിശീലിപ്പിച്ചിട്ടുള്ള ദ്രാവിഡ് നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ ചെയർമാനായും സേവനാമനിഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രധാന ടീം ഇൻഗ്ലണ്ടിൽ പര്യടനത്തിലായിരുന്നപ്പോൾ ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള ശ്രീലങ്കൻ പര്യടന ടീമിനെ പരിശീലിപ്പിച്ച പരിചയവും ദ്രാവിഡിനുണ്ട്. യുവതാരങ്ങളെ വളർത്തിക്കൊണ്ട് വരാൻ പ്രത്യേക താല്പര്യമെടുക്കുന്ന പരിശീലകനാണ് ദ്രാവിഡ്. രവിശാസ്ത്രി പടിയിറങ്ങുമ്പോൾ മികച്ച ടീം കരുത്ത് ഇന്ത്യയ്ക്കുണ്ട് എങ്കിലും ദ്രാവിഡ് ഈ ഉദ്യമം എളുപ്പമാകില്ല. നിരവധി പ്രശനങ്ങളിലൂടെ കടന്നു പോകുകയാണ് ഇപ്പോൾ ടീം ഇന്ത്യ. കോഹിലി ഗ്രൂപ്പ് രോഹിത് ശർമ്മ ഗ്രൂപ്പ് എന്നിങ്ങനെ 2019 ലോകകപ്പ് സമയത്തെ സ്പർദ്ധയും ശീതസമരവും അങ്ങാടിപ്പാട്ടായിരുന്നു. ഈ പ്രശ്നത്തെ ദ്രാവിഡ് എങ്ങനെ പരിഹരിക്കും എന്നതാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
നിലവിൽ ടി ട്വന്റി ലോകകപ്പിന് ശേഷം കൊഹ്‌ലി ടി ട്വന്റി ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട് എങ്കിലും ഏകദിന ക്യാപ്റ്റൻസിയിൽ നിന്നും കൊഹ്‌ലിയെ മാറ്റിനിർത്തുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. അങ്ങനെയെങ്കിൽ പിൻകാമിയായി വരുന്ന നായകനെ കോഹ്ലി എങ്ങനെ ഉൾക്കൊള്ളുമെന്ന കാര്യവും ക്രിക്കറ്റ് ആരാധകർക്കിടയിൽ ചർച്ചയാണ്. ഇവിടെ രാഹുൽ ദ്രാവിഡ് എന്ന കോച്ച് ഈ സന്ദർഭങ്ങൾ എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഈ അധികാര കൈമാറ്റം സുഗമമാക്കുക എന്നതാണ് ദ്രാവിഡിന് മുന്നിലുള്ള ആദ്യത്തെ ടാസ്ക്. ഇവിടെ ദ്രാവിഡ് പരാജയപ്പെട്ടാൽ അത് ടീമിന്റെ പ്രകടനത്തെ ദോഷമായി ബാധിക്കും.
അതോടൊപ്പം രാഹുലിന് മുന്നിലെ മറ്റൊരു വെല്ലുവിളി ടീമിലെ മുതിർന്ന താരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ്. കൊഹ്‌ലി ,രോഹിത് ശർമ്മ, ശിക്കർ ധവാൻ, കെ.എൽ രാഹുൽ തുടങ്ങി നിരവധി താരങ്ങളാണ് ഇന്ന് ഇന്ത്യൻ ടീമിലുള്ളത്. പടലപ്പിണക്കങ്ങളോ ഗ്രൂപ്പിസമോ ഇല്ലാതെ ടീമിനെ എങ്ങനെ ദ്രാവിഡ് മുന്നോട്ട് നയിക്കും എന്നതാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്ന മറ്റൊരു സംഗതി. പൊതുവെ പരിശീലന കാര്യത്തിൽ കർക്കശക്കാരനായ ദ്രാവിഡിന് മുൻ പരിശീലകനായ അനിൽ കുംബ്ലെയുടെ ഗതിവരുമോ എന്ന ആശങ്കയും മറ്റുചിലർ പങ്കുവയ്ക്കുന്നു.
നിലവിൽ വിദേശ പര്യടനങ്ങളിൽ ഗംഭീര പ്രകടനങ്ങൾ നടത്തുന്ന ഇന്ത്യൻ ടീമിന് ഐ.സി.സി. കിരീടം എന്നത് ഒരു സ്വപ്നമായി മാറിയിട്ട് കുറച്ചു കാലങ്ങളായി. വരും വർഷങ്ങളിൽ ടീമിനെ ഐ.സി.സി കിരീടങ്ങൾക്ക് വേണ്ടി പ്രാപ്തമാക്കുക എന്നതാണ് ദ്രാവിഡിന് മുന്നിലെ ഏറ്റവും വലിയ ലക്ഷ്യം.
https://www.facebook.com/Malayalivartha
























