മുഷ്താഖ് അലി ട്രോഫി; ഉത്തപ്പയും സഞ്ജുവും നിറഞ്ഞാടി; കേരളത്തിന് ആവേശജയം

മുഷ്താഖ് അലി ട്രോഫിയില്‍ ആദ്യ ദിനം ഗുജറാത്തിനോടേറ്റ തോല്‍വിക്ക് ബിഹാറിനോട് പകരം വീട്ടി കേരളം. ബിഹാര്‍ ഉയര്‍ത്തിയ 131 റണ്‍സ് എന്ന ശരാശരി ടോട്ടല്‍ 14.1 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് കേരളം ഗ്രൂപ്പില്‍ ഏഴുവിക്കറ്റ് ജയവുമായി പ്രതീക്ഷ നിലനിര്‍ത്തിയത്.
ആദ്യം ബാറ്റുചെയ്ത ബിഹാര്‍ എസ്. ഗനി കുറിച്ച അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ 131 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ റോബിന് ഉത്തപ്പയും മുഹമ്മദ് അസ്ഹറുദ്ദീനും തുടക്കമിട്ട കേരളത്തിെന്റ മറുപടി ബാറ്റിങ് എല്ലാം ഉറപ്പിച്ചായിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീനും പിറകെയെത്തിയ റോജിത്തും രണ്ടക്കം കടക്കാതെ അതിവേഗം മടങ്ങിയെങ്കിലും ഒരു വശത്ത് ഉത്തപ്പയും മറുവശത്ത് കഴിഞ്ഞ ദിവസത്തെ ആവേശവുമായി സഞ്ജു സാംസണും മനോഹര ഇന്നിങ്സുകളുമായി കളി കൈയിലെടുത്തു. ഉത്തപ്പ 35 പന്തിലാണ് 57 റണ്സിലെത്തിയതെങ്കില് 20 പന്ത് മാത്രം നേരിട്ട സഞ്ജു 45 റണ്‍സുമായി പുറത്താകാതെ നിന്നു.
വിജയത്തോടെ ഗ്രൂപ് ഡിയില്‍ കേരളം നാലു പോയന്റുമായി മൂന്നാമതാണ്. കളിച്ച രണ്ടും വിജയിച്ച് മധ്യപ്രദേശും കേരളത്തിനെതിരെ വിജയിച്ച ഗുജറാത്ത് രണ്ടാമതുമാണ്. ആദ്യ മത്സരത്തില്‍ കേരളത്തെ ആദ്യം എറിഞ്ഞുവീഴ്ത്തിയും പിന്നീട് ബാറ്റെടുത്തും ആധികാരികമായിട്ടാണ് ഗുജറാത്ത് വീഴ്ത്തിയിരുന്നത്. ആദ്യം ബാറ്റു ചെയ്ത കേരളത്തെ 123 റണ്‍സിലൊതുക്കിയ ഗുജറാത്തിനുവേണ്ടി പ്രിയങ്ക് പഞ്ചലും സൗരവും ചൗഹാനും അര്‍ധ സെഞ്ച്വറികളുമായി കളംനിറഞ്ഞപ്പോള്‍ 15.3 ഓവറില്‍ കളി അവസാനിച്ചു. സഞ്ജു സാംസണ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതു മാത്രമായിരുന്നു കേരളത്തിന് എടുത്തുകാണിക്കാവുന്ന നേട്ടം. രണ്ടാമത്തെ കളിയിലും സഞ്ജു പുറത്താകാതെ നിന്നു.
https://www.facebook.com/Malayalivartha
























