ടി ട്വന്റി ക്രിക്കറ്റിൽ അത്യപൂർവ്വ നേട്ടം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ താരം റഷീദ് ഖാൻ

ടി ട്വന്റി ക്രിക്കറ്റിൽ അത്യപൂർവ്വ നേട്ടം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ താരം റഷീദ് ഖാൻ. ടി ട്വന്റിയിൽ നാന്നൂറ് വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡാണ് ഇരുപത്തി മൂന്നുകാരനായ റഷീദ് ഖാൻ സ്വന്തമാക്കിയത്. ന്യൂസിലന്‍ഡിനെതിരായ മത്സരത്തിൽ ഓപ്പണർ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ ഔട്ടാക്കിയാണ് റഷീദ് ഖാൻ ചരിത്രത്തിന്റെ ഭാഗമായത്. ടി ട്വന്റി ക്രിക്കറ്റിൽ നാന്നൂറ് വിക്കറ്റ് തികയ്ക്കുന്ന നാലാമത്തെ താരമാണ് റഷീദ്. ഡ്വെയ്ന്‍ ബ്രാവോ (553), സുനില്‍ നരെയ്ന്‍ (425), ഇമ്രാന്‍ താഹിര്‍ (420) എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയവര്‍.
അതിനിടെ ഇന്ന് നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി ന്യൂസിലൻഡ് സെമിഫൈനലിൽ പ്രവേശിച്ചു. അഫ്ഗാനിസ്ഥാന്റെ 125 റൺസ് വിജയലക്ഷ്യം 11 പന്ത് നിലനിൽക്കെയാണ് ന്യൂസിലൻഡ് മറികടന്നത്. നിർണ്ണായക മത്സരത്തിൽ എട്ട് വിക്കറ്റ് വിജയമാണ് ന്യൂസിലൻഡ് സ്വന്തമാക്കിയത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് നിശ്ചിത ഓവറിൽ 124 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്. 48 പന്തിൽ 73 റൺസെടുത്ത നജീബ് സദ്രാന് മാത്രമാണ് അഫ്ഗാൻ നിരയിൽ തിളങ്ങാനായത്. 4 ഓവറിൽ 17 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് നേടിയ ട്രെൻഡ് ബോൾട്ടാണ് ന്യൂസിലൻഡ് ബോളിങ് നിരയിൽ തിളങ്ങിയത്. ടീം സൗത്തി 2 വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് നിരയിൽ ബാറ്റിംഗില്‍ മാര്‍ട്ടിന്‍ ഗപ്ടില്‍ 28 റണ്‍സെടുത്തു. നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ 42 പന്തില്‍ 40 റണ്‍സുമായും കോണ്‍വെ 32 പന്തില്‍ 36 റണ്‍സുമായും പുറത്താകാതെ നിന്നു.
ഇന്നത്തെ മത്സരത്തിൽ അഫ്ഗാനിസ്ഥാന് വിജയിക്കാൻ സാധിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ സെമിഫൈനൽ പ്രവേശനം സാധ്യമാകുമായിരുന്നു. ഇത് നാലാം തവണയാണ് ഇന്ത്യ സെമിഫൈനൽ കാണാതെ ടി ട്വന്റി ലോകകപ്പിൽ നിന്നും പുറത്താകുന്നത്. നാളെ നമീബിയയുമായാണ് ഇന്ത്യയുടെ അവസാന മത്സരം.
https://www.facebook.com/Malayalivartha
























