ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്ട്രേലിയയും ന്യൂസിലന്‍ഡും മുഖാമുഖം.....

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ ഏഴാംപതിപ്പില്‍ ഇന്ന് കലാശപ്പോര്. ഓസ്ട്രേലിയയും ന്യൂസിലന്‍ഡും മുഖാമുഖം. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് ഫൈനല്‍. ഇരു ടീമുകള്‍ക്കും ലോകകപ്പ് നേടാനായിട്ടില്ല.
അഞ്ചുതവണ ഏകദിന ലോകകപ്പ് നേടിയ ഓസീസിന് ട്വന്റി 20 കിരീടമില്ല. 2010ല്‍ ഫൈനലില്‍ എത്തിയെങ്കിലും ഇംഗ്ലണ്ടിനോട് തോറ്റു. ന്യൂസിലന്‍ഡ് ആദ്യമായാണ് കിരീടപ്പോരിന് എത്തുന്നത്. 2015ലെ ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയയോട് തോറ്റ കിവീസ് 2019ല്‍ ഇംഗ്ലണ്ടിനുമുന്നിലും വീണു.
ടോസ് നിര്‍ണായകമെന്നത് പതിവുപല്ലവിയായി കരുതേണ്ട. കണക്കുകള്‍ സൂചിപ്പിക്കുന്നത് കളിക്കുമുമ്പേ മുന്‍തൂക്കം അറിയാമെന്നാണ്. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനാണ് വിജയസാധ്യത കൂടുതല്‍. രണ്ട് സെമിയിലും രണ്ടാമത് ബാറ്റ് ചെയ്തവരാണ് ജയിച്ചത്. സൂപ്പര്‍12ല്‍ 32 കളിയില്‍ 21 എണ്ണം ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്തവരാണ്.
ഈ ലോകകപ്പില്‍ ദുബായില്‍ നടന്ന 12 കളിയില്‍ പതിനൊന്നും രണ്ടാമത് ബാറ്റ് ചെയ്തവര്‍ വിജയിച്ചു. ഒമ്പത് രാത്രി മത്സര ഫലത്തിലും മാറ്റമില്ല. ദുബായില്‍ അവസാനം നടന്ന 17 രാത്രി മത്സരങ്ങളില്‍ പതിനാറും രണ്ടാമത് ബാറ്റ് ചെയ്ത ടീമിനൊപ്പമായി. രണ്ടാമത് പന്തെറിയുമ്പോള്‍ രാത്രിയിലെ മഞ്ഞിന്റെ സാന്നിധ്യം വലിയ വെല്ലുവിളിയാണ്. പിടിവിട്ട് പോകുന്ന പന്തില്‍ ബാറ്റര്‍മാര്‍ ആഞ്ഞടിക്കുന്നതാണ് മുന്‍മത്സരങ്ങളില്‍ കണ്ടത്.
ഓസ്ട്രേലിയ ജയിച്ച അഞ്ച് കളിയും ടോസ് നേടി രണ്ടാമത് ബാറ്റ് ചെയ്താണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്തപ്പോള്‍ ഇംഗ്ലണ്ടിനോട് തോറ്റു. കിവീസിന് നിര്‍ണായകമായ രണ്ട് മത്സരങ്ങളിലും ടോസ് കിട്ടി. ഇന്ത്യക്കെതിരേയും സെമിയില്‍ ഇംഗ്ലണ്ടിനെതിരേയും രണ്ടാമത് ബാറ്റ് ചെയ്ത് ജയിച്ചു. ബാക്കി നാല് കളിയിലും ടോസ് നഷ്ടപ്പെട്ടു.
പാകിസ്ഥാനെതിരായ കളി ഓസീസിന്റെ സാധ്യത കൂട്ടുന്നു. കളിയുടെ ഗതി മാറ്റിമറിക്കാനുള്ള അവരുടെ പ്രഫഷണല്‍ മികവിന് ഉത്തമ ഉദാഹരണമായിരുന്നു സെമി. ഇതിനെ മറികടക്കാന്‍ കിവീസിന്റെ സംഘശക്തിക്കാകുമോയെന്നതിനെ ആശ്രയിച്ചാകും ഫലം.
m
https://www.facebook.com/Malayalivartha
























