ഫൈനല്‍ പോരാട്ടം; എല്ലാ പ്രതീക്ഷയും സഞ്ജുവില്‍..മലയാളികള്‍ക്കിത് അഭിമാന നിമിഷം

രണ്ടാം വരവില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അത്ഭുതങ്ങള്‍ കാട്ടുകയാണ് മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍. 2022 സഞ്ജുവിന്റെ രാജ്യാന്തര കരിയറിലെ മിന്നും വര്‍ഷമാണ്. ടി20യിലും ഏകദിനങ്ങളിലും കിട്ടിയ അവസരങ്ങളില്‍ സഞ്ജു മികവ് കാട്ടി. ഫിനിഷിംഗ് മികവിനൊപ്പം ഇന്നിംഗ്‌സ് കെട്ടിപ്പടുത്തുന്നതിലും സ്ഥിരത കാട്ടുന്നതിലും സഞ്ജു ഈ വര്‍ഷം മികച്ചുനിന്നു. ഏറ്റവും ഒടുവിലായി ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിലും മിന്നും പ്രകടനം സഞ്ജു തുടരുമ്പോള്‍ പ്രശംസകൊണ്ട് മൂടുന്ന സുഹൃത്തും ഇന്ത്യയുടെ സീനിയര്‍ സ്പിന്നറുമായ ആര്‍ അശ്വിന്റെ വാക്കുകള്‍ ആരാധകര്‍ക്ക് ഏറെ ആവേശമാണ് നല്‍കുന്നത്.
'നിലവിലെ പ്രകടനം സഞ്ജു സാംസണ് വലിയ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. സഞ്ജു മികച്ച താരമാണ്. അതിനൊപ്പം നല്ലൊരു മനുഷ്യനുമാണ്. വളരെ ശാന്തനാണ് അദ്ദേഹം. അസാധാരണമായ പ്രതിഭയാണ് സഞ്ജു. അത് എല്ലാവര്‍ക്കും അറിയുന്ന യാഥാര്‍ഥ്യമാണ്. ആദ്യ ഏകദിനത്തില്‍ വിജയത്തിനടുത്ത് വരെ സഞ്ജു തന്റെ ഇന്നിംഗ്‌സ് കൊണ്ടുപോയി. സഞ്ജു സാംസണ്‍ 2.0 വളരെ മികച്ച രീതിയില്‍ മുന്നോട്ടുപോകും' ഇതായിരുന്നു അശ്വിന്റെ വാക്കുകകള്‍
ഒരു മലയാളി ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതീക്ഷയാകുന്ന അത്ഭുത നിമിഷത്തിനാണ് ക്രിക്കറ്റ് ലോകം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. അതെ സഞ്ജു പ്രതീക്ഷയിലാണ് ഫൈനല്‍ ഇന്ത്യന്‍ ടീം പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര ഇന്ത്യ സ്വന്തമാക്കണമെങ്കില്‍ ഇന്നത്തെ വിജയം അനിവാര്യമാണ്. കഴിഞ്ഞ രണ്ടു ഏകദിനങ്ങളിലും മികച്ച പ്രകടനം നടത്തിയ സഞ്ജുവിലും ശ്രേയസ്സിലുമാണ് ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷ. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറിയ്ക്ക് അരികെ വീണുപോയ ഇഷാനെയും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ധവാനില്‍ പോലും പ്രതീക്ഷയില്ലാത്ത സാഹചര്യത്തിലാണ് സഞ്ജുവില്‍ ടീം ഇന്ത്യ പ്രതീക്ഷവയ്ക്കുന്നത്.
ഏതൊരു മലയാളിയ്ക്കും അഭിമാനിക്കാവുന്ന നിമിഷം തന്നെയാണിത്. ഏകദിന പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സമ്പൂര്‍ണ വിജയം നേടാനുള്ള ഇന്ത്യയുടെ ഈ അവസരം മുതലാക്കുക എന്നുള്ളത് സഞ്ജുവിന്റെ ലക്ഷ്യം കൂടിയാണ്. ഇരുടീമുകളും ഇപ്പോള്‍ ഓരോ മത്സരം ജയിച്ചു നില്‍ക്കുകയാണ്. അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഉച്ചയ്ക്കാണ് 'ഫൈനല്‍'. മഴ ഭീഷണിയിയിലും ഒരു മികച്ച മത്സരവും പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകര്‍.
ക്യാപ്റ്റന്‍ കൂടിയായ ഓപ്പണര്‍ ശിഖര്‍ ധവാന്റെ ഫോം പക്ഷേ ബാറ്റിങ്ങില്‍ ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്. 17 റണ്‍സാണ് 2 കളികളിലായി ധവാന്‍ ആകെ നേടിയത്. സഹഓപ്പണര്‍ ശുഭ്മന്‍ ഗില്ലും വലിയ സ്‌കോര്‍ നേടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ശ്രേയസ് അയ്യരുടെയും സഞ്ജു സാംസണിന്റെയും മികച്ച ഫോം മധ്യനിരയില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ കരുത്താകുന്നത്.
അതേസമയം, ദക്ഷിണാഫ്രിക്കയക്ക് ഇന്നു പല കാരണങ്ങള്‍ കൊണ്ട് ജീവന്മരണ പോരാട്ടമാണ്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും ഒരു വീതം മത്സരങ്ങളാണ് ജയിച്ചത്. ഏകദിനമാണെങ്കിലും ഒരു പരമ്പര ജയത്തിന്റെ കരുത്തോടെ ടി20 ലോകകപ്പിനായി ആസ്‌ട്രേലിയയിലേക്ക് പറക്കാനാകും തെംബ ബാവുമയും സംഘവും ആഗ്രഹിക്കുന്നത്.
എന്നാല്‍, അതിലേറെ നിര്‍ണായകമായൊരു ഘടവും ഇന്നത്തെ മത്സരത്തില്‍ പ്രോട്ടിയേസിനുണ്ട്. ഇന്നു പരാജയപ്പെട്ടാല്‍ അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പ് സാധ്യതകള്‍ തുലാസിലാകും. നിലവില്‍ ഐ.സി.സി ഏകദിന സൂപ്പര്‍ ലീഗ് പോയിന്റ് പട്ടികയില്‍ 11ാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്കയുള്ളത്. അഫ്ഗാനിസ്ഥാന്‍, വെസ്റ്റിന്‍ഡീസ്, അയര്‍ലന്‍ഡ്, ശ്രീലങ്ക തുടങ്ങിയ ടീമുകള്‍ക്കും പിന്നിലാണ് ബാവുമയുടെ സംഘം.
ഇന്നത്തെ മത്സരം ജയിച്ച് പരമ്പര ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ലങ്കയ്ക്കും അയര്‍ലന്‍ഡിനും മുന്നില്‍ ഒന്‍പതാം സ്ഥാനത്തെത്താനാകും ദക്ഷിണാഫ്രിക്ക. എട്ടാം സ്ഥാനത്തെത്തിയാലേ ലോകകപ്പിലേക്ക് നേരിട്ട് എന്‍ട്രി ലഭിക്കൂ. ഇന്നത്തെ ജയത്തിനൊപ്പം ലോകകപ്പിനു മുന്‍പ് ബാക്കിയുള്ള അഞ്ച് മത്സരങ്ങളും ജയിക്കാനായാല്‍ അത്തരം സാധ്യതയിലേക്ക് കണ്ണുവയ്ക്കാനാകും. ഇന്നു തോറ്റാല്‍ ചെറു ടീമുകള്‍ക്കൊപ്പം യോഗ്യതാ മത്സര കടമ്പ കടന്നുവേണം ടീമിന് ലോകകപ്പിനെത്താന്‍.
കരുത്തന്മാരുടെ അഭാവത്തിലും ശക്തരായ ദക്ഷിണാഫ്രക്കന്‍ നിരയ്‌ക്കെതിരെ ഇന്ത്യന്‍ യുവനിര മികച്ച പ്രകടനമാണ് കഴിഞ്ഞ രണ്ടു മത്സരത്തിലും നടത്തിയത്. കൂട്ടത്തകര്‍ച്ചയ്ക്കുശേഷം സഞ്ജു സാംസണ്‍ നടത്തിയ വീരോചിതമായ പോരാട്ടമായിരുന്നു ആദ്യ മത്സരത്തില്‍ കണ്ടത്. അവസാന ഓവര്‍ വരെ നീണ്ട മത്സരം കൈയകലെയാണ് സഞ്ജുവിന് നഷ്ടമായത്. രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ മികച്ച സ്‌കോര്‍ സെഞ്ച്വറി പ്രകടനത്തിലൂടെ ശ്രേയര്‍ അയ്യരും സെഞ്ച്വറിയോളം പോന്ന പ്രകടനത്തിലൂടെ ഇഷന്‍ കിഷനും ചേര്‍ന്ന് മറികടന്നത്. റാഞ്ചിയിലെ കളിയിലും സഞ്ജുവിന്റെ ഇന്നിങ്‌സ് മികച്ചുനിന്നു. ബൗളിങ് നിരയിയില്‍ മുഹമ്മദ് സിറാജും ഷര്‍ദുല്‍ താക്കൂറും കുല്‍ദീപ് യാദവുമെല്ലാം മികച്ച ഫോമിലുമുണ്ട്.
ദക്ഷിണാഫ്രിക്കയ്ക്ക് പരിഹരിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. പ്രധാനമായും നായകന്‍ തെംബ ബാവുമയുടെ ഫോം തന്നെയാണ്. ടി20 അടക്കം ഇന്ത്യയില്‍ കഴിഞ്ഞ നാലു മത്സരങ്ങളില്‍ ആകെ 11 റണ്‍സാണ് ബാവുമയ്ക്ക് കണ്ടെത്താനായത്. മികച്ചൊരു സ്‌കോര്‍ കണ്ടെത്തി ലോകകപ്പിന് തിരിക്കാനായിരിക്കും താരത്തിന്റെ ശ്രദ്ധ. തങ്ങളുടെ കരുത്തുറ്റ ബൗളിങ് നിരയ്‌ക്കെതിരെ ഇന്ത്യന്‍ യുവനിര നേടി അവിസ്മരണീയ പോരാട്ടവും ദക്ഷിണാഫ്രിക്കയ്ക്കുമുന്നില്‍ തലവേദനയായി അവശേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























