ഫിനിഷറായി കളിക്കണം ധോണിയുടെ കുറവ് നികത്തണം; സഞ്ജുവിനോട് ബിസിസിഐ

എന്നും അങ്ങനെ സഞ്ജുവിനെ മാറ്റിനിര്‍ത്താന്‍ ഒരാള്‍ക്കും സാധിക്കില്ല. 2023ലെ ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടുള്ള സഞ്ജുവിന്റെ യാത്രയില്‍ ഇനി ഒരു സെലക്ടര്‍മാര്‍ക്കും വിലങ്ങുതടിയാകാനാകില്ല. എം.എസ് ധോനിയുടെ പിന്‍ഗാമിയാകാന്‍ അയാള്‍ സ്വയം തയ്യാറെടുത്തുകഴിഞ്ഞിരിക്കുന്നു! എന്നാല്‍ സഞ്ജൂ നീ ധോണിയൊന്നും ആകണ്ട നീ നീയായിരുന്നാല്‍ മതി. അതാണ് ഞങ്ങള്‍ക്കിഷ്ടം എന്നാണ് ആരാധകര്‍ പറയുന്നത്.
ലഖ്‌നൗവിലെ സഞ്ജുവിന്റെ ഇന്നിംഗ്‌സ് കണ്ടപ്പോള്‍ ധോനിയെ ഓര്‍മ്മവന്നിരുന്നു. ധോനി ക്രീസിലുള്ളപ്പോള്‍ അവസാന പന്തുവരെ എതിര്‍ടീം ആശ്വസിക്കാറില്ല. അത്തരമൊരു ഇംപാക്റ്റ് തന്നെയാണ് സഞ്ജുവും ഉണ്ടാക്കിയത്. ടോപ് ഓര്‍ഡര്‍ ബാറ്ററായി വന്ന് ഫിനിഷറായി പരിണമിച്ച ധോനിയുടെ പാതയിലൂടെയാണ് സഞ്ജുവിന്റെയും പ്രയാണം! ആ പ്രയാണം മുന്നോട്ട് കുതിക്കുമ്പോള്‍. വളരെ പ്രതീക്ഷ നല്‍കുന്ന നീക്കങ്ങള്‍ തന്നെയാണ് ബിസിസിഐയില്‍ നിന്നുണ്ടാകുന്നത്.
ഈ കഴിഞ്ഞ 10 മത്സരങ്ങളില്‍, അഞ്ചിലും നോട്ടൗട്ട്, 73.50 റണ്‍സ് ശരാശരിയില്‍ 296 റണ്‍സ്, 100നു മുകളില്‍ സ്‌ട്രൈക്ക് റേറ്റ്; രാജ്യാന്തര ഏകദിന മത്സരങ്ങളില്‍ ഏതൊരു താരവും കൊതിക്കുന്ന തുടക്കമാണ് സഞ്ജു സാംസണ്‍ 2.0യ്ക്ക് ലഭിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ പ്രകടനംകൂടി ചേര്‍ത്തുവയ്ക്കുമ്പോള്‍ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ മധ്യനിര ഇനിയങ്ങോട്ടു സഞ്ജുവിന്റെ കൈകളില്‍ ഭദ്രമായിരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.
ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ സഞ്ജുവിന്റെ പ്രകടനത്തെ പ്രശംസിച്ചവരില്‍ ഒട്ടേറെ സീനിയര്‍ താരങ്ങളുമുണ്ട്. അതില്‍ത്തന്നെ ടീം ഇന്ത്യയുടെ 'ക്രിക്കിപീഡിയ' ആര്‍.അശ്വിന്‍ നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. 'സഞ്ജു സാംസണ്‍ എന്ന താരത്തിന്റെ രണ്ടാം അധ്യായത്തിനാണ് ഈ പരമ്പരയോടെ തുടക്കമായിരിക്കുന്നത്. ഇനിയങ്ങോട്ടുള്ള സഞ്ജുവിന്റെ യാത്ര ശ്രദ്ധിച്ചോളൂ' എന്നായിരുന്നു അശ്വിന്റെ പ്രതികരണം.
കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു സഞ്ജു ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. അന്ന് വണ്‍ ഡൗണില്‍ ബാറ്റ് ചെയ്യാനിറങ്ങിയ സഞ്ജു 46 പന്തില്‍ 46 റണ്‍സെടുത്ത് പുറത്തായി. പിന്നീടങ്ങോട്ടുള്ള മത്സരങ്ങളില്‍ 12, 54, 6, 43, 15 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്‌കോര്‍. ഈ മത്സരങ്ങളിലെല്ലാം ഓപ്പണര്‍, വണ്‍ ഡൗണ്‍, ടു ഡൗണ്‍ എന്നീ പൊസിഷനുകളിലായിരുന്നു സഞ്ജു ബാറ്റിങ്ങിനിറങ്ങിയത്. മികച്ച തുടക്കം ലഭിച്ച പല മത്സരങ്ങളിലും അനാവശ്യ ഷോട്ടുകള്‍ക്കു മുതിര്‍ന്ന് ഔട്ടായത് വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു.
സ്ഥിരതയില്ലായ്മയുടെ പേരില്‍ ടീമിലെ സ്ഥാനം തന്നെ തെറിക്കുമെന്ന ഘട്ടത്തിലാണ് സഞ്ജുവിനു മുന്നിലേക്ക് ബിസിസിഐ ഒരു അവസരം വച്ചുനീട്ടുന്നത്. ടോപ് ഓര്‍ഡറില്‍ നിന്ന് മധ്യനിരയിലേക്കു മാറി, ഫിനിഷര്‍ റോളില്‍ കളിക്കാമെങ്കില്‍ നമുക്കു നോക്കാം എന്നായിരുന്നു ബിസിസിഐ സഞ്ജുവിനോടു പറഞ്ഞത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കു ശേഷമാണ്, ഫിനിഷര്‍ റോളിലേക്കു മാറാന്‍ തനിക്കു നിര്‍ദേശം ലഭിച്ചിരുന്നതായും കഴിഞ്ഞ ഒരു വര്‍ഷമായി അതിനുവേണ്ടിയുള്ള പരിശ്രമത്തിലാണെന്ന് സഞ്ജു തന്നെ വെളിപ്പെടുത്തുന്നുണ്ട്.
ആ പരിശ്രമത്തിന്റെ ഫലമെന്നോണമായിരുന്നു ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ സഞ്ജുവിന്റെ പ്രകടനം. ആദ്യ മത്സരത്തില്‍ 86*, രണ്ടാം മത്സരത്തില്‍ 30*, അവസാന മത്സരത്തില്‍ 2* എന്നിങ്ങനെയായിരുന്നു പരമ്പരയില്‍ സഞ്ജുവിന്റെ സ്‌കോര്‍. 3 മത്സരങ്ങളിലും നോട്ടൗട്ട് ആയതിനു പുറമേ, തുടക്കംതൊട്ടുള്ള കൂറ്റന്‍ അടികള്‍ നിയന്ത്രിച്ച് ഒരു ആങ്കര്‍ ഇന്നിങ്‌സ് പടുത്തുയര്‍ത്തി ടീമിനെ ജയത്തിലേക്കെത്തിക്കുന്നതിലായിരുന്നു സഞ്ജുവിന്റെ ശ്രദ്ധ.
ഒരു പരമ്പരയിലെ പ്രകടനം മാത്രം വിലയിരുത്തി ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന്റെ സ്ഥാനം സ്ഥിരപ്പെട്ടെന്നു പറയാന്‍ സാധിക്കില്ല. ഈ പരമ്പരയില്‍ ബാറ്റിങ് മികവു പുറത്തെടുത്ത ഇഷാന്‍ കിഷനോടും ടീം ഇന്ത്യയുടെ ഫസ്റ്റ് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനോടുമാണ് സഞ്ജു മത്സരിക്കേണ്ടത്. ഇതില്‍ ഇടംകയ്യന്‍മാരാണെന്ന മുന്‍തൂക്കം കിഷനും പന്തിനുമുണ്ട്. എന്നാല്‍ പന്ത് ടെസ്റ്റ്, ട്വന്റി20 ഫോര്‍മാറ്റുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നതിനാല്‍ ഏകദിനത്തില്‍ സഞ്ജുവിനു സാധ്യത കൂടും. കിഷന്‍ ഓപ്പണറായിത്തന്നെ തുടരുന്നതും സഞ്ജുവിനു ഗുണം ചെയ്യും. മാത്രമല്ല പന്തിന്റെ ഫോമില്ലായ്മയും ഫിറ്റ്‌നസും താരത്തെ പിന്നോട്ടടിക്കുന്നുണ്ട്. അത് നികത്തിയില്ലെങ്കില്‍ ഇനിയുള്ള മത്സരം ഇഷാന്ത് കിഷനുമായി മാത്രമായിരിക്കും. സെലക്ടര്‍മാരുടെ കരുണ കൊണ്ട് മാത്രം ടീമില്‍ ഉള്‍പ്പെടുന്ന താരമായി പന്ത് ഇപ്പോള്‍ വിമര്‍ശിക്കപ്പെട്ട് തുടങ്ങിയിരിക്കുന്നു.
അതു മാത്രമല്ല എം.എസ്.ധോണി വിരമിച്ചതോടെ ഒഴിവുവന്ന പെര്‍ഫക്ട് ഫിനിഷറുടെ റോള്‍ നികത്താന്‍ ബിസിസിഐക്ക് ഇതുവരെ സാധിച്ചിട്ടില്ല. ട്വന്റി20യില്‍ ഹാര്‍ദിക് പാണ്ഡ്യ ഒരു പരിധിവരെ ഫിനിഷര്‍ റോള്‍ ഭംഗിയാക്കുന്നുണ്ടെങ്കിലും ഏകദിനത്തിലേക്കു വരുമ്പോള്‍ ഈ റോളിന് അവകാശവാദം ഉന്നയിക്കാന്‍ നിലവില്‍ ആളില്ല. ഫിനിഷിങ്ങില്‍ മികവു തുടരാന്‍ സാധിച്ചാല്‍ ധോണിയുടെ പിന്‍ഗാമിയായി ഫിനിഷര്‍ റോളില്‍ സ!ഞ്ജുവിന് അവസരം ലഭിച്ചേക്കും.
https://www.facebook.com/Malayalivartha

























