സെഞ്ച്വറിയോടൊപ്പം അപൂര്‍വ്വ റെക്കാഡ് നേട്ടം കൊയ്ത് വിരാട് കൊഹ്ലി; 500-ാം രാജ്യാന്തര മത്സരത്തില്‍ മൂന്നക്കം കടക്കുന്ന ആദ്യതാരമെന്ന റെക്കാഡും താരം സ്വന്തമാക്കി; വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ മികച്ച സ്കോറിലേയ്ക്ക് അടുത്ത് ഇന്ത്യ

ഇന്ത്യയ്ക്ക് അഭിമാന നിമിഷം. കരിയറിലെ 29-ാം ടെസ്റ്റ് സെഞ്ച്വറി തികച്ച് ഇന്ത്യൻ താരം വിരാട് കൊഹ്ലി. തന്റെ 500-ാം രാജ്യാന്തര മത്സരത്തിലാണ് താരം സെഞ്ച്വറി തികച്ചത്. ഇതോടെ 500-ാം രാജ്യാന്തര മത്സരത്തില്‍ മൂന്നക്കം കടക്കുന്ന ആദ്യതാരമെന്ന റെക്കാഡും താരം സ്വന്തമാക്കി. കൊഹ്ലിയുടെ സെഞ്ച്വറി നേട്ടത്തോടെ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ തന്നെ മികച്ച സ്കോറിലേയ്ക്ക് അടുക്കുകയാണ് ഇന്ത്യ. 92 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിരാട് കൊഹ്ലി( *109) രവീന്ദ്ര ജഡേജ (*50) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 324-4 എന്ന നിലയിലാണ് ഇന്ത്യ.
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് നാലുവിക്കറ്റുകള്‍ വേഗത്തില്‍ നഷ്‌ടമായി.. ഇന്നലെ പോര്‍ട്ട് ഒഫ് സ്പെയ്നില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ചായയ്ക്ക് പിരിയുമ്ബോള്‍ നാലു വിക്കറ്റ് നഷ്‌ടത്തില്‍ 182 റണ്‍സിലെത്തിയിരുന്നു
.ആദ്യ ടെസ്റ്റില്‍ സെഞ്ച്വറികള്‍ നേടിയിരുന്ന ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും (80 )യശസ്വി ജയ്സ്വാളു(57) മാണ് പോര്‍ട്ട് ഒഫ് സ്പെയ്നിലും കത്തിക്കയറിയത്. ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ ഇന്ത്യ 11-ാം ഓവറില്‍ത്തന്നെ 50 റണ്‍സ് പിന്നിട്ടിരുന്നു. രോഹിത് ശര്‍മ്മയാണ് ആദ്യം അര്‍ദ്ധസെഞ്ച്വറിയിലെത്തിയത്.74 പന്തുകളാണ് രോഹിതിന് ഇതിനായി വേണ്ടിവന്നത്.പിന്നാലെ യശസ്വിയും അര്‍ദ്ധശതകത്തിലെത്തി. 49 പന്തുകളേ യശസ്വിക്ക് ഇതിനായി വേണ്ടിവന്നുള്ളൂ.ലഞ്ചിന് പിരിയുമ്ബോള്‍ ഇന്ത്യ വിക്കറ്റ് നഷ്‌ടം കൂടാതെ 121 റണ്‍സിലെത്തിയിരുന്നു.
ലഞ്ചിന് ശേഷം യശസ്വിയെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ടീം സ്കോര്‍ 139ല്‍ നില്‍ക്കേ യശസ്വിയെ ഹോള്‍ഡര്‍ മക്കൻസിയുടെ കയ്യിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ശുഭ്മാൻ ഗില്‍ (10),രോഹിത് , അജിങ്ക്യ രഹാനെ(8) എന്നിവര്‍കൂടി നഷ്‌ടമായി. തുടര്‍ന്നെത്തിയ വിരാട് കൊഹ്‌ലിയും ജഡേജയുമാണ് കളിയുടെ താളം വീണ്ടെടുത്തത്.
167 പന്തില്‍ നിന്ന് 87 റണ്‍സുമായി വിരാട് കൊഹ്ലിയും 84 പന്തില്‍ നിന്ന് 36 റണ്‍സുമായി ജഡേജയുമാണ് രണ്ടാം ദിനം കളി ആരംഭിച്ചപ്പോള്‍ ക്രീസില്‍. ഇരുവരും കളം നിറഞ്ഞതോടെ സ്കോര്‍ ഉയര്‍ന്നു. ഇതിനിടയില്‍ 180-ാം പന്ത് ബൗണ്ടറി കടത്തി കൊഹ്ലി സെഞ്ച്വറി പിന്നിടുകയായിരുന്നു. മികച്ച പിന്തുണ നല്‍കി ബാറ്റിംഗ് തുടരുന്ന ജഡേജ അര്‍ദ്ധ സെഞ്ച്വറി തികയ്ക്കുകയും ചെയ്തു. കൂടുതല്‍ വിക്കറ്റ് വീഴാതെ പ്രതിരോധിച്ച്, റണ്‍സ് ഉയര്‍ത്താനാണ് ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ ശ്രമം.
https://www.facebook.com/Malayalivartha


























