ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മൂന്നാം തവണയും 250നു മേലെ സ്‌കോര്‍ കണ്ടെത്തിയ ഹൈദരാബാദ്, ഡല്‍ഹിക്കെതിരേ ഉജ്ജ്വല ജയം നേടി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മൂന്നാം തവണയും 250നു മേലെ സ്‌കോര്‍ കണ്ടെത്തിയ ഹൈദരാബാദ്, ഡല്‍ഹിക്കെതിരേ ഉജ്ജ്വല ജയം നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ്, നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സ് കണ്ടെത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് 19.1 ഓവറില്‍ 199 റണ്‍സെടുക്കുന്നതിനിടെ എല്ലാവരെയും നഷ്ടപ്പെട്ടു. ഫലത്തില്‍ ഹൈദരാബാദിന് 67 റണ്‍സിന്റെ തകര്‍പ്പന്‍ ജയം.
അതേസമയം അത്യുജ്ജ്വലമായ തുടക്കമായിരുന്നു ഹൈദരാബാദിന്റേത്. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ കളി കാണാനെത്തിയവര്‍ക്ക് മുന്നില്‍ ബാറ്റുകൊണ്ട് വന്‍ വിരുന്നൊരുക്കി. ഖലീല്‍ അഹ്മദ് എറിഞ്ഞ ആദ്യ ഓവറില്‍ത്തന്നെ ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 19 റണ്‍സ്. അടുത്തതായി പന്തെറിയാനെത്തിയത് ലളിത് യാദവ്. ഓവറില്‍ കിട്ടിയത് രണ്ട് വീതം സിക്‌സും ഫോറും സഹിതം 21 റണ്‍സ്. നോര്‍ട്‌ജെ എറിഞ്ഞ മൂന്നാം ഓവറില്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 22 റണ്‍സ്. മൂന്ന് ഓവര്‍ കഴിഞ്ഞപ്പോഴേക്ക് തന്നെ ട്രാവിസ് ഹെഡ് അര്‍ധ സെഞ്ചുറി തികച്ചു16 പന്തില്‍ 54.
നാലാം ഓവറെറിയാനെത്തിയ ലളിത് യാദവിന് മൂന്ന് സിക്‌സ് കിട്ടിയതുള്‍പ്പെടെ 21 റണ്‍സ് വഴങ്ങി. കുല്‍ദീപ് യാദവെറിഞ്ഞ അഞ്ചാം ഓവറിലും മൂന്ന് സിക്‌സ്. അപ്പോഴേക്ക് അഭിഷേക് ശര്‍മയുടെ സ്‌കോര്‍ പത്ത് പന്തില്‍ 40* റണ്‍സ്. ആറാം ഓവര്‍ മുകേഷ് ശര്‍മയെ മാറ്റി പരീക്ഷിച്ചെങ്കിലും അതിലും കിട്ടി കണക്കിന്. നാല് ഫോറും ഒരു സിക്‌സും സഹിതം 22 റണ്‍സ്. ഇതോടെ പവര്‍ പ്ലേ സ്‌കോര്‍ 125-0. ഐ.പി.എലില്‍ നാളിതുവരെ കണ്ടതില്‍ വെച്ചേറ്റവും കൂടുതല്‍ സ്‌കോര്‍ നേടിയ പവര്‍ പ്ലേ എന്ന റെക്കോഡ് ഇക്കളിക്ക് സ്വന്തമായി. ഹൈദരാബാദിനുവേണ്ടി പവര്‍ പ്ലേയില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത സ്‌കോര്‍ നേടുന്ന കളിക്കാരനായി ട്രാവിസ് ഹെഡും മാറി. 26 പന്തില്‍ 84 റണ്‍സ്. വാര്‍ണറുടെ പേരിലുള്ള (62) റെക്കോഡാണ് ഹെഡ് തകര്‍ത്തത്.
ഏഴാം ഓവറില്‍ അഭിഷേക് ശര്‍മയെയും തുടര്‍ന്നെത്തിയ എയ്ഡന്‍ മാര്‍ക്രമിനെയും കുല്‍ദീപ് യാദവ് മടക്കിയതോടെയാണ് ഡല്‍ഹിക്ക് തെല്ലൊരാശ്വാസം ലഭിച്ചത്. 12 പന്തില്‍ 46 ആണ് അഭിഷേകിന്റെ സ്‌കോര്‍. മാര്‍ക്രം മൂന്ന് പന്തില്‍ ഒന്ന്. ഒന്‍പതാം ഓവറെറിഞ്ഞ കുല്‍ദീപ് ട്രാവിസ് ഹെഡിനെയും മടക്കി. 32 പന്തില്‍ 89 റണ്‍സടിച്ച ഹെഡിനെ ട്രിസ്റ്റന്‍ സ്റ്റബ്‌സിന്റെ കൈകളിലേക്ക് നല്‍കുകയായിരുന്നു. അടുത്ത ഓവറില്‍ ഹെന്റിച്ച് ക്ലാസനും മടങ്ങി (8 പന്തില്‍ 15). അക്‌സര്‍ പട്ടേലിന് വിക്കറ്റ്. 131ന് ഒന്ന് എന്ന നിലയിലായിരുന്ന ടീം അങ്ങനെ 154ന് നാല് എന്ന നിലയിലേക്ക് പതിച്ചു.
ഇതിനിടയില്‍ ടീം സ്‌കോറിന്റെ ചടുലതയും കുറഞ്ഞു. ആറോവറില്‍ 125 ഉണ്ടായിരുന്ന ടീം തുടര്‍ന്നുള്ള ആറോവറില്‍ നേടിയത് 50 റണ്‍സ്. 17ാം ഓവറില്‍ നിതീഷ് റെഡ്ഢിയെയും മടക്കി കുല്‍ദീപ് നാല് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. 27 പന്തില്‍ 37 റണ്‍സാണ് സമ്പാദ്യം. 20ാം ഓവറില്‍ അബ്ദുല്‍ സമദിനെ മുകേഷ് കുമാറും മടക്കി (8 പന്തില്‍ 13). അതേ ഓവറില്‍ കമിന്‍സും റണ്ണൗട്ടായി. ഇതോടെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സ് എന്ന നിലയില്‍ ഹൈദരാബാദിന്റെ വീരേതിഹാസ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു
https://www.facebook.com/Malayalivartha