ആഫ്രിക്കന്‍ ടീമിനെ 2-0നു മറികടന്ന് ലോക ചാംപ്യന്‍മാരായ ഫ്രാന്‍സ് വീണ്ടും ലോകകപ്പ് ഫൈനലിലേക്ക്.... ഞായറാഴ്ച ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സ് അര്‍ജന്റീനയെ നേരിടും

ആഫ്രിക്കന്‍ ടീമിനെ 2-0നു മറികടന്ന് ലോക ചാംപ്യന്‍മാരായ ഫ്രാന്‍സ് വീണ്ടും ലോകകപ്പ് ഫൈനലിലേക്ക്....
5-ാം മിനിറ്റില്‍ തിയോ ഹെര്‍ണാണ്ടസ്, 79-ാം മിനിറ്റില്‍ പകരക്കാരന്‍ റന്‍ഡാല്‍ കോളോ മുവാനി എന്നിവരാണ് ഫ്രാന്‍സിന്റെ സ്‌കോറര്‍മാര്‍. മൈതാനത്തുടനീളം വീര്യത്തോടെ ഓടിക്കളിച്ചെങ്കിലും ഫ്രഞ്ച് പെനല്‍റ്റി ബോക്‌സിലെത്തിയപ്പോഴെല്ലാം കാലും മനസ്സും ഇടറിയതാണ് മൊറോക്കോയ്ക്കു തിരിച്ചടിയായത്.
ഞായറാഴ്ച ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സ് അര്‍ജന്റീനയെ നേരിടും. ശനിയാഴ്ച ഖലീഫ സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്നാം സ്ഥാന മത്സരത്തില്‍ മൊറോക്കോ ക്രൊയേഷ്യയുമായി കളിക്കും. കിക്കോഫിനു തൊട്ടു മുന്‍പു തന്നെ മൊറോക്കോയ്ക്ക് ആദ്യ തിരിച്ചടിയായി.
പരുക്കില്‍ നിന്നു മുക്തനാവാത്ത നായെഫ് അഗേര്‍ദിനെ അവസാന നിമിഷം പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കേണ്ടി വന്നു. പൂര്‍ണമായും ഫിറ്റ് അല്ലാത്ത ക്യാപ്റ്റന്‍ റൊമാന്‍ സായ്‌സുമായി ഇറങ്ങിയ അവര്‍ നിലയുറപ്പിക്കും മുന്‍പ് ഗോളും വഴങ്ങി. 5-ാം മിനിറ്റില്‍ ഇടതു വിങ്ങില്‍ നിന്ന് എംബപെ തുടക്കമിട്ട മുന്നേറ്റം ഫൊഫാനയും വരാനും വഴി ഗ്രീസ്മാനിലെത്തി.
ഗ്രീസ്മാനെ തടയാന്‍ ശ്രമിച്ച എല്‍ യാമിഖ് വഴുതി വീണു. പന്തു കിട്ടിയ എംബപെയുടെ രണ്ടു ഷോട്ടുകളും മൊറോക്കന്‍ ഡിഫന്‍ഡര്‍മാര്‍ തടഞ്ഞെങ്കിലും സെക്കന്‍ഡ് പോസ്റ്റില്‍ പന്തു കിട്ടിയ തിയോ ഹെര്‍ണാണ്ടസിന്റെ ഹാഫ് വോളി ഗോള്‍കീപ്പര്‍ യാസിന്‍ ബോണോയെ മറികടക്കുകയും ചെയ്തു. ഗോള്‍ലൈനില്‍ നിന്ന ഡിഫന്‍ഡര്‍ ദാരിക്കും പന്തു തടയാനായില്ല.
അതേസമയം ഫ്രാന്‍സിന്റെ രണ്ടാം ഗോളിനു വഴിയൊരുക്കിയത് മത്സരത്തിലുടനീളം അധ്വാനിച്ചു കളിച്ച കിലിയന്‍ എംബപെ. ഗോള്‍ നേടിയത് വെറും 44 സെക്കന്‍ഡ് മുന്‍പു മാത്രം ദിദിയെ ദെഷാം പകരക്കാരനായി അവതരിപ്പിച്ച കോളോ മുവാനിയാണ്.
ബോക്‌സിനു വെളിയില്‍നിന്ന് പന്തുമായി മുന്നോട്ടുകയറി മാര്‍ക്കസ് തുറാം നല്‍കിയ പാസ് കിലിയന്‍ എംബപെയ്ക്ക്. പന്തു പിടിച്ചെടുത്ത് മൊറോക്കോ പ്രതിരോധത്തിനിടയിലൂടെ നൃത്തം ചെയ്ത് മുന്നോട്ടുകയറിയ എംബപെ അത് സെക്കന്‍ഡ് പോസ്റ്റിനു സമീപം കോളോ മുവാനിക്കു നീട്ടിനല്‍കി. നിരങ്ങിയെത്തിയ മൊറോക്കോ ഗോള്‍കീപ്പര്‍ യാസീന്‍ ബോണോയുടെ പ്രതിരോധം തകര്‍ത്ത് മുവാനിയുടെ ഫിനിഷ്. പകരക്കാരനായെത്തി ഒരു മിനിറ്റു തികയും മുന്‍പേ ഫ്രഞ്ച് ജഴ്‌സിയില്‍ മുവാനിയുടെ ആദ്യ ഗോള്‍. സ്‌കോര്‍ 2-0.
ഫിഫ ലോകകപ്പ് ഫൈനലില്‍ നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സും അര്‍ജന്റീനയും ഏറ്റുമുട്ടുന്നത് കണ്ണുനട്ടിരിക്കുകയാണ് ആരാധകര്‍.
https://www.facebook.com/Malayalivartha