മാളിക്കടവിൽ ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മാളിക്കടവിൽ ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. യുവതിയെ പതിനാറാം വയസ്സ് മുതൽ പ്രതിയായ വൈശാഖൻ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. ഈ വിവരങ്ങൾ യുവതിയുടെ ഡയറിക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിരുന്നതായും, താൻ മരണപ്പെടുമെന്ന് മാസങ്ങൾക്ക് മുൻപേ ഡയറിയിൽ എഴുതിവെച്ചിരുന്നതായും പോലീസ് പറയുന്നു. മറ്റു സ്ത്രീകളുമായും വൈശാഖന് ബന്ധമുണ്ടായിരുന്നെന്ന് ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ പൊലീസിന് വ്യക്തമായി.
കക്കോടി തടമ്പാട്ടുതാഴം പീസ് ഗാർഡനിൽ കെ. വൈശാഖൻ (35) ആണ് കേസിലെ പ്രതി. സിസിടിവി ദൃശ്യങ്ങളിൽ, യുവതിയുടെ കഴുത്തിൽ കയർ കുരുക്കിയ ശേഷം വൈശാഖൻ യുവതി നിന്നിരുന്ന സ്റ്റൂൾ ചവിട്ടിത്തെറിപ്പിച്ച് കൊലപ്പെടുത്തുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വ്യക്തമായി കണ്ടെത്തി. ഇത് കൊലപാതകമെന്ന് സ്ഥിരീകരിക്കുന്ന സുപ്രധാന തെളിവായി മാറി. വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് മാളിക്കടവ് മോരിക്കരയ്ക്ക് സമീപമുള്ള വർക്‌ഷോപ്പിൽ 26 വയസ്സുകാരിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ നാട്ടുകാർ അറിയുന്നത്.
വൈശാഖനും ഭാര്യയുമാണ് യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. സംഭവത്തെ ആത്മഹത്യയായി ചിത്രീകരിക്കാനാണ് വൈശാഖൻ ആദ്യം ശ്രമിച്ചത്. ഒരുമിച്ച് ആത്മഹത്യ ചെയ്യാനായി ജ്യൂസിൽ ഉറക്കഗുളിക കലർത്തി കഴിച്ചെന്നും, താൻ മയങ്ങിപ്പോയെന്നും പിന്നീട് ഉണർന്നപ്പോൾ യുവതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു എന്നുമായിരുന്നു ഇയാളുടെ മൊഴി.
എന്നാൽ, ഉറക്കഗുളിക കഴിച്ച് മയങ്ങിയെന്ന് പറഞ്ഞയാൾ നഗരത്തിലെ ആശുപത്രിയിലേക്ക് വാഹനം ഓടിച്ച് എത്തിയത് പോലീസിൽ സംശയം ജനിപ്പിച്ചു. പ്രാഥമിക പരിശോധനയിൽ ആത്മഹത്യയെന്ന് തോന്നിച്ചെങ്കിലും, വർക്‌ഷോപ്പിൽ യുവതിയെ തൂക്കാനുപയോഗിച്ച കുരുക്കിന് പുറമെ കയർ കൊണ്ടുള്ള മറ്റൊരു കുരുക്ക് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത് കേസിൽ വഴിത്തിരിവായി. തുടർന്ന് വർക്‌ഷോപ്പിലെ സിസിടിവി ക്യാമറകളുടെ ഹാർഡ് ഡിസ്ക് എലത്തൂർ പോലീസ് പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു.
പ്രതിയുടെ ലൈംഗിക വൈകൃതം വ്യക്തമാക്കുന്നതാണ് പൊലീസ് വർക്‌ഷോപ്പിൽ നിന്നു കണ്ടെടുത്ത നിരീക്ഷണ ദൃശ്യങ്ങൾ നിന്നും വ്യക്തമായി. തൂങ്ങിനിൽക്കുന്ന സമയത്തും പിന്നീട് കെട്ടറുത്ത് താഴെയിറക്കിയ ശേഷവും ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തി. മരണം ഉറപ്പാക്കിയശേഷം, ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ സ്വന്തം ഭാര്യയെ വിളിച്ചുവരുത്തി അവരുടെ സഹായത്തോടെയാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചതെന്നും പൊലീസ് വെളിപ്പെടുത്തി. പ്രതിക്കെതിരെ പോക്സോ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
വിവാഹിതനായ വൈശാഖനും 26 വയസ്സുകാരിയായ യുവതിയും തമ്മിൽ വർഷങ്ങളായി അടുപ്പത്തിലായിരുന്നു. അകന്ന ബന്ധു കൂടിയായ ഈ യുവതിയെ പതിനാറാം വയസ്സുമുതൽ വൈശാഖൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് മൊഴിയെടുപ്പിൽ കണ്ടെത്തി. യുവതി വിവാഹാഭ്യർഥന നടത്തിയതും, വിവാഹം കഴിച്ചില്ലെങ്കിൽ ബന്ധം ഭാര്യയോട് വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വൈശാഖൻ പൊലീസിനോട് സമ്മതിച്ചത്. ബന്ധം ഭാര്യ അറിയുമെന്ന ഭയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പ്രതി പറഞ്ഞു.
വിവാഹിതനായതിനാൽ മറ്റൊരു വിവാഹം സാധ്യമല്ലെന്നും എന്നാൽ യുവതിയെ പിരിഞ്ഞ് ജീവിക്കാൻ കഴിയില്ലെന്നും പ്രതി യുവതിയോട് പറഞ്ഞു. ആത്മഹത്യ ചെയ്യാമെന്ന് യുവതി പറഞ്ഞപ്പോൾ, തനിക്കും ഒറ്റയ്ക്ക് ജീവിക്കാൻ സാധിക്കില്ലെന്നും ഒരുമിച്ച് ജീവൻ അവസാനിപ്പിക്കാമെന്നും പറഞ്ഞ് വൈശാഖൻ യുവതിയെ വിശ്വസിപ്പിക്കുകയായിരുന്നു. ജനുവരി 24-ന് ഉച്ചയോടെ മാളിക്കടവിലെ തന്റെ വർക്ക്ഷോപ്പിലേക്ക് വൈശാഖൻ യുവതിയെ വിളിച്ചുവരുത്തി. തുടർന്ന് ഇരുവരും രണ്ട് സ്റ്റൂളുകളിൽ കയറി കഴുത്തിൽ കുരുക്കിട്ടപ്പോൾ, വൈശാഖൻ പെട്ടെന്ന് താഴെയിറങ്ങി യുവതി നിന്നിരുന്ന സ്റ്റൂൾ തന്ത്രപരമായി തട്ടിമാറ്റുകയായിരുന്നു.
പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ്, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കി. പോക്സോ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണ സംഘം വൈശാഖനെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും. കസ്റ്റഡിയിൽ ലഭിക്കുന്നതോടെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താനും കേസിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്താനുമാണ് പൊലീസ് നീക്കം.
https://www.facebook.com/Malayalivartha

























