'മെസ്സിയെന്ന കാൽപ്പന്തിൻ്റെ മാന്ത്രികൻ അർജൻ്റീനയെ തോളിലേറ്റിയപ്പോൾ അന്തിമ നിമിഷത്തിൽ ജേതാപട്ടം അവരെത്തേടിയെത്തി. ഇത്ര ത്രസിപ്പിച്ച ഒരു കലാശക്കളി ഫിഫയുടെ ചരിത്രത്തിലാദ്യം. ലോക ഫുട്ബോളിൻ്റെ അടുത്ത നാല് വർഷത്തെ നേരവകാശികൾ അർജൻ്റീന തന്നെ...' കെ. ടി ജലീൽ കുറക്കുന്നു

ലോകം ലിയോണൽ മെസ്സിയെന്ന ഇതിഹാസത്തിന്‍റെ പിന്നാലെയാണ്. കളിച്ചും കളിപ്പിച്ചും ഗോളടിച്ചും ഗോളടിപ്പിച്ചുമാണ് മെസ്സി ലോകജേതാവായി മാറിയിരിക്കുന്നത്. ഒടുവിൽ, മോഹകപ്പ് അതിന്റെ നാഥനെ കണ്ടു. 'ലോക ഫുട്ബോളിൻ്റെ അടുത്ത നാല് വർഷത്തെ നേരവകാശികൾ അർജൻ്റീന തന്നെ. മെസ്സിയെന്ന കാൽപ്പന്തിൻ്റെ മാന്ത്രികൻ അർജൻ്റീനയെ തോളിലേറ്റിയപ്പോൾ അന്തിമ നിമിഷത്തിൽ ജേതാപട്ടം അവരെത്തേടിയെത്തി. ഇത്ര ത്രസിപ്പിച്ച ഒരു കലാശക്കളി ഫിഫയുടെ ചരിത്രത്തിലാദ്യം' എന്ന് കുറിക്കുകയാണ് കെ. ടി ജലീൽ.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
മെസ്സി കപ്പും കൊണ്ട് പോയി.
ലോക ഫുട്ബോളിൻ്റെ അടുത്ത നാല് വർഷത്തെ നേരവകാശികൾ അർജൻ്റീന തന്നെ. മെസ്സിയെന്ന കാൽപ്പന്തിൻ്റെ മാന്ത്രികൻ അർജൻ്റീനയെ തോളിലേറ്റിയപ്പോൾ അന്തിമ നിമിഷത്തിൽ ജേതാപട്ടം അവരെത്തേടിയെത്തി. ഇത്ര ത്രസിപ്പിച്ച ഒരു കലാശക്കളി ഫിഫയുടെ ചരിത്രത്തിലാദ്യം.
മൽസരത്തിൻ്റെ ആദ്യ പകുതി അർജൻ്റീന സ്വന്തമാക്കിയപ്പോൾ രണ്ടാം പകുതി എംബാപ്പെ തൻ്റെതാക്കി. അതോടെ 90 മിനുട്ട് മൽസരം സമനിലയിൽ. അധിക സമയത്തേക്ക് നീണ്ട കളിയിൽ അർജൻ്റീന വീണ്ടും മുന്നിലെത്തി. മിനുട്ടുകളുടെ വ്യത്യാസത്തിൽ ഫ്രാൻസ് ഗോൾ തിരിച്ചടിച്ചു. സ്കോർ ബോർഡിൽ 3-3. അവസാന വിസിൽ മുഴങ്ങിയതോടെ വിജയികളെ തീരുമാനിക്കാൻ പെനാൽട്ടി ഷൂട്ടൗട്ട്. ആദ്യം കിക്കെടുത്ത എംബാപ്പെക്ക് പിഴച്ചില്ല. പക്ഷെ പിന്നീട് ഫ്രഞ്ച് നിരയിലെ രണ്ടുപേർ പെനാൽട്ടി കളഞ്ഞുകുളിച്ചതോടെ മെസ്സിയും കൂട്ടരും ഫിഫ സ്വർണ്ണക്കപ്പിൽ മുത്തമിട്ടു.
മെസ്സി കേമൻ്റെ കളി കളിച്ച് രണ്ട് ഗോളും നേടി സ്വർണ്ണപന്ത് സ്വന്തമാക്കി. എംബാപ്പെ ഹാട്രിക്ക് നേടി സുവർണ്ണ പാതുകം തൻ്റെ പേരിൽ കുറിച്ചു. തൻ്റെ രാജ്യത്തിന് ലോക ഫുട്ബോൾ കിരീടം ചൂടിക്കൊടുത്ത് മെസ്സി തൻ്റെ വിടവാങ്ങൽ രാജകീയമാക്കി. സുവർണ്ണ ക്ലൗസ് അർജൻ്റീനിയൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് നെഞ്ചോട് ചേർത്തു. ടൂർണമെൻ്റിലെ മികച്ച യുവതാരമായി അർജൻ്റീനയുടെ എൻസോ ഫെർണാണ്ടസ് തെരഞ്ഞെടുക്കപ്പെട്ടു.
ഉദ്വേഗം മുറ്റിനിന്ന ഖത്തർ ലോക കപ്പ് അതിഗംഭീരമായി പര്യവസാനിച്ചു. സംഘാടന മികവിൽ കഴിഞ്ഞ 21 വേൾഡ് കപ്പുകളെയും പിന്നിലാക്കി ഇരുപത്തിരണ്ടാമത് നടന്ന ഫിഫ വേൾഡ് ഫുട്ബോൾ ടൂർണമെൻ്റ്. പഴുതുകളില്ലാത്ത ലോക കപ്പ് നടത്തിയതിൽ ഖത്തറിന് എക്കാലവും അഭിമാനിക്കാം. കുറ്റങ്ങളും കുറവുകളും കണ്ടെത്താൻ സൂക്ഷ്മദർശിനി ഉപയോഗിച്ച് ദോഷൈകദൃക്കുകൾ നടത്തിയ എല്ലാ ശ്രമങ്ങളും വൃഥാവിലായി. മെസ്സിക്കൊപ്പം ലോകത്തിന് മുന്നിൽ കിരീടം ചൂടി നിൽക്കുന്ന ഒരാൾകൂടിയുണ്ട്. ഖത്തർ അമീർ ശൈഖ് തമീംബിൻ ഹമദ് അൽതാനി.
കളിയിലെ കേമൻ മെസ്സിക്കും ലോക ഫുട്ബോൾ ജേതാക്കളായ അർജൻ്റീനയ്ക്കും അഭിനന്ദനങ്ങൾ. അവർക്ക് ജയിക്കാൻ കലാശക്കൊട്ടിൽ തോൽവി സമ്മതിച്ച ഫ്രാൻസിനും കളിയിൽ സുവർണ്ണ ബൂട്ടണിഞ്ഞ ഇരുപത്തിമൂന്നുകാരൻ എംബാപ്പെക്കും ഭാവുകങ്ങൾ. ഒപ്പം കുറ്റമറ്റ ഫുട്ബോൾ മാമാങ്കത്തിന് വേദിയൊരുക്കി ലോകത്തിൻ്റെ കയ്യടി വാങ്ങിയ ഖത്തറിനും അഭിവാദ്യങ്ങൾ. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായ മിഡിൽ ഈസ്റ്റിലെ ഒരു രാജ്യത്ത് ലോക ഫുട്ബോൾ മേള നടത്താൻ ഫിഫ പ്രസിഡണ്ട് റിയാനി ഇൻഫാൻ്റിനൊ കാണിച്ച അസാമാന്യ ധൈര്യത്തിന് ബിഗ് സെല്യൂട്ട്.
https://www.facebook.com/Malayalivartha