ഇനി ഇന്ത്യയൊട്ടാകെ ഫുട്ബോള്‍ ലഹരിയില്‍; ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മൂന്നാം എഡിഷന് നാളെ കിക്ക് ഓഫ്
രാജ്യത്തെ ഫുട്ബാള്‍ ആരാധകരുടെ സിരകളില്‍ ആവേശം പടര്‍ത്താന്‍ ഗുവാഹതി ഒരുങ്ങി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മൂന്നാം സീസണിലെ ഉദ്ഘാടനത്തിന് വടക്കുകിഴക്കന്‍ ഇന്ത്യയുടെ ഹൃദയമായ ഗുവാഹതി ശനിയാഴ്ച സാക്ഷിയാകും.
തെക്കേയറ്റത്തെ കേരള ബ്ളാസ്റ്റേഴ്സാണ് എട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ അഭിമാനമായ നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സിയെ കന്നിപ്പോരാട്ടത്തില്‍ നേരിടുന്നത്. ഫെബ്രുവരിയില്‍ ദക്ഷിണേഷ്യന്‍ ഗെയിംസിന്റെ പ്രധാനവേദിയായിരുന്ന സരുസജായ് സ്പോര്‍ട്സ് കോംപ്ളക്സിലെ ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിലാണ് ഗുവാഹതിയിലെ മത്സരങ്ങള്‍ അരങ്ങേറുന്നത്.
കഴിഞ്ഞ സീസണിലെ മോശം പ്രകടനങ്ങളുടെ കറമായ്ക്കാനാണ് ഇരുടീമുകളും തയാറെടുക്കുന്നത്. ഇന്ത്യന്‍ ഫുട്ബാളിന്റെ പുതിയ നഴ്സറിയായ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഐ.എസ്.എല്‍ ഉദ്ഘാടനം കൂടുതല്‍ ആവേശം വിതക്കാനാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍..
കേരള ബ്ളാസ്റ്റേഴ്സ് സഹ ഉടമയായ സചിന് ടെണ്ടുല്കര് ഉദ്ഘാടനവേദിയെ ധന്യമാക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്മാന് മുകഷ് അംബാനിയുടെ ഭാര്യയും റിലയന്‍സ് ഫൗണ്ടേഷന്റെയും ഫുട്ബാള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് ചെയര്‍മാനുമായ നിത അംബാനിയും ഉദ്ഘാടന ചടങ്ങിനെത്തും.
ഉദ്ഘാടന ചടങ്ങുകള്‍ക്ക് ആതിഥേയരാകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് സഹഉടമയും ബോളിവുഡ് താരവുമായ ജോണ്‍ അബ്രഹാം പറഞ്ഞു. പരിശീലകനെന്ന നിലയില്‍ പുതിയ ദൗത്യവുമായത്തെിയ സ്റ്റീവ് കോപ്പലിന് ബ്ളാസ്റ്റേഴ്സിനെക്കുറിച്ച് പ്രതീക്ഷയേറെയാണ്. എതിരാളികളെ മടയില്‍ ചെന്ന് തോല്പിക്കുമെന്ന് അദ്ദേഹം പറയുന്നു. നെലോ വിംഗാദ എന്ന പുതിയ കോച്ചിന്റെ കീഴില്‍ കളിക്കുന്ന നോര്‍ത് ഈസ്റ്റ് നിരയില്‍ കോഴിക്കോട്ടുകാരന് ഗോളി ടി.പി. രഹ്നേഷുമുണ്ട്.
ഒക്ടോബര്‍ അഞ്ചിന് അത്ലെറ്റിക്കോ ഡി കൊല്‍ക്കത്തയുമായാണ് കേരള ബ്ളാസ്റ്റേഴ്സിന്റെ കൊച്ചിയിലെ ആദ്യ മത്സരം. സിംഗ്ള്‍ മാച്ച് ടിക്കറ്റുകള്‍ സ്റ്റേഡിയത്തിലെ ബോക്സ് ഓഫിസില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട ഫെഡറല്‍ ബാങ്ക് ശാഖകളില്‍നിന്നും വാങ്ങാം.
https://www.facebook.com/Malayalivartha