ഹംഗേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ ഇന്നുമുതല്‍ വന്‍കരകളുടെ പോരാട്ടം....200 രാജ്യങ്ങളില്‍നിന്നായി 2000 അത്ലീറ്റുകള്‍ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനായി ബുഡാപെസ്റ്റില്‍ അണിനിരക്കുന്നു

ഹംഗേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ ഇന്നുമുതല്‍ വന്‍കരകളുടെ പോരാട്ടം. ലോകത്തെ ഏറ്റവും മികച്ച അത്ലീറ്റുകള്‍ തമ്മിലാണ് മാറ്റുരയ്ക്കുന്നത്. 200 രാജ്യങ്ങളില്‍നിന്നായി 2000 അത്ലീറ്റുകള്‍ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനായി ബുഡാപെസ്റ്റില്‍ അണിനിരക്കുന്നു.
19-ാംപതിപ്പാണിത്. ആദ്യദിനം നാല് ഫൈനലുകള്‍ അരങ്ങേറും.കഴിഞ്ഞവര്‍ഷം അമേരിക്കയിലെ ഒറിഗോണിലായിരുന്നു ലോക മീറ്റ്. 13 സ്വര്‍ണവുമായി അമേരിക്കയായിരുന്നു ഒന്നാമത്. എത്യോപ്യക്ക് നാല് സ്വര്‍ണം കിട്ടി.
ജമൈക്കയ്ക്ക് രണ്ട് സ്വര്‍ണത്തില്‍ തൃപ്തിപ്പെടേണ്ടിവന്നു. പുരുഷന്മാരുടെ 20 കിലോമീറ്റര്‍ നടത്തത്തോടെയാണ് ബുഡാപെസ്റ്റില്‍ ട്രാക്കുണരുക. നിലവിലെ ചാമ്പ്യന്‍ തൊഷികാസു യമാനിഷി ഉള്‍പ്പെടെ മത്സരിക്കാനുണ്ട്. പുരുഷ ഷോട്ട്പുട്ട്, വനിതാ 10000 മീറ്റര്‍, 4-400 മീറ്റര്‍ മിക്‌സ്ഡ് റിലേ എന്നിവയും ഇന്ന് നടക്കും. മീറ്റിന്റെ ഏറ്റവും ആവേശകരമായ 100 മീറ്റര്‍ ഓട്ടത്തിന്റെ ഹീറ്റ്സ് ഇന്നാണ്, ഫൈനല്‍ നാളെ.
വനിതാ ഫൈനല്‍ തിങ്കളാഴ്ച നടക്കും. അമേരിക്കയ്ക്കാണ് ഇക്കുറിയും മികച്ച സംഘം. സ്പ്രിന്റില്‍ ഫ്രെഡ് കെര്‍ലി, നോഹ ലെയ്ല്‍സ്, ക്രിസ്റ്റിയന്‍ കോള്‍മാന്‍ എന്നിവര്‍ ഇറങ്ങുന്നു. ലെയ്ല്‍സ് മൂന്ന് സ്വര്‍ണമാണ് ലക്ഷ്യമിടുന്നത്.
200ല്‍ ജമൈക്കന്‍ ഇതിഹാസം യുസൈന്‍ ബോള്‍ട്ടിന്റെ റെക്കോഡ് തകര്‍ക്കുമെന്നാണ് ലെയ്ല്‍സിന്റെ വിശ്വാസം. പുരുഷ പോള്‍വോള്‍ട്ടില്‍ സാം കെന്‍ഡ്രിക്‌സും ഷോട്ട്പുട്ടില്‍ റ്യാന്‍ ക്രൗസറും അമേരിക്കയുടെ പ്രതീക്ഷയാണ്.
"
https://www.facebook.com/Malayalivartha